Friday, October 26, 2012

കര്‍ണാടകത്തില്‍ ജാതീയ അനാചാരങ്ങള്‍ക്കെതിരെ പ്രക്ഷോഭം: സിപിഐ എം


കര്‍ണാടകത്തില്‍ നടമാടുന്ന ജാതീയത, അയിത്തം, ദളിത് പീഡനം എന്നിവയ്ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്ന ജാതിതിരിച്ചുള്ള ഭോജനംനിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണപരിപാടികളും റാലിയും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി, ഡിസംമ്പര്‍ 21ന് കൂക്കെ സുബ്രഹ്മണ്യക്ഷേത്ര പരിസരത്ത് ആരംഭിക്കുന്ന വാഹനജാഥ 23ന് മംഗളൂരുവിലെത്തും. തുടര്‍ന്ന് ഉഡുപ്പിയിലേക്ക് കാല്‍നടജാഥ നടത്തും. ഡിസംമ്പര്‍ 27ന് ഉഡുപ്പിയില്‍ വന്‍ റാലിയോടെ ജാഥ സമാപിക്കും.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് ഉഡുപ്പി ക്ഷേത്രത്തില്‍ ഭക്ഷണം നല്‍കുന്നത്. കൂക്കെ സുബ്രമണ്യക്ഷേത്രത്തിലാണ് ബ്രാഹ്മണരുടെ എച്ചിലിലയില്‍ താഴ്ന്ന ജാതിക്കാരെക്കൊണ്ട് ശയനപ്രദിക്ഷണം ചെയ്യിക്കുന്ന "മടെസ്നാ" എന്ന ദുരാചാരം നിലനില്‍ക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ നവംമ്പര്‍ 18നും 19നും രണ്ടു പ്രചാരണജാഥ സംഘടിപ്പിക്കും. 18ന് ബല്‍ഗാം ജില്ലയിലെ രാമദുര്‍ഗയില്‍നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജി എന്‍ നാഗരാജ് നേതൃത്വം നല്‍കും. ഹൂബ്ലി, കാര്‍വാര്‍, മംഗളൂരു, ബല്‍ത്തങ്ങാടി, മടിക്കേരി, മൈസൂര്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്ന ജാഥ ഡിസംബര്‍ മൂന്നിന് ദൊഡ്ഡബല്ലാപുരവഴി ബംഗളൂരുവിലെ യലഹങ്കയില്‍ സമാപിക്കും. 19ന് ബീദര്‍ ജില്ലയിലെ ബസവകല്യാണില്‍നിന്ന് ആരംഭിക്കുന്ന ജാഥയ്ക്ക് സെക്രട്ടറിയറ്റ് അംഗം മാരുതിമാന്‍പടെ നേതൃത്വം നല്‍കും. ഗുല്‍ബര്‍ഗ, റയ്ച്ചൂര്‍, ബല്ലാരി, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ പര്യടനം നടത്തി, ജാഥ മാലൂര്‍ വഴി ബംഗളൂരുവിലെ ആനേക്കലില്‍ ഡിസംബര്‍ മൂന്നിന് സമാപിക്കും. ഡിസംബര്‍ ആദ്യവാരം ബംഗളൂരുവില്‍ ബഹുജനകണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബി മാധവ അധ്യക്ഷനായി.

deshabhimani

No comments:

Post a Comment