Friday, October 19, 2012

അവിശ്വാസപ്രമേയം വന്നാല്‍ പിന്തുണയ്ക്കും: കാരാട്ട്


ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ശക്തമായി എതിര്‍ക്കുമെന്നും അതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം വന്നാല്‍ പിന്തുണയ്ക്കുമെന്നും സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം കൊല്‍ക്കത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞയുടനെയാണ് ചില്ലറ വില്‍പ്പന രംഗം വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുത്തത്. വിദേശനിക്ഷേപം പുതിയ തൊഴിലവസരങ്ങളുണ്ടാക്കുമെന്നാണ്് പറയുന്നത്. 5,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചാല്‍ 50,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയാകും ഉണ്ടാകുക. വിദേശ കുത്തകകളെ മാത്രമല്ല ദേശീയ കുത്തകകളെത്തന്നെ ചില്ലറ വില്‍പ്പനരംഗത്ത് നിയന്ത്രിക്കണമെന്നാണ്് സിപിഐ എമ്മിന്റെ നിലപാട്. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ സാമ്പത്തിക പരിഷ്കാരങ്ങള്‍ രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ മാത്രമല്ല സാമൂഹ്യരംഗത്തും വന്‍ വിപത്തുണ്ടാക്കും. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പ്രധാനതീരുമാനങ്ങള്‍ എടുക്കുന്നതില്‍ പാര്‍ലമെന്റിനെ മറികടക്കുന്ന നിലപാട് ജനാധിപത്യ സംവിധാനത്തിന് അപകടകരമാണ്്. ജനങ്ങളെ വന്‍ തോതില്‍ ബാധിക്കുന്ന പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ എന്തു കൊണ്ടാണ് സര്‍ക്കാര്‍ ഭയപ്പെടുന്നതെന്നും കാരാട്ട് ചോദിച്ചു. ശക്തമായ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളിലൂടെയും ദേശീയ വിമോചന പോരാട്ടത്തിലൂടെയുമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നത്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുന്നില്‍ നിന്ന് പോരാടുന്നതുകൊണ്ട് എന്നും പാര്‍ടിക്കു നേരെയുള്ള ആക്രമണങ്ങളും ശക്തമായിരുന്നു. അടിച്ചമര്‍ത്തലിനെ ശക്തമായി നേരിട്ട്് ബംഗാളില്‍ സിപിഐ എം മുന്നേറുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ടി കൊല്‍ക്കത്ത ജില്ലാ സെക്രട്ടറി രഘുനാഥകുഷിയാരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു, മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ എന്നിവര്‍ പങ്കെടുത്തു.
(ഗോപി)

deshabhimani 191012

1 comment:

  1. ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ശക്തമായി എതിര്‍ക്കുമെന്നും അതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം വന്നാല്‍ പിന്തുണയ്ക്കുമെന്നും സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം കൊല്‍ക്കത്ത ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete