Friday, October 19, 2012

കൊച്ചി മെട്രോ: മുന്‍ കരാറുകള്‍ നല്‍കിയത് ടെന്‍ഡറില്ലാതെ


ആഗോള ടെന്‍ഡറില്ലാതെ മെട്രോ നിര്‍മാണ കരാര്‍ നല്‍കാനാകില്ലെന്ന് വാശിപിടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വഴി വിവിധ കരാറുകള്‍ നല്‍കിയത് ഒരു ടെന്‍ഡറുമില്ലാതെ. ഒരുവര്‍ഷത്തോളം എംഡിയായിരുന്ന ടോം ജോസ് കോടികളുടെ നിര്‍മാണവും നിയമനങ്ങളും നടത്തിയത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. ഇതോടെ ഇപ്പോഴത്തെ വിവാദങ്ങളുടെ താല്‍പര്യം കൂടുതല്‍ വ്യക്തമാകുകയാണ്. ഇ ശ്രീധരന്‍ മുഖ്യ ഉപദേഷ്ടാവായ പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിക്ക് നിര്‍മാണച്ചുമതല നല്‍കിയാല്‍ "ഒന്നും തടയില്ലെന്" തിരിച്ചറിവും ഇതിനു പിന്നിലുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നോമിനിയായി ടോം ജോസ് റോഡ്നിര്‍മാണത്തിനും അത്യാധുനിക ഓഫീസ് സജ്ജീകരിക്കലിനും പര്‍ച്ചേസുകള്‍ക്കും ഉള്‍പ്പെടെ കോടികളാണ് സ്വന്തം ഇഷ്ടപ്രകാരം ചെലവഴിച്ചത്. എംഡിയായി സ്ഥാനമേറ്റ ഉടന്‍ നഗരത്തിലെ 10 റോഡുകളുടെ പുനര്‍നിര്‍മിച്ചു. 16 കോടി രൂപ ചെലവിട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടെന്‍ഡറില്ലാതെയാണ് ആര്‍ബിഡിസികെയെ ഏല്‍പ്പിച്ചത്. ആര്‍ബിഡിസികെ പൊതുമേഖലാ സ്ഥാപനമാണെങ്കിലും അവര്‍ സ്വകാര്യ കരാറുകാര്‍ക്ക് സബ് കോണ്‍ട്രാക്ട് കൊടുക്കുകയായിരുന്നു. അതും ടെന്‍ഡറില്ലാതെ. റവന്യുടവറില്‍ കെഎംആര്‍എലിന് പുതിയ ഓഫീസ് സജ്ജീകരിച്ചപ്പോഴും ഇതുതന്നെയായിരുന്നു രീതി. ഓഫീസ് മുഴുവന്‍ ശീതീകരിച്ചതും പണി പൂര്‍ത്തിയാക്കിയതുമെല്ലാം ടെന്‍ഡറില്ലാതെ സ്വകാര്യ കരാര്‍ നല്‍കിയാണ്. കുറഞ്ഞത് മുക്കാല്‍ ലക്ഷം രൂപ വിലയുള്ള ഇരുപതോളം ആപ്പിള്‍ കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെ ഓഫീസ് സാമഗ്രികള്‍ വാങ്ങാനും ടെന്‍ഡര്‍ നടപടികളുണ്ടായില്ല. ഓഫീസിന്റെ സ്വീകരണമുറിയില്‍പ്പോലും വിലകൂടിയ ആപ്പിള്‍ കംപ്യൂട്ടറാണ് സ്ഥാപിച്ചത്.

കെഎംആര്‍എല്‍ ഓഫീസില്‍ ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളുമുള്ള വിവിധ തസ്തികകളിലേക്ക് ജീവനക്കാരെ നിയമിച്ചതും ടോം ജോസിന്റെ മാത്രം താല്‍പ്പര്യത്തിനുസരിച്ചായിരുന്നു. നിയമനങ്ങള്‍ക്കുവേണ്ടി അപേക്ഷ ക്ഷണിക്കുകയോ എന്തെങ്കിലും പൊതു മാനദണ്ഡം പാലിക്കുകയോ ചെയ്തില്ല. കെഎംആര്‍എല്‍ ബോര്‍ഡ് പോലും അറിയാതെ സ്വയം ഉദ്യോഗാര്‍ഥികളെ കണ്ടെത്തുകയായിരുന്നു. കൊച്ചി മെട്രോ പാതയില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച പഠിക്കാന്‍ കുസാറ്റിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ സ്റ്റഡീസിനെ ഏല്‍പ്പിച്ചപ്പോഴും കെഎംആര്‍എലിന് ടെന്‍ഡറിനെ ചൊല്ലി ആശങ്ക ഉണ്ടായിരുന്നില്ല. മെട്രോയുമായി ബന്ധപ്പെട്ട പഠനങ്ങളും സര്‍വേയുമൊക്കെ നടത്തിയ ഡിഎംആര്‍സിയുമായിപ്പോലും ആലോചിക്കാതെയാണ് ഈ രംഗത്ത് മുന്‍ പരിചയമില്ലാത്ത കുസാറ്റ് മാനേജ്മെന്റ് സ്റ്റഡീസിനെ സര്‍വേയും പഠനവും ഏല്‍പ്പിച്ചത്. മാനേജ്മെന്റ് സ്റ്റഡീസിന്റെ തലവന്‍ ടോം ജോസിന്റെ സുഹൃത്താണെന്നതായിരുന്നു കാരണം. ഇതിന് എത്ര പണം നല്‍കിയെന്ന കാര്യം കെഎംആര്‍എല്‍ ബോര്‍ഡിലുള്ളവര്‍ക്കുപോലും അറിയില്ല.

ഇതേ മാതൃകയിലാണ് ടോം ജോസ് മെട്രോയ്ക്ക് ലോഗോയും പേരും തീരുമാനിച്ചത്. ബംഗളൂരുവിലെ ഒരു സ്വകാര്യ പരസ്യ ഏജന്‍സിയെക്കൊണ്ടാണ് ലോഗോ രൂപകല്‍പ്പന ചെയ്യിച്ചത്. വലിയ തുക പ്രതിഫലമായി നല്‍കേണ്ട ഇത്തരം ജോലികള്‍ക്ക് ഒന്നിലേറെ ഏജന്‍സികളുടെ പങ്കാളിത്തം തേടുക സാധാരണമാണ്. മികച്ച ഡിസൈന്‍ തെരഞ്ഞെടുക്കാനാകുന്നതോടൊപ്പം ഈ രംഗത്തെ കഴിവുറ്റവര്‍ക്കെല്ലാം അവസരവും കിട്ടുമായിരുന്നു. എന്നിട്ടും ബോര്‍ഡില്‍ കൂടിയാലോചന പോലും നടത്താതെ മനോരമ പത്രം നിര്‍ദേശിച്ച പേര് മുന്‍ എംഡി തെരഞ്ഞെടുക്കുകയായിരുന്നു. പത്തോളം ആഡംബരകാറുകള്‍ കെഎംആര്‍എലിനുവേണ്ടി സ്ഥിരമായി ഓടുന്നുണ്ട്. പുതിയ എംഡി ചുമതലയേറ്റ ശേഷമാണ് വാഹനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ ആദ്യമായി ടെന്‍ഡര്‍ ക്ഷണിച്ചത്.

deshabhimani 191012

No comments:

Post a Comment