Thursday, October 18, 2012

ആഭ്യന്തരമന്ത്രി മുക്കിയത് ഇന്റര്‍നെറ്റ് ഭൂമി തട്ടിപ്പ്


ഇടുക്കി വട്ടവടയിലെ ഭൂമാഫിയക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്ന പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ള വ്യവസായി മൈജോ ജോസഫ് നടത്തിയത് ഇന്റര്‍നെറ്റ് ഭൂമി തട്ടിപ്പ്. ദുബായില്‍ ഓഫീസ് തുറന്ന് വട്ടവടയില്‍ കടവരി പാര്‍ക്ക് സ്ഥാപിക്കുന്നതായുള്ള കളര്‍ ബ്രോഷര്‍ കാണിച്ച് നിരവധി ഗള്‍ഫ് മലയാളികളില്‍നിന്ന്് കോടികള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഭൂമിക്കായി പണം നല്‍കിയവര്‍ കടവരിയിലെത്തിയപ്പോഴാണ് ഇങ്ങനെയൊരു പാര്‍ക്ക് അവിടെയില്ലെന്നും വാഗ്ദാനംചെയ്ത ഭൂമി കടലാസില്‍ മാത്രമാണെന്നും മനസ്സിലാക്കുന്നത്.

എറണാകുളം കാഞ്ഞിരമറ്റം തയ്യക്കോടത്ത് കെ സി മോഹനില്‍നിന്ന് ഇങ്ങനെ നാലു ലക്ഷത്തോളം രൂപ കൈക്കലാക്കിയതായും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പണം നഷ്ടപ്പെട്ടവരുണ്ടെന്നും ജി. 10/48138/2012/എസ്ബി എന്ന നമ്പരില്‍ ഇന്റലിജന്‍സ് പൊലീസ് സൂപ്രണ്ട് എം മുഹമ്മദ്ഷബീര്‍ തയ്യാറാക്കി എഡിജിപി മുഖേന ജൂലൈ 30ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ദേശാഭിമാനി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ശരിയല്ലെന്നു കാണിച്ച് മന്ത്രിയുടെ ഓഫീസ് നല്‍കിയ നിഷേധക്കുറിപ്പും ദുരൂഹതയുണര്‍ത്തുന്നതാണ്.

മന്ത്രിയോ മന്ത്രിയുടെ ഓഫീസോ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് നിഷേധക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍, ജൂണ്‍ 30ന് ലഭിച്ച റിപ്പോര്‍ട്ട് ആഗസ്ത് ആറിന് ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി മേരി മെലനി നെട്ടാര്‍ റവന്യൂവകുപ്പിന് കൈമാറിയെന്നും പറയുന്നു. ഏഴുദിവസം മന്ത്രിയുടെ ഓഫീസില്‍ ഈ റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായി ഇതില്‍നിന്നുതന്നെ വ്യക്തമാണ്. എന്നാല്‍, പട്ടയസംബന്ധമായ ഭൂമി കാര്യങ്ങളിലാണ് റവന്യൂവകുപ്പിന് ഇടപെടാനാകുക. പൊലീസ് എഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മൈജോ ജോസഫിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ്. എന്നിട്ടും റിപ്പോര്‍ട്ട് റവന്യൂവകുപ്പിന് കൈമാറിയെന്നു പറയുന്നത് "ദേശാഭിമാനി" വാര്‍ത്ത സാധൂകരിക്കുന്നതാണ്. ധനാപഹരണം നടത്തിയ റിപ്പോര്‍ട്ട് റവന്യൂവകുപ്പിന് കൈമാറി ക്രിമിനല്‍കേസില്‍നിന്ന് ഭൂമാഫിയയെ മന്ത്രിയും കൂട്ടാളികളും രക്ഷപ്പെടുത്തുകയായിരുന്നു.

deshabhimani news

1 comment:

  1. ഇടുക്കി വട്ടവടയിലെ ഭൂമാഫിയക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്ന പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുള്ള വ്യവസായി മൈജോ ജോസഫ് നടത്തിയത് ഇന്റര്‍നെറ്റ് ഭൂമി തട്ടിപ്പ്. ദുബായില്‍ ഓഫീസ് തുറന്ന് വട്ടവടയില്‍ കടവരി പാര്‍ക്ക് സ്ഥാപിക്കുന്നതായുള്ള കളര്‍ ബ്രോഷര്‍ കാണിച്ച് നിരവധി ഗള്‍ഫ് മലയാളികളില്‍നിന്ന്് കോടികള്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ടിലുള്ളത്. ഭൂമിക്കായി പണം നല്‍കിയവര്‍ കടവരിയിലെത്തിയപ്പോഴാണ് ഇങ്ങനെയൊരു പാര്‍ക്ക് അവിടെയില്ലെന്നും വാഗ്ദാനംചെയ്ത ഭൂമി കടലാസില്‍ മാത്രമാണെന്നും മനസ്സിലാക്കുന്നത്.

    ReplyDelete