Monday, October 15, 2012
രാപ്പകല്‍ കൊള്ള തടഞ്ഞത് ഡിവൈഎഫ്ഐ ജാഗ്രത
കാഞ്ഞങ്ങാട്: യുവജന സംഘടനയുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ പുറത്തായത് ലക്ഷങ്ങളുടെ അഴിമതി. ദേശീയപാതയില്‍ കാഞ്ഞങ്ങാട് പടന്നക്കാട് സ്ഥാപിച്ച റെയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍പിരിവിലെ ലക്ഷങ്ങളുടെ അഴിമതിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടലിലൂടെ പിടികൂടിയത്. സെപ്തംബര്‍ 27നാണ് ടോള്‍പിരിവ് ആരംഭിച്ചത്. 47 കോടി രൂപ ചെലവില്‍ കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ നിര്‍മിച്ച മേല്‍പ്പാലത്തിന്റെ ടോള്‍പിരിവ് നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ചുങ്കം പിരിക്കുമ്പോള്‍ വാഹന ഉടമകള്‍ക്ക് നല്‍കുന്ന രസീതില്‍ ഭൂരിഭാഗവും വകുപ്പുതല മുദ്രയോ, ക്രമനമ്പറോ, തിയതിയോ രേഖപ്പെടുത്താതെ വന്‍ അഴിമതിയാണ് നടത്തുന്നതെന്ന് മനസിലാക്കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെപ്തംബര്‍ 28ന് അധികൃതരെ വിവരമറിയിച്ചിരുന്നു. നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അഴിമതിക്ക് ഇവരും ഒത്താശ ചെയ്തു. അഴിമതി സംബന്ധിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ടോള്‍പിരിവ് നിരീക്ഷിച്ച് വന്‍തോതില്‍ ക്രമക്കേട് നടത്തുന്നതായി മനസിലാക്കി. തുടര്‍ന്ന് ജില്ലാ നേതൃത്വം ഉന്നത പൊലീസ് അധികൃതരെ വിവരമറിയിച്ചു. ഹൊസ്ദുര്‍ഗ് സിഐ കെ വി വേണുഗോപാലന്‍, എസ്ഐ ഇ വി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ താല്‍ക്കാലികമായി നിര്‍മിച്ച ടോള്‍ ബൂത്തില്‍നിന്ന് 2,07,900 രൂപയും മലപ്പുറത്തുനിന്നുള്ള ജീവനക്കാര്‍ താമസിക്കുന്ന വാടകവീട്ടില്‍നിന്ന് 20 ലക്ഷത്തോളം രൂപയുടെ വ്യാജ രസീതും പിടിച്ചെടുത്തു. ഈ സമയം നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ടോള്‍പിരിവ് കേന്ദ്രവും പിരിവിന് ചുക്കാന്‍ പിടിക്കുന്ന മലപ്പുറം സ്വദേശികള്‍ താമസിക്കുന്ന വീടും വളഞ്ഞ് തെളിവ് നശിപ്പിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചു. ഡിവൈഎഫ്ഐ വില്ലേജ് ഭാരവാഹികളായ പ്രദീപന്‍ മരക്കാപ്പ്, മണി അനന്തംപള്ള, റഷീദ്, പ്രിയേഷ്, ശബരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സിജി മാത്യു, എ വി സഞ്ജയന്‍, ശിവജി വെള്ളിക്കോത്ത്, പി കെ നിഷാന്ത് എന്നിവരുടെ നേതൃത്വത്തില്‍ ടോള്‍പിരിവ് കേന്ദ്രം ശനിയാഴ്ച അര്‍ധരാത്രിയോടെ ഉപരോധിച്ചു. രാവിലെ നടന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. സിജി മാത്യു, കെ രാജ്മോഹനന്‍ എന്നിവര്‍ സംസാരിച്ചു. എ വി സഞ്ജയന്‍ സ്വാഗതം പറഞ്ഞു.
