Saturday, October 20, 2012

എംഎസ്എഫ്- കെഎസ്യു ഭീകരത


മാനന്തവാടി ഗവ എന്‍ജിനിയറിങ് കോളേജില്‍ എംസ്എഫ് കെഎസ്യു പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ധര്‍ണ നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചു. പെണ്‍കുട്ടികളടക്കമുള്ളവരെ കല്ലെറിഞ്ഞ് ഓടിക്കാന്‍ നടത്തിയശ്രമം സിപിഐഎം പ്രവര്‍ത്തകര്‍ ചെറുത്തു. ഇതോടെ കാമ്പസിസനകത്ത് നിലയുറപ്പിച്ച അക്രമിസംഘം റോഡിലേക്ക് കല്ലെറിയാന്‍ തുടങ്ങി. കല്ലേറില്‍ നാല് പോലീസുകാര്‍ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എന്‍ ജെ ഷജിത്ത്, പനമരം ബ്ലോക്ക് പ്രസിഡന്റും എടവക പഞ്ചായത്തംഗവുമായ മനു ജി കുഴിവേലി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ ഏഴിനാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് കവാടത്തില്‍ ധര്‍ണ തുടങ്ങിയത്. ഒമ്പതോടെ കോളേജ് ബസ്സില്‍ വന്നിറങ്ങിയ എംഎസ്എഫ്- കെഎസ്യു അക്രമികള്‍ പ്രകോപനമില്ലാതെ എസ്എഫ്ഐ പ്രവര്‍ത്തകരെ സമരവേദിയില്‍ കയറി അടിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ മര്‍ദിച്ച സംഘം കാമ്പസില്‍ എസ്എഫ്ഐ പ്രവര്‍ത്തനം നത്താന്‍ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. സംഭമറിഞ്ഞെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് അക്രമികളെ സഹായിക്കുന്ന നിലപാടാണെടുത്തത്. കല്ലെറിയുകയും സമരക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്ത ക്രിമിനലുകളെ അറസ്റ്റുചെയ്യണമെന്നാവശ്യം അംഗീകരിക്കാന്‍ പോലീസ് തയ്യാറായില്ല.

ഇതോടെ സിപിഐ എം ഏരിയാസെക്രട്ടറി പി വി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കോളേജ് കവാടത്തില്‍ സമരം തുടങ്ങി. ജില്ലാസെക്രട്ടറിയേറ്റംഗം കെ വി മോഹനന്‍ സ്ഥലത്തെത്തി കുറ്റവാളികളെ അറസ്റ്റുചെയ്യാതെ പിരിഞ്ഞുപോകില്ലെന്നു പ്രഖ്യാപിച്ചു. സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ അറസ്റ്റിനുവഴങ്ങാന്‍ തയ്യാറായി. എന്നാല്‍ പെണ്‍കുട്ടികളെ പുരുഷ പൊലീസുകാര്‍ അറസ്റ്റുചെയ്യാന്‍ തുടങ്ങിയത് സംഘര്‍ഷത്തിനിടയാക്കി. ഡിവൈഎസ്പി മാത്യു എക്സല്‍, ബത്തേരി സിഐ ജസ്റ്റിന്‍ അബ്രാഹം എന്നിവരുടെ നേതൃത്വത്തില്‍ ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കുകയായരുന്നു. വനിതാ പോലീസുകാര്‍ നോക്കിനില്‍ക്കെ പെണ്‍കുട്ടികളെ പുരുഷ പോലീസുകാര്‍ അറസ്റ്റുചെയ്യാന്‍ ശ്രമിച്ചത് ചെറുത്തതോടെയാണ് സി ഐയുടെ നേതൃത്വത്തില്‍ ലാത്തിചാര്‍ജ്ജ് നടത്തിയത്. ഡിവൈഎസ്പി അറസ്റ്റുചെയ്ത് വാഹനത്തില്‍ കയറ്റുന്നതിനിടയിലാണ് ഷജിത്തിനെ വളഞ്ഞിട്ട് അടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഷജിത്തും മനു ജി കുഴിവേലി, എസ്എഫ്ഐ പ്രവര്‍ത്തകരായ സായന്ത്, നിഷാഫ് എന്നിവരും പരിക്കേറ്റ് ചികിത്സയിലാണ്. കെഎസ്യു എംഎസ്എ് ക്രമിനുകളുടെ കല്ലേറില്‍ പരിക്കേറ്റ പൊലീസുകാരും ആശുപത്രിയിലുണ്ട്.

