Sunday, October 21, 2012

കലിക്കറ്റ് വിസിയെ പുറത്താക്കണം: നാളെ എസ്എഫ്ഐ മാര്‍ച്ച്


കലിക്കറ്റ് സര്‍വകലാശാലാ ഭൂമി പതിച്ചുനല്‍കിയ കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാനും സെക്രട്ടറി ടി പി ബിനീഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും മറ്റു ജില്ലാകേന്ദ്രങ്ങളിലേക്കുമാണ് മാര്‍ച്ച്.

കലിക്കറ്റ് സര്‍വകലാശാലയില്‍ പകല്‍ക്കൊള്ളയാണ് വിസിയുടെ നേതൃത്വത്തില്‍ നടന്നത്. ഇതിനെതിരെ പ്രതിഷേധിച്ച പെണ്‍കുട്ടികളടക്കമുള്ളവരെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ അടക്കം പൊലീസുകാര്‍ വലിച്ചുകീറാന്‍ ശ്രമിച്ചു. ഇത് കടുത്ത മനുഷ്യാവകാശലംഘനമാണ്. ഇതിനെതിരെ മനുഷ്യാവകാശകമീഷന് പരാതി നല്‍കി. സര്‍ക്കാരും വിസിയുടെ നടപടികള്‍ക്ക് ഒത്താശ നല്‍കുകയാണ്. പുറത്താക്കിയില്ലെങ്കില്‍ വിസി പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ബഹിഷ്കരിക്കും. ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം ഇല്ലാതാക്കുന്നതോടെ ഉന്നതവിദ്യാഭ്യാസമേഖലയെയാണ് യുഡിഎഫ് സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. പ്രൊഫ. ഹൃദയകുമാരി കമ്മിറ്റി ശുപാര്‍ശകളുമായി ബന്ധപ്പെട്ട് 25ന് തിരുവനന്തപുരത്ത് സെമിനാര്‍ നടത്തും. ബിഎഡ് പ്രവേശനവും സര്‍ക്കാരിന്റെ തെറ്റായ നയം കാരണം താറുമാറായി. ആദ്യഘട്ടത്തില്‍ സ്വാശ്രയമേഖലയിലേക്കാണ് പ്രവേശനം നടത്തിയത്. രണ്ടാംഘട്ടത്തിലാണ് സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലേക്ക് പ്രവേശനം നടന്നത്. ഇതോടെ സര്‍ക്കാര്‍ സീറ്റുകളില്‍ അമ്പതു ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്. പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള നയങ്ങളാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരുന്നത്. സ്കൂള്‍ കുട്ടികള്‍ക്കുള്ള അരി വിതരണവും ഉച്ചക്കഞ്ഞിവിതരണവും പാഠ്യപദ്ധതിയും എല്ലാം താറുമാറായി. പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് 29ന് സെക്രട്ടറിയറ്റിലേക്കും മറ്റു ജില്ലാകേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തും. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സര്‍വകലാശാല ആസ്ഥാനത്തേക്ക് സംയുക്തമാര്‍ച്ച് 25ന്

തിരു: കേരള സര്‍വകലാശാലയിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടുക, അഴിമതി ഭരണം അവസാനിപ്പിക്കുക, ഉന്നതവിദ്യാഭ്യാസം സംരക്ഷിക്കുക എസ്എഫ്ഐ-ഡിവൈഎഫ്ഐ സംയുക്തമായി 25ന് സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ തീരുമാനിച്ചതാണ്. ഇതിനെ അട്ടിമറിച്ച് യുഡിഎഫ് സര്‍ക്കാരിന്റെ സഹായത്തോടെ അനധികൃതനിയമനം നടത്താനാണ് ശ്രമം. തസ്തികകളില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ നിയമിക്കാനും ഇതിന്റെ പേരില്‍ വന്‍ അഴിമതി നടത്താനുമാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ മുഴുവന്‍ യുവജനങ്ങളും വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് ബി ബിജുവും സെക്രട്ടറി എസ് പി ദീപകും ആവശ്യപ്പെട്ടു.

deshabhimani 211012

1 comment:

  1. കലിക്കറ്റ് സര്‍വകലാശാലാ ഭൂമി പതിച്ചുനല്‍കിയ കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാനും സെക്രട്ടറി ടി പി ബിനീഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും മറ്റു ജില്ലാകേന്ദ്രങ്ങളിലേക്കുമാണ് മാര്‍ച്ച്.

    ReplyDelete