Monday, October 29, 2012
കരിപുരണ്ട മുഖം മിനുക്കാനുള്ള പാഴ്ശ്രമം
മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കരിപുരണ്ട മുഖം മിനുക്കാനുള്ള വൃഥാ വ്യായാമമായി കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഒതുങ്ങി. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരു വര്‍ഷംമാത്രം ബാക്കിയുള്ള യുപിഎ മന്ത്രിസഭയ്ക്ക് ഈ പുനഃസംഘടനകൊണ്ട് കാര്യമായ പ്രയോജനമൊന്നുമില്ല. അഴിമതി ആരോപണം നേരിടുന്ന പ്രധാനമന്ത്രി മുതലുള്ളവര്‍ ഒഴിവായിട്ടില്ല. കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിനെ വകുപ്പ് മാറ്റാതെ നിലനിര്‍ത്തി. സല്‍മാന്‍ ഖുര്‍ഷിദിന് നിയമ വകുപ്പില്‍നിന്ന് വിദേശകാര്യ വകുപ്പിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. 2ജി സ്പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ടട്രാ ട്രക്ക് അഴിമതി, കല്‍ക്കരി പാടം കുംഭകോണം തുടങ്ങി മന്ത്രിസഭയുടെ നിറംകെടുത്തിയ അഴിമതികള്‍ നിരവധിയാണ്. ഏറ്റവുമൊടുവില്‍ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര നടത്തിയ അഴിമതികളുടെ വിവരവും പുറത്തുവന്നു. തലയുയര്‍ത്തി നടക്കാന്‍ വയ്യാതായ മന്ത്രിസഭയെയാണ് ചില പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മിനുക്കാന്‍ മന്‍മോഹന്‍സിങ് ശ്രമിച്ചത്.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില അടിക്കടി ഉയര്‍ത്തുകയും അവശ്യവസ്തുക്കളുടെ വില കൂടാന്‍ വഴിയൊരുക്കുകയുംചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ ജനരോഷമാണ് രാജ്യത്ത് വളര്‍ന്നുവന്നിട്ടുള്ളത്. യുപിഎ ഘടകകക്ഷികള്‍ക്കുപോലും അംഗീകരിക്കാന്‍ കഴിയാത്ത നയ പരിപാടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം രാജ്യവ്യാപകമായ രോഷം ക്ഷണിച്ചുവരുത്തി. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടു. ഡിഎംകെ അതൃപ്തിയോടെ യുപിഎയില്‍ തുടരുന്നു. ഈ നിലയില്‍ ജനങ്ങളില്‍നിന്നും സ്വന്തം ഘടകകക്ഷികളില്‍നിന്നുപോലും ഒറ്റപ്പെട്ടുപോയ യുപിഎ സര്‍ക്കാരിന്റെ അവസാനത്തെ അടവാണ് പുനഃസംഘടന. പുനഃസംഘടനകൊണ്ട് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയ പാര്‍ടികളും എതിര്‍ക്കുന്ന നയങ്ങളും പരിപാടികളും പിന്‍വലിക്കാന്‍ തയ്യാറാവുകയാണ് ജനവിശ്വാസം വീണ്ടെടുക്കാനുള്ള പ്രധാന ഉപാധി. എന്നാല്‍, ഈ ദിശയിലുള്ള ഉപദേശമല്ല സോണിയ ഗാന്ധിക്കും മന്‍മോഹന്‍സിങ്ങിനും ലഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയടക്കം ക്ഷണിച്ചിട്ടും ശ്രമിച്ചിട്ടും രാഹുല്‍ഗാന്ധി മന്ത്രിസഭയില്‍ ചേര്‍ന്നില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസിനെ അടിമുടി ശക്തിപ്പെടുത്തുമെന്നാണ് രാഹുല്‍ പറയുന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുല്‍ഗാന്ധി ബിഹാറിലും യുപിയിലും നടത്തിയ യജ്ഞങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ കോണ്‍ഗ്രസ് പുനഃസംഘടന നടക്കുമെന്ന് അറിയുന്നു.
deshabhimani
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment