പിറന്നനാടിന്റെ മോചനത്തിന് ജീവന്‍ ബലിനല്‍കിയ വയലാറിലെ ധീര ദേശാഭിമാനികള്‍ക്ക് നാടിന്റെ പ്രണാമം. ഒരൊറ്റ ലക്ഷ്യവും ഒരേ മന്ത്രവുമായെത്തിയ ആയിരങ്ങള്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന ബലിത്തറയോട് ഹൃദയങ്ങള്‍ ചേര്‍ത്തു. ചെങ്കൊടിയും പൂക്കളുമായി ചെറുസംഘങ്ങളും വന്‍ പ്രകടനങ്ങളുമായി രാവിലെ മുതല്‍ ഒഴുകിയെത്തിയ പിന്‍തലമുറക്കാര്‍ രക്തസാക്ഷിമണ്ഡപത്തിന് വലംവച്ച് പോരാട്ട പ്രതിജ്ഞ പുതുക്കി മടങ്ങി. പുഷ്പാര്‍ച്ചനയിലും അനുസ്മരണ സമ്മേളനത്തിലും രക്തസാക്ഷി കുടുംബാംഗങ്ങളും സമരസേനാനികളും യുവതലമുറയും ആവേശത്തോടെ അണിനിരന്നു.
സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 66-ാമതു പുന്നപ്ര-വയലാര്‍ വാര്‍ഷികവാരാചരണത്തിന് ശനിയാഴ്ച കൊടിയിറങ്ങി. വയലാര്‍ രക്തസാക്ഷിമണ്ഡപത്തില്‍ സ്ഥാപിക്കാനുള്ള ദീപശിഖ ആലപ്പുഴ വലിയചുടുകാട്, മേനാശേരി രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍നിന്ന് അത്ലീറ്റുകളുടെ അകമ്പടിയോടെ റിലേയായി എത്തിച്ചു. രാവിലെ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുന്നപ്ര-വയലാര്‍ സമരനായകന്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ദീപശിഖ കൊളുത്തി നല്‍കി. മേനാശേരിയില്‍ സമരസേനാനി കെ വി തങ്കപ്പന്‍ ദീപശിഖ കൊളുത്തി. ഇരുറിലേകളും പകല്‍ പതിനൊന്നരയോടെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി. വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി തിലോത്തമന്‍ ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയില്‍ ഇരു കമ്യൂണിസ്റ്റ് പാര്‍ടികളുടെയും നേതാക്കള്‍, പുന്നപ്ര-വയലാര്‍ സമരസേനാനികള്‍, രക്തസാക്ഷി കുടുംബാംഗങ്ങള്‍ തുടങ്ങി പതിനായിരങ്ങള്‍ രക്തസാക്ഷി സ്മരണ പുതുക്കി.
വിപ്ലവകവി വയലാര്‍ രാമവര്‍മ്മ അനുസ്മരണ സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വൈകിട്ട് വയലാറില്‍ ചേര്‍ന്ന രക്തസാക്ഷി അനുസ്മരണസമ്മേളനം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി ദിവാകരന്‍, കാനം രാജേന്ദ്രന്‍, പി കെ ചന്ദ്രാനന്ദന്‍, കെ ഇ ഇസ്മയില്‍, സി ബി ചന്ദ്രബാബു, ജി സുധാകരന്‍, എ ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു. പി തിലോത്തമന്‍ അധ്യക്ഷനായി. എ എസ് സാബു സ്വാഗതം പറഞ്ഞു.
