Wednesday, October 24, 2012
കിംവദന്തിക്കാരെ നിരാശരാക്കി വീണ്ടും ഫിദല്‍
കിംവദന്തി സ്രഷ്ടാക്കളെയും മരണപ്രവാചകരെയും നിരാശരാക്കി ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്ട്രോ വീണ്ടും ജനമധ്യത്തില്‍. കിംവദന്തികള്‍ ചൂടന്‍ വാര്‍ത്തയാക്കുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ചുട്ട മറുപടിയും ഫിദല്‍ നല്‍കി. ഫിദലിന്റെ മറുപടി ക്യൂബന്‍ സര്‍ക്കാര്‍ വെബ്സൈറ്റായ ക്യൂബാഡിബേറ്റാണ് പുറത്തുവിട്ടത്. ഫോട്ടോഗ്രാഫറായ മകന്‍ അലക്സ് കാസ്ട്രോ എടുത്ത ഫിദലിന്റ പുതിയ ചിത്രങ്ങളും ഇതിനൊപ്പമുണ്ട്. "മരണക്കിടക്കയില്‍" ആയ കാസ്ട്രോ മരിച്ചെന്നുവരെ ഒരാഴ്ചയ്ക്കിടെ ട്വിറ്ററടക്കം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന് പക്ഷാഘാതം ബാധിച്ചതായും മരണാസന്നനാണെന്നുമൊക്കെ പലതരത്തിലാണ് ഭാവനാവിലാസങ്ങള്‍. ഇവയോട് പ്രതികരിച്ചുള്ള കുറിപ്പില്‍ തനിക്ക് തലവേദനപോലുമില്ലെന്ന് ഫിദല്‍ വ്യക്തമാക്കി. തലവേദന എങ്ങനെയിരിക്കും എന്നുപോലും താന്‍ മറന്നു. കിംവദന്തിക്കാര്‍ എത്ര നെറികെട്ടവരാണെന്ന് കാണിക്കാനാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സഹായത്തോടെ പ്രതിവിപ്ലവകാരികള്‍ 1961ല്‍ നടത്തിയ ബേ ഓഫ് പിഗ്സ് ആക്രമണം ക്യൂബ പരാജയപ്പെടുത്തിയതുമുതല്‍ താന്‍ ഇത്തരം ദുഷ്പ്രചാരണം നേരിടുന്നതാണെന്ന് ഫിദല്‍ വ്യക്തമാക്കി. കിംവദന്തികള്‍ പ്രചരിപ്പിക്കുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ സമ്പന്നരുടെ കീശയിലാണ്. ഫിദലിന് ഇനി ആഴ്ചകള്‍ മാത്രമേ ആയുസ്സുള്ളൂ എന്ന് ഒരു വെനസ്വേലന്‍ ഡോക്ടറെ ഉദ്ധരിച്ച് പ്രവചിച്ച സ്പാനിഷ് പത്രം എബിസിയുടെ കാര്യം അദ്ദേഹം കുറിപ്പില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ആറുവര്‍ഷംമുമ്പ് ശസ്ത്രക്രിയക്ക് വിധേയനായ ഫിദല്‍ അതിനുശേഷം പൊതുവേദിയില്‍ അധികം എത്താറില്ല. കമ്യൂണിസ്റ്റ് പാര്‍ടി പത്രമായ ഗ്രാന്മയടക്കം ക്യൂബന്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്ന ഫിദലിന്റെ കുറിപ്പുകള്‍ നാലുമാസമായി കാണാത്തതും കിംവദന്തിക്കാരുടെ ഭാവനയെ ഉത്തേജിപ്പിച്ചു. എന്നാല്‍, ക്യൂബന്‍ പത്രങ്ങളുടെ പേജുകള്‍ രാജ്യത്തിനാവശ്യമായ മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ടതിനാല്‍ അവ കൈയടക്കുന്നത് തന്റെ ജോലിയല്ല എന്ന് ഫിദല്‍ പറഞ്ഞു. അതിനാല്‍ താന്‍തന്നെയാണ് അവയിലെ എഴുത്ത് നിര്‍ത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
എണ്‍പത്താറുകാരനായ ഫിദലിന് വാര്‍ധക്യസഹജമായ ക്ഷീണത്തിനപ്പുറം ഒന്നുമില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ചിത്രങ്ങള്‍. ചെക് ഷര്‍ട്ടും കൗബോയ് തൊപ്പിയും ധരിച്ച കാസ്ട്രോ വെള്ളിയാഴ്ചത്തെ ഗ്രാന്മ വായിക്കുന്നതാണ് ചിത്രങ്ങളില്‍ ഒന്ന്. തന്നെ സന്ദര്‍ശിച്ച വെനസ്വേലന്‍ മുന്‍ വൈസ് പ്രസിഡന്റ് എലിയാസ് ജവുവയുമായി വ്യാഴാഴ്ച അഞ്ചുമണിക്കൂര്‍ ഫിദല്‍ ചര്‍ച്ച നടത്തിയിരുന്നു. കൃഷി, ചരിത്രം, സാര്‍വദേശീയ വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചചെയ്തതായി ജവുവ വെളിപ്പെടുത്തി. ജവുവ തങ്ങിയ ഹോട്ടലിലേക്ക് അദ്ദേഹത്തെ അനുഗമിച്ച ഫിദല്‍ ജവുവയ്ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കുമൊപ്പം നിന്നെടുത്ത ചിത്രങ്ങള്‍ ജവുവ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. കഴിഞ്ഞ മാര്‍ച്ച് 28ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഫിദലിനെ സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ചിത്രം ഒടുവില്‍ ലോകമാധ്യമങ്ങളില്‍ നിറഞ്ഞത്. പിന്നീട് ഒരാഴ്ച കഴിഞ്ഞ് ചിലിയന്‍ വിദ്യാര്‍ഥി നേതാവ് കാമിലാ വലേയോ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
deshabhimani
Labels:
ക്യൂബ,
നുണപ്രചരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment