Sunday, October 21, 2012

ശബരിമല അവലോകനം യോഗം കഴിയും മുമ്പ് മന്ത്രിമാര്‍ സ്ഥലം വിട്ടു


ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായുള്ള റോഡ് പ്രവൃത്തികളില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രിയുടെ കല്ലുകടിയില്‍ തുടങ്ങിയ ശനിയാഴ്ചത്തെ അവലോകനയോഗം പ്രഹസനമായി. ശബരിമലയിലേക്കെത്തുന്ന ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിമാരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും അഭിപ്രായപ്രകടനം.

നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ട് സംബന്ധിച്ച് നിലയ്ക്കലില്‍ പാര്‍ക്കിങ് ഏരിയ വികസിപ്പിച്ചിട്ടുണ്ടെന്നും മഴ മാത്രമാണ് പ്രശ്നമെന്നുമുള്ള മട്ടിലുമായിരുന്നു ശബരിമല ഉന്നതാധികാരസമിതി തലവന്‍ ജയകുമാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇവിടെ ആധുനിക പാര്‍ക്കിങ് ഗ്രൗണ്ടിനുള്ള നിര്‍മാണവ്രപര്‍ത്തനങ്ങള്‍ തൊട്ടിട്ടേയുള്ളു. ഇത്തവണയെന്നല്ല അടുത്ത തവണയെങ്കിലും ഇത് പൂര്‍ത്തിയാവുമോ എന്ന സംശയം ഇവിടെയെത്തുന്ന ആര്‍ക്കുമുണ്ടാകും. എന്നാല്‍ മഴപെയ്താല്‍ വണ്ടി പാര്‍ക്കിങിന് ബുദ്ധിമുട്ടുണ്ടാകുമെന്നു മാത്രമാണ് ജയകുമാര്‍ പറഞ്ഞത്. മുഖ്യമന്ത്രിയാകട്ടെ അടുത്ത തവണ പൂര്‍ണമായും നടപ്പില്‍ വരുത്തണമെന്ന് ഒഴുക്കന്‍മട്ടല്‍ പറഞ്ഞതല്ലാതെ പ്രശ്നമെന്തെന്ന് അന്വേഷിക്കാന്‍ പോലും മെനക്കെട്ടില്ല.

യോഗത്തില്‍ രൂക്ഷമായ വിമര്‍ശമാണ് പൊതുമരാമത്ത് വകുപ്പിനെതിരെ ഉയര്‍ന്നത്. റോഡുകളുടെ അറ്റകുറ്റപ്പണി നവംബര്‍ അഞ്ചിനകം പൂര്‍ത്തീകരിക്കുമെന്നാണ് ഇതിന് മറുപടിയായി വകുപ്പിന്റെ പ്രതിനിധിയായി സംസാരിച്ച ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടത്. ഹൈക്കോടതി അംഗീകരിച്ച 17 റോഡുകളുടെ അറ്റകുറ്റപ്പണിയാണ് പ്രധാനമെന്നുംഅദ്ദേഹം പറഞ്ഞു. എന്നാല്‍ റോഡുകളുടെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയാല്‍ പോലും ഇത് സാധ്യമാണോ എന്ന് സംശയമുള്ള കാര്യമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ഇത് അപ്രായോഗികമാവും. അനുബന്ധ റോഡുവികസനം സംബന്ധിച്ച രാജുഏബ്രഹാം എംഎല്‍എ ഉയര്‍ത്തിയ ചോദ്യത്തിന് തുക വകയിരുത്തിയിട്ടുണ്ടെന്നാണ് മന്ത്രി കെ എം മാണി പറഞ്ഞത്.