(ഡി ദിലീപ്)
വര്‍ഗീയതയെ നേരിടാന്‍ മതനിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം: പിണറായി
വയലാര്‍: വര്‍ഗീയതയെ നേരിടാന്‍ എല്ലാ മതനിരപേക്ഷ കക്ഷികളും ഒന്നിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. 66-ാമത് പുന്നപ്ര- വയലാര്‍ വാര്‍ഷിക വാരാചരണത്തിന് സമാപനംകുറിച്ച് വയലാറില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഭരണത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് തഴച്ചുവളരുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ഇവര്‍ക്ക് ഏതുതരം ആക്രമണവും നടത്താന്‍ കഴിയുന്ന സാഹചര്യമാണ്. തീവ്രവാദ ബന്ധമുള്ള കേസുകളുടെ അന്വേഷണം ലീഗിന്റെ സമ്മര്‍ദംമൂലം തടയപ്പെടുന്നു. തീവ്രവാദ ബന്ധമുള്ള കേസുകളുടെ അന്വേഷണത്തെ ലീഗ് ഭയപ്പെടുകയാണ്. മുന്‍കാലത്ത് പ്രവര്‍ത്തിച്ച രീതിയിലല്ല ലീഗ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് വര്‍ഗീയ പ്രചാരണംനടത്തുകയാണ്. കേരളത്തിലെ വലതുപക്ഷത്തിന് സാമ്രാജ്യത്വത്തിന്റെ സഹായം ലഭിക്കുന്നുണ്ട്. ഇടതുപക്ഷത്തെ തകര്‍ക്കുകയാണ് ലക്ഷ്യം. ഇതിനായി പലതരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അരാഷ്ട്രീയവാദം, ജാതിമത സംഘടനകളെ വളര്‍ത്തല്‍, ജാതിമത സംഘടനകളെ യോജിപ്പിക്കല്‍, സാമുദായിക സംതുലിതാവസ്ഥയെ തകര്‍ക്കല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ ഇടതുപക്ഷത്തെ തകര്‍ക്കാനായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ആര്‍എസ്എസ് നടത്തിയ വര്‍ഗീയ ആക്രമണങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിച്ചിരുന്നില്ല. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന സര്‍ക്കാരിന്റെ നടപടിയില്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കാനാകില്ലെന്നും പിണറായി പറഞ്ഞു.
ഭരണക്കാര്‍ ഗാന്ധിയുടെ ഭാഷ മനസിലാക്കാത്തവര്‍: വി എസ്
വയലാര്‍: ഗാന്ധിജിയുടെ ഭാഷ മനസിലാക്കാത്തവരാണ് ഇന്നത്തെ കേന്ദ്ര-സംസ്ഥാന ഭരണാധികാരികളെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ജനവിരുദ്ധനയങ്ങളില്‍ നിന്ന് ഇവരെ തിരുത്താന്‍ വയലാറിന്റെയും ഭഗത്സിങ്ങിന്റെയും മാര്‍ഗം സ്വീകരിക്കേണ്ടി വരും. പുന്നപ്ര-വയലാര്‍ 66-ാം വാര്‍ഷിക വാരാചരണത്തിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.
ജനങ്ങളെ പാപ്പരാക്കുന്ന നയങ്ങള്‍ക്കെതിരെ ഐഎന്‍ടിയുസിയും ബിഎംഎസും അടക്കമുള്ള ട്രേഡ് യൂണിയനുകള്‍ ഒറ്റക്കെട്ടായി പണിമുടക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു കണ്ടില്ലെന്ന് നടിച്ച് ഉദാരവല്‍ക്കരണ നയങ്ങള്‍ പൂര്‍വാധികം ശക്തിയായി പിന്തുടരുകയാണ് കേന്ദ്രസര്‍ക്കര്‍. വീണ്ടും മുന്നറിയിപ്പ് നല്‍കാന്‍ തൊഴിലാളിവര്‍ഗം പ്രഖ്യാപിച്ച ദ്വിദിന പണിമുടക്ക് വന്‍വിജയമാക്കാന്‍ ജനം രംഗത്തിറങ്ങണം. ഉദാരവല്‍ക്കരണത്തില്‍ രാജ്യത്തെ അഴിമതിയും വര്‍ധിച്ചു. എട്ടുവര്‍ഷം കൊണ്ട് സോണിഗാന്ധി ലോകത്തെ വനിതകളില്‍ നാലാമത്തെ വനിതയായി മാറി. സോണിയയുടെ മരുമകന്‍ വധേര നിമിഷനേരം കൊണ്ടാണ് 500 കോടി രൂപയുടെ ആസ്ഥിയുണ്ടാക്കിയത്. ഇവര്‍ക്ക് ദാസ്യവേല ചെയ്യുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. ഉമ്മന്‍ചാണ്ടി മന്‍മോഹന്‍സിങിന്റെ ശിഷ്യനാകാനാണ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാകെ ഇവര്‍ തകര്‍ത്തു. എമര്‍ജിങ് കേരളയിലൂടെ കേരളത്തിന്റെ ഭൂമി വില്‍ക്കുകയാണ് ലക്ഷ്യം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും വി എസ് പറഞ്ഞു. പി തിലോത്തമന്‍ എംഎല്‍എ അധ്യക്ഷനായി.
deshabhimani 281012
No comments:
Post a Comment