(ടി കെ നാരായണന്‍)
രണ്ടാഴ്ചകൊണ്ട് തട്ടിയത് 35 ലക്ഷം
കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍പിരിവ് ആരംഭിച്ച് 16 ദിവസത്തിനകം വ്യാജ രസീതുപയോഗിച്ച് സംഘം തട്ടിയെടുത്തത് 35 ലക്ഷത്തോളം രൂപ. ദിവസം മൂന്ന് ലക്ഷത്തോളം രൂപ ടോളിനത്തില്‍ പിരിക്കുമ്പോള്‍ കണക്കില്‍ കാണിച്ചത് പതിനായിരങ്ങള്‍ മാത്രം. ഉദ്ഘാടനത്തിന് ശേഷം ആദ്യ മൂന്നുമാസം ദേശീയപാത അതോറിറ്റിയാണ് ടോള്‍ പിരിക്കുക. മൂന്ന് മാസത്തെ വരുമാനം കണക്കാക്കി നിശ്ചിത വര്‍ഷത്തേക്ക് കരാറുകാര്‍ക്ക് ടെന്‍ഡര്‍ നല്‍കുകയാണ് പതിവ്. ചെറിയ വരുമാനം മാത്രം കാണിച്ചാല്‍ മാത്രമേ കരാറുകാര്‍ക്ക് ദീര്‍ഘകാലത്തേക്ക് ടോള്‍ പിരിക്കാനുള്ള ടെന്‍ഡര്‍ പിടിക്കാനാകൂവെന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള തട്ടിപ്പാണ് പടന്നക്കാട് മേല്‍പ്പാല ടോള്‍ പിരിവില്‍ അരങ്ങേറിയത്. സെപ്തംബര്‍ 27നാണ് ടോള്‍ പിരിവ് ആരംഭിച്ചത്. 27 മുതല്‍ ഒക്ടോബര്‍ 12 വരെ സര്‍ക്കാര്‍ ഖജനാവിലേക്ക് അടച്ചതുക യഥാക്രമം 51350, 86640, 87630, 71060, 74860, 77265, 58040, 79880, 80220, 80225, 72900, 73910, 80760, 81575, 80110, 82065 എന്നിങ്ങനെയാണ്. ശനിയാഴ്ച പൊലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നടത്തിയ പരിശോധനയില്‍ രാവിലെ പത്തുമുതല്‍ രാത്രി 11 വരെ പിരിച്ച 2,07,000 രൂപ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് രാത്രിയില്‍ കൂടുതലായി കടന്നുപോകുന്ന അന്യസംസ്ഥാന ചരക്ക് വാഹനങ്ങളില്‍നിന്നുള്ള തുകയും കണക്കാക്കിയാല്‍ ശരാശരി പ്രതിദിനം മൂന്ന് ലക്ഷത്തിലധികം രൂപ പിരിച്ചെടുക്കുന്നു. എന്നാല്‍ നാമമാത്രമായ തുകയാണ് സര്‍ക്കാര്‍ രേഖകളില്‍ കാണിക്കുന്നത്.
(ടി വി വിനോദ്)
ടോള്‍പിരിവ് നിര്‍ത്തിവയ്ക്കണം: കെ പി സതീഷ്ചന്ദ്രന്‍
കാസര്‍കോട്: പടന്നക്കാട് മേല്‍പ്പാലത്തില്‍ ടോള്‍പിരിവില്‍ കണ്ടെത്തിയ അഴിമതിയും ക്രമക്കേടും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സുതാര്യവും സമയബന്ധിതവുമായ ടോള്‍ പിരിവ് ടെന്‍ഡര്‍ വഴി നടപ്പാക്കുന്നതുവരെ ടോള്‍പിരിവ് നിര്‍ത്തിവയ്ക്കണം. വ്യാജ ടോള്‍ രസീതി ഉപയോഗിച്ച് ദിവസവും രണ്ടുലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പാണ് ടോള്‍ പിരിവിന് ചുമതലപ്പെടുത്തിയവര്‍ നടത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിദിനം ശരാശരി മൂന്നുലക്ഷം രൂപ ലഭിക്കുമ്പോള്‍ ഒരുലക്ഷത്തില്‍ താഴെ രൂപ മാത്രമാണ് കണക്കില്‍പ്പെടുത്തിയത്. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെയുള്‍പ്പെടെ സംശയത്തിലാക്കുന്ന ഈ ക്രമക്കേടിനെക്കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി തയ്യാറാകണം. വ്യാജ ടോള്‍ കൂപ്പണ്‍ അച്ചടിച്ച് ജനങ്ങളെ കൊള്ളയടിച്ച വന്‍ അഴിമതിയുടെ ആസൂത്രകരെയും നടത്തിപ്പുകാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നന് കെ പി സതീഷ്ചന്ദ്രന്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം: ഡിവൈഎഫ്ഐ