ഉദ്യോഗസ്ഥര്‍ പറഞ്ഞതെല്ലാം അതേപടി വിഴുങ്ങുകയാണ് മന്ത്രിമാര്‍ ചെയ്തത്. ആശുപത്രികളിലെ അടിസ്ഥാനസൗകര്യവിസനക്കുറവ്, ഡോക്ടര്‍മാരുടെ കുറവ്, യാത്രാസര്‍വീസുകള്‍ തുടങ്ങി എംഎല്‍എമാര്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ പലതിനും അതത് വകുപ്പുകളും മന്ത്രിമാരും കൃത്യമായ മറുപടി നല്‍കിയില്ല. മറുപടികളില്‍ പലതും സംശയമുണര്‍ത്തുന്നതുമായിരുന്നു. ഫയര്‍ഫോഴസിന് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് രാജു ഏബ്രഹാമും വകുപ്പ് ഉദ്യോഗസ്ഥനും ഉയര്‍ത്തിയ ചോദ്യത്തിന് ആഭ്യന്തരമന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല. പമ്പയില്‍ പോലീസ് മെസ് കെട്ടിടം സ്ഥാപിക്കുന്നതിന് 3.7 കോടി രൂപ അനുവദിച്ചതടക്കമുളള കാര്യങ്ങള്‍ പറഞ്ഞതുപോയതല്ലാതെ അയ്യപ്പന്മാരുടെ യഥാര്‍ഥ പ്രശ്നങ്ങളിലേക്ക് മന്ത്രിമാരോ ഉദ്യോഗസ്ഥരോ കടന്നില്ല. മുഴുവന്‍ വകുപ്പുകളുടെയും അവലോകനം കഴിയുന്നതിന് മുമ്പ് മന്ത്രിമാരും മുഖ്യമന്ത്രിയും സ്ഥലം വിടുകയുംചെയ്തു.

ശബരിമല കുരുക്കില്‍ "മുഖ്യമന്ത്രിയും കുരുങ്ങി"

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്താതിരുന്നതിന്റെ പ്രയാസം മുഖ്യമന്ത്രിയും അനുഭവിച്ചു. പമ്പയില്‍ തീര്‍ഥാടന അവലോകനയോഗത്തിന് പുറപ്പെട്ട മുഖ്യമന്ത്രി ഒരു മണിക്കൂറോളമാണ് ഗതാഗതകുരുക്കില്‍പ്പെട്ടത്. പമ്പയിലേക്കുള്ള റോഡില്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ റോഡിന്റെ ഇരുവശവും പാര്‍ക്ക് ചെയ്തത് മൂലം രൂക്ഷമായ ഗതാഗതകുരുക്കാണ് ശനിയാഴ്ച രാവിലെ അനുഭവപ്പെട്ടത്. പമ്പയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് വണ്ടികള്‍ ജാമായത്. മുഖ്യമന്ത്രി മാത്രമല്ല അവലോകനയോഗത്തിനെത്തിയ മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും കുരുക്കിന്റെ ചൂടറിഞ്ഞു. നൂറുകണക്കിന് വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടിയിട്ടും നാമമാത്ര പൊലീസുകാരാണ് നിയന്ത്രിക്കാനായി ഉണ്ടായിരുന്നത്. അവലോകനയോഗവും തീര്‍ഥാടകരുടെ വരവും കണക്കിലെടുത്തിട്ടും യാതൊരു മുന്നൊരുക്കവും ട്രാഫിക് നിയന്ത്രണത്തിന് ഏര്‍പെടുത്തിയിരുന്നില്ല. തീര്‍ഥാടകകാലത്ത് നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യുന്ന വണ്ടികള്‍ പക്ഷേ, ഈ സമയത്ത് പമ്പയുടെ അടുത്ത് വരെ റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. പാര്‍ക്കിങ്ങ് സംബന്ധിച്ച് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ ചിന്തിക്കാന്‍ പറ്റാത്ത തരത്തിലുള്ള പ്രയാസമായിരിക്കും ഉണ്ടാകുകയെന്ന് അവലോകന യോഗത്തില്‍ സംസാരിച്ച രാജു ഏബ്രഹാം എംഎല്‍എ അഭിപ്രായപ്പെടുകയും ചെയ്തു.

deshabhimani 211012

1 comment:


  1. ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായുള്ള റോഡ് പ്രവൃത്തികളില്‍ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രിയുടെ കല്ലുകടിയില്‍ തുടങ്ങിയ ശനിയാഴ്ചത്തെ അവലോകനയോഗം പ്രഹസനമായി. ശബരിമലയിലേക്കെത്തുന്ന ഭക്തര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിമാരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും അഭിപ്രായപ്രകടനം.

    ReplyDelete