അക്രമികളുടെ അഴിഞ്ഞാട്ടത്തിന് പൊലീസും കൂട്ട്

മാനന്തവാടി: ഭരണത്തണലില്‍ എംഎസ്എഫ്- കെഎസ്യു പ്രവര്‍ത്തകര്‍ എന്‍ജിനിയറിങ് കോളേജില്‍ അഴിഞ്ഞാടിയപ്പോള്‍ കൂട്ട് പൊലീസ്. കോളേജില്‍ ആവശ്യത്തിന് അധ്യാപകരില്ലാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ഭാവി തുലാസിലാണ്. അധ്യാപകരെ നിയമിക്കണമെന്നും പണിപൂര്‍ത്തിയാക്കിയ ഹോസ്റ്റല്‍ തുറന്നുകൊടുക്കണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ നേതൃത്വത്തില്‍ കോളേജ് ഗെയ്റ്റില്‍ ധര്‍ണനടത്തിയ വിദ്യാര്‍ഥികളെയാണ് എംഎസ്എഫ്-കെഎസ്യു പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദിച്ചത്. സമരവേദിയില്‍ കയറി പെണ്‍കുട്ടികളുള്‍പ്പെടെയുള്ളവരെ മര്‍ദിക്കുകയും കല്ലെറിയുകയും ചെയ്തിട്ടും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യറായില്ല.

സിപിഐ എമ്മിന്റെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പൊലീസുമായി സംസാരിച്ചാണ് വിദ്യാര്‍ഥികള്‍ വീണ്ടും സമരം ആരംഭിച്ചത്. സമരം ചെയ്യുന്നവര്‍ക്കനേരെ പൊലീസ് നോക്കിനില്‍ക്കെ വീണ്ടും അക്രമികള്‍ കല്ലെറിയുകയും കൂക്കി വിളിക്കുകയും ചെയ്തു. കാമ്പസിനകത്തുകയറിയ പൊലീസ് പിന്നീട് തിരികെവന്ന് സമരം ചെയ്ത വിദ്യാര്‍ഥികളെയും യുവജനനേതാക്കെ്യും തല്ലിച്ചതയ്ക്കുകയായിരുന്നു. മാനന്തവാടി ഡിവൈഎസ്പി മാത്യു എക്സല്‍, ബത്തേരി സി ഐ ജസ്റ്റിന്‍ അബ്രാഹം എന്നിവര്‍ എസ്എഫ്ഐ പ്രവര്‍ത്തകരോട് ശത്രുക്കളോടെന്നപോലെയാണ് പെരുമാറിയത്. കോളേജില്‍ അതിക്രമം കാണിച്ചവരെ അറസ്റ്റ് ചെയ്യാതെ സമരം ചെയ്ത വിദ്യാര്‍ഥികളെയും യുവജനനേതാക്കളെയും തല്ലിച്ചതയ്ക്കാനാണ് ഇരുവരും മുതിര്‍ന്നത്. അകാരണമായി അറസ്സ്റ്റ് ചെയ്ത എസ്എഫ്ഐ നേതാക്കളെ സ്റ്റേഷനിലെത്തിച്ചയുടന്‍ ലോക്കപ്പിലിട്ടു.