കാസര്‍കോട്: പടന്നക്കാട് മേല്‍പ്പാലം ടോള്‍പിരിവില്‍ നഷ്ടക്കണക്ക് കാണിച്ച് ദീര്‍ഘകാലത്തേക്ക് ടോള്‍ പിരിക്കാനുള്ള ഗൂഢതന്ത്രമാണ് വകുപ്പുതല ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തിയതെന്ന് ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ടോള്‍ പിരിവിനായി മലപ്പുറത്തുനിന്ന് ആളുകളെത്തിയത് മന്ത്രിതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ജനങ്ങളില്‍ സംശയമുണര്‍ത്തിയിട്ടുണ്ട്. ടോള്‍പിരിവ് സത്യസന്ധവും സുതാര്യവുമായി നടത്താന്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി കരാറുകാരെ ചുമതലപ്പെടുത്തണം. അതുവരെ ടോള്‍പിരിവ് നിര്‍ത്തണം. 16 ദിവസത്തിനുള്ളില്‍ രണ്ട് കോടിയോളം രൂപയുടെ അഴിമതി നടത്താന്‍ കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ഇത്തരം പിരിവിന് നിര്‍ദേശം നല്‍കിയ പൊതുമരാമത്ത് അധികൃതരുടെയും പേരില്‍ നടപടി സ്വീകരിക്കണം- ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
സമഗ്രാന്വേഷണം വേണം
കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍ പിരിവിലെ അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഗുഡ്സ് ട്രാന്‍സ്പോര്‍ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി കെ രാജന്‍ ആവശ്യപ്പെട്ടു. ഡീസല്‍വിലവര്‍ധനവിനൊപ്പം അശാസ്ത്രീയമായി ടോള്‍ ഏര്‍പ്പെടുത്തി വ്യവസായ തകര്‍ച്ചക്ക് ആക്കംകൂട്ടുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിച്ചത്. ചരക്കുവാഹനങ്ങളുടെ ഭീമമായ ടോള്‍ തുക വെട്ടിക്കുറച്ച് പുതിയ സംവിധാനമേര്‍പ്പെടുത്തണം. കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വേ മേല്‍പ്പാലം ടോള്‍ പിരിവിലെ അഴിമതിയില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് കേരളാ ഓട്ടോ- ടാക്സി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറി കാറ്റാടി കുമാരന്‍ ആവശ്യപ്പെട്ടു. വന്‍തുക ടോള്‍ ഇനത്തില്‍ പിരിച്ചെടുത്ത് നാമമാത്രമായ തുക കണക്കില്‍ കാണിച്ചാണ് ലക്ഷങ്ങളുടെ തട്ടിപ്പ്. കേരളത്തില്‍ മറ്റൊരു റെയില്‍വേ മേല്‍പ്പാലത്തിലും ഇത്രയും വലിയ തുക ടോള്‍ പിരിക്കുന്നില്ല. കാഞ്ഞങ്ങാട്: പടന്നക്കാട് മേല്‍പ്പാലത്തില്‍ ടോള്‍ തുക കുറച്ച് സത്യസന്ധവും സുതാര്യവുമായ സംവിധാനം ഏര്‍പ്പെടുത്തുന്നതുവരെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
deshabhimani151012
Labels:
അഴിമതി,
ഡി.വൈ.എഫ്.ഐ,
പൊതുഗതാഗതം
Subscribe to:
Post Comments (Atom)
യുവജന സംഘടനയുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ പുറത്തായത് ലക്ഷങ്ങളുടെ അഴിമതി. ദേശീയപാതയില്‍ കാഞ്ഞങ്ങാട് പടന്നക്കാട് സ്ഥാപിച്ച റെയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍പിരിവിലെ ലക്ഷങ്ങളുടെ അഴിമതിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടലിലൂടെ പിടികൂടിയത്. സെപ്തംബര്‍ 27നാണ് ടോള്‍പിരിവ് ആരംഭിച്ചത്. 47 കോടി രൂപ ചെലവില്‍ കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ നിര്‍മിച്ച മേല്‍പ്പാലത്തിന്റെ ടോള്‍പിരിവ് നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത അതോറിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ചുങ്കം പിരിക്കുമ്പോള്‍ വാഹന ഉടമകള്‍ക്ക് നല്‍കുന്ന രസീതില്‍ ഭൂരിഭാഗവും വകുപ്പുതല മുദ്രയോ, ക്രമനമ്പറോ, തിയതിയോ രേഖപ്പെടുത്താതെ വന്‍ അഴിമതിയാണ് നടത്തുന്നതെന്ന് മനസിലാക്കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സെപ്തംബര്‍ 28ന് അധികൃതരെ വിവരമറിയിച്ചിരുന്നു. നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയെങ്കിലും അഴിമതിക്ക് ഇവരും ഒത്താശ ചെയ്തു. അഴിമതി സംബന്ധിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ReplyDelete