Sunday, October 28, 2012
ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നഗരവികസന മന്ത്രാലയവും
കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ ആസൂത്രിത നീക്കവുമായി കേന്ദ്ര നഗരവികസന മന്ത്രാലയവും രംഗത്തെത്തി. കൊച്ചി മെട്രോയ്ക്ക് പകരം ഡല്‍ഹി മെട്രോയുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡിഎംആര്‍സിയോട് ആവശ്യപ്പെടുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കാനുള്ള പരിമിതി ചൂണ്ടിക്കാട്ടുന്ന മന്ത്രാലയത്തിന്റെ രേഖ നവംബറില്‍ നടക്കുന്ന കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇ ശ്രീധരനെയും ഡിഎംആര്‍സിയെയും കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് മാറ്റി നിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് നഗരവികസന മന്ത്രാലയത്തിന്റെ പുതിയ നീക്കം.
ഡിഎംആര്‍സിക്ക് ഇപ്പോള്‍തന്നെ ചെയ്തു തീര്‍ക്കാന്‍ ഏറെ ജോലികള്‍ ഉണ്ടെന്നും കൊച്ചി മെട്രോയില്‍ പരിമിതമായ പങ്കാളിത്തം മതിയെന്നുമാണ് നഗരവികസന മന്ത്രാലയം നിര്‍ദ്ദിഷ്ട രേഖയില്‍ പറയുന്നത്. ഡല്‍ഹി മെട്രോയുടെ മൂന്നാംഘട്ട വികസന പരിപാടിയുടെ ഭാഗമായ 140 കിലോമീറ്റര്‍ ഇടനാഴി നിര്‍മാണം 2016ല്‍ തീര്‍ക്കണം, മറ്റ് പദ്ധതി ഏറ്റെടുത്താല്‍ ജോലിക്കാരുടെ ലഭ്യതയില്‍ കുറവുവരും തുടങ്ങിയ കാരണങ്ങള്‍ ഇതിനായി നിരത്തുന്നുണ്ട്. "പരിമിതമായ പങ്കാളിത്തം" എന്ന പേരില്‍ ഡിഎംആര്‍സിയെ തളയ്ക്കാനാണ് നീക്കം. ഇതിലൂടെ ജനരോഷത്തെ മറികടക്കാമെന്നാണ് കണക്കുകൂട്ടല്‍. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ സമീപനമാണ് ഇനി നിര്‍ണായകമാവുക. ഡല്‍ഹിക്ക് പുറത്ത് പദ്ധതി ഏറ്റെടുക്കണമെങ്കില്‍ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ അംഗീകാരം വേണമെന്ന് നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ കഴിഞ്ഞ കെഎംആര്‍എല്‍ ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. ഡല്‍ഹിക്ക് പുറത്ത് മറ്റ് പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ ഇല്ലാതിരുന്ന തടസ്സം കൊച്ചി മെട്രോയുടെ കാര്യത്തില്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ കനത്ത ജനരോഷം മറികടക്കാന്‍ പദ്ധതി ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സി തന്നെ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വ്യക്തമാക്കേണ്ടി വന്നു. ഇതേ ആവശ്യം ഉന്നയിച്ച് നഗരവികസന മന്ത്രി കമല്‍നാഥുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, നഗരവികസന മന്ത്രാലയം തയ്യാറാക്കുന്ന പുതിയ രേഖ കമല്‍നാഥിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്. ഇതോടെ ഉമ്മന്‍ചാണ്ടി- കമല്‍ നാഥ് കൂടിക്കാഴ്ചയില്‍ കൊച്ചി മെട്രോയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകില്ലെന്ന ആശങ്കയും ശക്തമായി. സുധീര്‍ കൃഷ്ണയുടെയും ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഡല്‍ഹി ചീഫ് സെക്രട്ടറിയുമായ പി കെ ത്രിപാഠിയുടെയും അഭിപ്രായത്തിന് വിരുദ്ധമായി കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കാന്‍ തടസ്സങ്ങളില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ നവംബര്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗം നവംബര്‍ 27ലേക്ക് മാറ്റിവച്ചു. ഡിഎംആര്‍സിക്ക് പകരം ബംഗളൂരു മെട്രോ പദ്ധതി ഏറ്റെടുത്ത സ്വകാര്യകമ്പനിയെ കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ മറനീക്കുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു മെട്രോ എംഡി എന്‍ ശിവശൈലം കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കാനുള്ള താല്‍പ്പര്യം മലയാള മനോരമയിലൂടെ പ്രകടിപ്പിച്ചിരുന്നു.
deshabhimani 281012
Labels:
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment