Wednesday, October 24, 2012

ഇന്ത്യന്‍ ഓഷ്യന്‍ റിമ്മില്‍ കടന്നുകൂടാന്‍ യുഎസ് ശ്രമം


ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട രാഷ്ട്രങ്ങളുടെ കൂട്ടുകെട്ടായ "ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ ഓഫ് റീജനല്‍ കോ-ഓപ്പറേഷനി"ലേക്ക് (ഐഒആര്‍-എആര്‍സി) കടന്നുകൂടാന്‍ അമേരിക്ക ശ്രമം ആരംഭിച്ചു. ചൈനയെ പിടിച്ചുകെട്ടുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യ ഓഷ്യന്‍ റിമ്മില്‍ സംഭാഷണ പങ്കാളിയാകാനുള്ള അമേരിക്കന്‍ ശ്രമം. ചൈന വന്‍ നാവികശക്തിയായി മാറുകയും തെക്കന്‍ ചൈനാകടലില്‍ ചില ദ്വീപുകളെച്ചൊല്ലി ചൈന-ജപ്പാന്‍ തര്‍ക്കം രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലം മുതലെടുക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്.

കഴിഞ്ഞാഴ്ച ഡല്‍ഹിയിലെത്തിയ അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വില്യംബേണ്‍സിന്റെ സന്ദര്‍ശനലക്ഷ്യം ഇതായിരുന്നു. ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കരമേനോന്‍, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി എന്നിവരുമായാണ് വില്യം ബേണ്‍സ് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ രണ്ടുവരെ ഹരിയാനയിലെ ഗുഡ്ഗാവില്‍ നടക്കുന്ന ഐഒആര്‍-എആര്‍സി മന്ത്രിതല യോഗത്തിന്റെ അജന്‍ഡയില്‍ അമേരിക്കയെ സംഭാഷണ പങ്കാളിയാക്കുന്ന കാര്യം ചര്‍ച്ചചെയ്യണമെന്നാണ് വില്യം ബേണ്‍സിന്റെ ആവശ്യം. വാഷിങ്ടണില്‍ നടന്ന മൂന്നാമത്തെ തന്ത്രപ്രധാന സംഭാഷണവേളയിലും അമേരിക്ക ഈ ആവശ്യം ശക്തമായി മുന്നോട്ടുവച്ചിരുന്നു. ഈ സംഭാഷണത്തില്‍ പങ്കെടുത്ത വിദേശമന്ത്രി എസ് എം കൃഷ്ണ അമേരിക്കയുടെ ആവശ്യം അംഗീകരിച്ചതായും ചര്‍ച്ചയ്ക്കുശേഷം സംയുക്ത പ്രസ്താവന വ്യക്തമാക്കി. മന്ത്രിതല യോഗത്തില്‍ ഇന്ത്യ ഔദ്യേഗികമായി അമേരിക്കയുടെ ആവശ്യം മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന.

1995ല്‍ മൗറീഷ്യസില്‍ രൂപംകൊണ്ട് 1997 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘടനയാണ് ഐഒആര്‍-എആര്‍സി. നിലവില്‍ ഇതിന്റെ അധ്യക്ഷസ്ഥാനം ഇന്ത്യക്കാണ്. അടുത്ത വര്‍ഷം ഓസ്ട്രേലിയയായിരിക്കും അധ്യക്ഷ പദവിയിലെത്തുക. ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ വന്‍കരകളില്‍നിന്നായി 19 അംഗങ്ങളാണ് സംഘടനയില്‍ ഉള്ളത്. ചൈന, ജപ്പാന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ സംഭാഷണ പങ്കാളികളാണ്. തുര്‍ക്കിയുടെ അപേക്ഷ പരിഗണനയിലാണ്. ഇന്ത്യയുടെ സഹായത്തോടെ സംഭാഷണ പങ്കാളിത്തപദവിക്കായി അപേക്ഷ നല്‍കുകയാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍,അംഗരാജ്യമായ ഇറാന്‍ അമേരിക്കയുടെ പ്രവേശനത്തെ ശക്തമായി എതിര്‍ക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ജലവ്യാപാരപാതയാണ് ഇന്ത്യന്‍ മഹാസമുദ്രം. ലോകത്തെ 80 ശതമാനം ചരക്ക് കടത്തും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയാണ്. ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാരത്തിന്റെ 97 ശതമാനവും ഈ സമുദ്രത്തിലൂടെയാണ്. ഈ സമുദ്രവുമായി ബന്ധപ്പെട്ട സംഘടനയില്‍ ഒരു പങ്കാളിത്തവും ഇല്ലാത്തത് അമേരിക്കയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യയെ കൂടെ നിര്‍ത്തി ഈ കുറവ് പരിഹരിക്കാനാണ് അമേരിക്കയുടെ ശ്രമം.
(വി ബി പരമേശ്വരന്‍)

deshabhimani news

1 comment:

  1. ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധപ്പെട്ട രാഷ്ട്രങ്ങളുടെ കൂട്ടുകെട്ടായ "ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ ഓഫ് റീജനല്‍ കോ-ഓപ്പറേഷനി"ലേക്ക് (ഐഒആര്‍-എആര്‍സി) കടന്നുകൂടാന്‍ അമേരിക്ക ശ്രമം ആരംഭിച്ചു. ചൈനയെ പിടിച്ചുകെട്ടുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യ ഓഷ്യന്‍ റിമ്മില്‍ സംഭാഷണ പങ്കാളിയാകാനുള്ള അമേരിക്കന്‍ ശ്രമം. ചൈന വന്‍ നാവികശക്തിയായി മാറുകയും തെക്കന്‍ ചൈനാകടലില്‍ ചില ദ്വീപുകളെച്ചൊല്ലി ചൈന-ജപ്പാന്‍ തര്‍ക്കം രൂക്ഷമാകുകയും ചെയ്യുന്ന പശ്ചാത്തലം മുതലെടുക്കാനുള്ള ശ്രമമാണ് അമേരിക്ക നടത്തുന്നത്.

    ReplyDelete