കോളേജില്‍ എംഎസ്എഫ് തീവ്രവാദം

മാനന്തവാടി: ഗവ. എന്‍ജിനിയറിങ് കോളേജില്‍ നടമാടുന്നത് എംഎസ്എഫ് യൂത്ത്ലീഗ് തീവ്രവാദം. കോളേജില്‍ നടക്കുന്ന മുഴുവന്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന എംഎസ്എഫ് പ്രവര്‍ത്തകരാണ് സമരംചെയ്ത വിദ്യാര്‍ഥികളെ മര്‍ദിക്കാനും തുനിഞ്ഞത്. പൊലീസിനുനേരെ കല്ലെറിയാന്‍ നേതൃത്വം നല്‍കിയതും ഇവരാണ്. നാളുകളായി ഇവര്‍ കോളേജിനെ കലാപഭൂമിയാക്കുകയാണ്. യൂത്ത് ലീഗ് നേതാക്കളാണ് ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത്. പണക്കൊഴുപ്പും ഭരണസ്വാധീനവും ഉപയോഗിച്ച് എസ്എഫ്ഐ നേതാക്കളെ വേട്ടയാടുന്നഇവര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് മാനന്തവാടിയിലെ യൂത്ത്ലീഗ് നേതാവാണ്. ഈ വിദ്യാര്‍ഥികള്‍ക്ക് ചില തീവ്രവാദ സംഘടനകളുമായി ഉള്ള ബന്ധവും പൊലീസിനും അറിയാം.

എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഡബ്ല്യുഎംഒ കോളേജിലും മര്‍ദനം

കല്‍പ്പറ്റ: ഗവ. എന്‍ജിനിയറിങ് കോളേജിന് പിന്നാലെ മുട്ടില്‍ ഡബ്ല്യുഎംഒ കോളേജിലും എംഎസ്എഫ് ഭീകരത. എസ്എഫ്ഐ പ്രവര്‍ത്തകരെ എംഎസ്എഫുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചു. നാലുപേര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഫ്സല്‍ തയ്യാറായില്ല. പിന്നീട് സിപിഐ എം പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് ഇവരെ പരിശോധിച്ചത്. അക്രമികളെ സഹായിക്കുന്ന നിലപാടാണ് ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായത്.

വയനാട് എന്‍ജിനിയറിങ് കോളേജില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ വ്യാഴാഴ്ച എംഎസ്എഫ്-കെഎസ്യു പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ വിദ്യാര്‍ഥികളെയാണ് എംഎസ്എഫുകാര്‍ മര്‍ദ്ദിച്ചത്. കോളേജിന് പുറത്തെ പ്രകടനത്തിനുനേരെ കല്ലെറിഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംയമനം പാലിച്ച് പ്രകടനം അവസാനിച്ചിച്ച് കോളേജിലേക്ക് തരികെവന്നു. ഈ സമയമായിരുന്നു എംഎസ്എഫുകാര്‍ ക്രിക്കറ്റ് സ്റ്റമ്പും വടികളുമായി മര്‍ദനം തുടങ്ങിയത്. പത്തോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ അന്‍പതോളംഎംഎസ്എഫുകാരാണ് മര്‍ദിച്ചത്. കൊട്ടാരത്തില്‍ സാജിദ്, ഷാഹിദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനം. കാമ്പസിനകത്ത് പ്രകടനം നിരോധിച്ചിട്ടുള്ളതാണെങ്കിലും എംഎസ്എഫുകാര്‍ കാമ്പസിനകത്തുനിന്നും പ്രകടനമായെത്തിയാണ് ആക്രമണം നടത്തിയത്. കാമ്പസിനകത്ത് പ്രകടനം നടത്തിയതിനെതിരെ പ്രിന്‍സിപ്പാളിന് എസ്എഫ്ഐ പരാതി നല്‍കിയിട്ടുണ്ട്.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ മികച്ചപ്രകടനമാണ് നടത്തിയത്. നാല് അസോസിയേഷനുകളില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഇതില്‍ വിറളിപൂണ്ട എംഎസ്എഫുകാര്‍ ദിവസങ്ങളായി വിദ്യാര്‍ഥികളെ ഭീക്ഷണിപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ഥിയുള്‍പ്പെടെയുള്ളവരെയാണ് മര്‍ദ്ദിച്ചത്. കാമ്പസിനകത്ത് എംഎസ്എഫുകാരുടെ അരാജകത്വമാണ്. ലീഗ് നേതൃത്വത്തിന്റെയും മറ്റും പിന്തുണയോടെയാണ് എംഎസ്എഫിന്റെ അഴിഞ്ഞാട്ടം. മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോ. അഫ്സല്‍ വിസമ്മതിച്ചത് ലീഗ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ്. ലീഗുകാര്‍ക്കുവേണ്ടിയാണ് ആശുപത്രിയില്‍ ഡോക്ടര്‍ സംസാരിച്ചത്.

