Saturday, October 20, 2012
"ന്യൂട്രിനോ പരീക്ഷണത്തില്‍ അമേരിക്കയ്ക്ക് താല്‍പ്പര്യം"
തമിഴ്നാട്ടിലെ തേനിയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഭാരതീയ ന്യൂട്രിനോ നിരീക്ഷണാലയം (ഇന്ത്യന്‍ ന്യൂട്രിനോ ഒബ്സര്‍വേറ്ററി) പദ്ധതിയുമായി അമേരിക്കയിലെ ഫെര്‍മി ലാബിന് ബന്ധമില്ലെന്ന് അതിന്റെ വക്താവായ പ്രൊഫ. നബ കെ മണ്ഡല്‍ പറഞ്ഞു. എന്നാല്‍, പദ്ധതിയില്‍ ഫെര്‍മി ലാബ് താല്‍പ്പര്യം കാണിച്ചിട്ടുണ്ട്-മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ സീനിയര്‍ പ്രൊഫസര്‍ കൂടിയായ അദ്ദേഹം വ്യക്തമാക്കി. മഹാരാജാസ് കോളേജ് ഫിസിക്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറില്‍ "ന്യൂട്രിനോ- പ്രപഞ്ചത്തിലേക്ക് ഒരു പുതിയ ജാലകം" എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരീക്ഷണാലയത്തിന്റെ സഹായത്തോടെ അമേരിക്കയ്ക്ക് നമ്മുടെ നാട്ടിലെ ആണവനിലയങ്ങളെ നിരീക്ഷിക്കാമെന്ന വാദത്തിനും കഴമ്പില്ല. ആണവനിലയത്തിന്റെ 30 മീറ്റര്‍ അടുത്ത് ഇത്തരമൊരു നിരീക്ഷണശാല സ്ഥാപിച്ചാല്‍ മാത്രമേ അതിനു കഴിയൂ. രണ്ടുകിലോമീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ തുരങ്കവും പരീക്ഷണശാലയുമുള്ള നിരീക്ഷണാലയത്തില്‍ ഒരു റേഡിയോ ആക്ടീവ് വസ്തുവും പരീക്ഷണത്തിന് ഉപയോഗിക്കുന്നില്ല. നിരീക്ഷണാലയം ന്യൂട്രിനോകളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ഡിറ്റക്ടര്‍ സാങ്കേതികതയുടെ വികസനത്തിനും അതിന്റെ വന്‍കിട ഉപയോഗത്തിനും വഴിവയ്ക്കും. ആരോഗ്യ പരിപാലനരംഗത്ത് ഉപയോഗിക്കുന്ന മെഡിക്കല്‍ ഇമേജിങ്ങിനും ഇതു സഹായിക്കും. ഭൂഗര്‍ഭ ഭൂമിശാസ്ത്ര, ജീവശാസ്ത്ര പഠനങ്ങളെയും ഇതു സഹായിക്കും. പൂര്‍ണമായും ഇന്ത്യന്‍ സര്‍ക്കാരിന്റെ പദ്ധതിയാണ് ഇത്. പദ്ധതിക്ക് പൂര്‍ണ ധനസഹായം നല്‍കുന്നത് കേന്ദ്ര ആണവോര്‍ജ-ശാസ്ത്ര സാങ്കേതിക വകുപ്പുകള്‍ ചേര്‍ന്നാണ്. ഇന്ത്യയിലെ ഏകദേശം 26 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നുള്ള നൂറോളം ശാസ്ത്രജ്ഞര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഫ്രാന്‍സും ഇറ്റലിയും പദ്ധതിയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അന്തരീക്ഷത്തില്‍നിന്നുള്ള ന്യൂട്രിനോകളെ ഇരുമ്പ് കലോറി മീറ്റര്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് (അയണ്‍ കലോറിമീറ്റര്‍ ഡിറ്റക്ടര്‍) പഠിക്കുകയാണ് നിരീക്ഷണാലയം ചെയ്യുന്നത്. പ്രകാശകണങ്ങള്‍ (ഫോട്ടോണ്‍) കഴിഞ്ഞാല്‍ പ്രപഞ്ചത്തില്‍ ധാരാളം കാണപ്പെടുന്നതും പിണ്ഡമുള്ള കണങ്ങളില്‍ ഏറ്റവും സുലഭമായത് ന്യൂട്രിനോയാണ്. സൂര്യനില്‍ നിന്നു സൃഷ്ടിക്കുന്ന ന്യൂട്രിനോകള്‍ നമ്മുടെ ശരീരത്തില്‍ക്കൂടി ദിവസവും കടന്നുപോകുന്നുണ്ട്. അതിനാല്‍ അവ നമുക്ക് തീരെ ഹാനികരമല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി കൃഷ്ണന്‍ നായര്‍, ഡോ. എം ഷാജി എന്നിവരും സംസാരിച്ചു.
deshabhimani 191012
Labels:
ശാസ്ത്രം
Subscribe to:
Post Comments (Atom)

ReplyDelete