എസ്എഫ്ഐ നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു

മാനന്തവാടി: പൊലീസ് കള്ളക്കേസെടുത്ത് ജയിലിലടച്ച എസ്എഫ്ഐ നേതാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഗവ. എന്‍ജിനിയറിങ് കോളേജില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തഎസ്എഫ്ഐ പ്രവര്‍ത്തകരെ എംഎസ്എഫ്-കെഎസ്യു അക്രമികള്‍ മര്‍ദിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ എസ്എഫ്ഐ ജില്ലാസെക്രട്ടറി കെ എം ഫ്രാന്‍സിസ്, സംസ്ഥാനകമ്മിറ്റിയംഗം സനു രാജപ്പന്‍, ജില്ലാവൈസ്പ്രസിഡന്റ് എം എസ് ഫെബിന്‍, കല്‍പ്പറ്റ ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍കിഷന്‍, ജനറല്‍ സെക്രട്ടറി സുഹൈല്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ലോക്കപ്പിലിട്ട ഇവരെ സിപിഐ എം നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ജയില്‍ മോചിതരായ ഇവര്‍ക്ക് ടൗണില്‍ സ്വീകരണം നല്‍കി.

അതിനിടെ വിദ്യാര്‍ഥികളെ കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം പരിഹരിക്കുന്നതിന് ജില്ലാ പൊലീസ് സൂപ്രണ്ട് വിളിച്ചയോഗത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ പങ്കെടുത്തില്ല. വെള്ളിയാഴ്ച എസ്പി ഓഫീസിലായിരുന്നു യോഗം. കോളേജ് അധികൃതരും സിപിഐ എം പ്രതിനിധികളും യോഗത്തിനെത്തി. എന്‍ജിനിയറിങ് കോളേജില്‍ എംഎസ്എഫ് നേതൃത്വത്തില്‍ നടത്തുന്ന അക്രമണങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ജില്ലാപൊലീസ് ചീഫിനോട് സിപിഐ എം നേതാക്കള്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ ശ്രമം

തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലാ മാര്‍ച്ചില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍ക്ക് ചികിത്സ നിഷേധിക്കാന്‍ പൊലീസ് ശ്രമം. വെള്ളിയാഴ്ച രാത്രി ഏതാണ്ട് പത്തുവരെ വിദ്യാര്‍ഥികളെ പെരുവഴിയിലിട്ട് പൊലീസ് നാടകം കളിച്ചു. ലാത്തിച്ചാര്‍ജില്‍ ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. വൈകിട്ടാണ് ഇവരെ തിരൂരങ്ങാടി ആശുപത്രിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ചെയ്തെങ്കിലും ഇവരുള്‍പ്പെടെ 38 പേരെ പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിച്ചു. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വാഹനത്തിലിരുത്തി. മണിക്കൂറുകളോളം ദേശീയപാതയോരത്ത് കുടിവെള്ളമോ ഭക്ഷണമോ നല്‍കിയില്ല.പ്രതിഷേധത്തിനൊടുവില്‍ രാത്രി 9.30ഓടെ ഇതേ വാഹനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പകല്‍ രണ്ടിന് മര്‍ദനമേറ്റവര്‍ക്ക് ഏഴ് മണിക്കൂറോളം വിദഗ്ധ ചികിത്സ നല്‍കാന്‍ പൊലീസ് തയ്യാറായില്ല.

പ്രതിഷേധിച്ചു

തേഞ്ഞിപ്പലം: കലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഒരു പ്രകോപനവുമില്ലാതെ വിദ്യാര്‍ഥികളെ തല്ലിച്ചതച്ച പൊലീസ് നടപടിയില്‍ എസ്എഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ശനിയാഴ്ച ഏരിയാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും സെക്രട്ടറിയറ്റ് അറിയിച്ചു.

സംഘപരിവാറിന്റെ മുതലെടുപ്പ് ശ്രമം പാളി

ചെങ്ങന്നൂര്‍: കൊഴുവല്ലൂര്‍ സെന്റ് തോമസ് എന്‍ജിനിയിറിങ്് കോളേജ് സെക്യൂരിറ്റി ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ രാഷ്ട്രീയ മുതലെടുപ്പ്ശ്രമം പാളി. കൊഴുവല്ലൂര്‍, അറന്തക്കാട് മാമ്പശ്ശേരില്‍, ചിത്തിരാഭവനില്‍ തുളസീധരന്‍ നായര്‍ (52) ആണ് കോളേജ് ഓഡിറ്റോറിയത്തിനുള്ളില്‍ അപകടമുണ്ടായി മരിച്ചത്. എന്നാല്‍ മരണം കൊലപാതകമാണെന്നും പ്രതികളെ അടിയന്തരമായി പിടികൂടണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി തൊട്ടടുത്ത ദിവസം മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് കോളേജിന് മുന്നില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേര്‍ന്ന് മരണത്തില്‍ തീവ്രവാദബന്ധം ആരോപിച്ചു. എന്നാല്‍ മുന്‍ സൈനികനായ തുളസീധരന്‍ നായരുടെ മരണം അപകടത്തെത്തുടര്‍ന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് കവാടത്തിന് മുന്നില്‍ എബിവിപി, ക്യാമ്പസ്ഫ്രണ്ട് സംഘട്ടനത്തില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ സംഘപരിവാറിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പുന്തല കക്കടയില്‍, എസ്എഫ്ഐ നേതാവായ സക്കീറിനെ ആക്രമിച്ച് മൃതപ്രായനാക്കി വഴിയരികില്‍ തള്ളി. സക്കീറിന്റെ ഇടത്തേക്കണ്ണ് ആക്രമണത്തില്‍ നഷ്ടപ്പെട്ടു. തലച്ചോറിലേറ്റ മുറിവ് മാരകമായതിനാല്‍ സക്കീര്‍ അപകടനില തരണം ചെയ്തിട്ടില്ല.

deshabhimani news

1 comment:

  1. മാനന്തവാടി ഗവ എന്‍ജിനിയറിങ് കോളേജില്‍ എംസ്എഫ് കെഎസ്യു പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. ധര്‍ണ നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ മാരകായുധങ്ങളുമായി ആക്രമിച്ചു. പെണ്‍കുട്ടികളടക്കമുള്ളവരെ കല്ലെറിഞ്ഞ് ഓടിക്കാന്‍ നടത്തിയശ്രമം സിപിഐഎം പ്രവര്‍ത്തകര്‍ ചെറുത്തു. ഇതോടെ കാമ്പസിസനകത്ത് നിലയുറപ്പിച്ച അക്രമിസംഘം റോഡിലേക്ക് കല്ലെറിയാന്‍ തുടങ്ങി. കല്ലേറില്‍ നാല് പോലീസുകാര്‍ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എന്‍ ജെ ഷജിത്ത്, പനമരം ബ്ലോക്ക് പ്രസിഡന്റും എടവക പഞ്ചായത്തംഗവുമായ മനു ജി കുഴിവേലി എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

    ReplyDelete