Saturday, October 20, 2012

യൂറോ മേഖലയിലെ ബാങ്കുകള്‍ ഏകനിയന്ത്രണ സംവിധാനത്തിലേക്ക്


ബ്രസല്‍സ്: യൂറോ നാണ്യമായ 17 യൂറോപ്യന്‍ രാജ്യങ്ങളിലെ 6000 ബാങ്കുകളും ഒറ്റ നിയന്ത്രണസംവിധാനത്തിന് കീഴിലാക്കുന്നതിന് ധാരണയായി. ഇതിനാവശ്യമായ നിയമപരമായ രൂപരേഖ 2013 ജനുവരി ഒന്നിനകം തയ്യാറാക്കാനും 2013ല്‍ത്തന്നെ സംവിധാനം പ്രാവര്‍ത്തികമാക്കാനും ധാരണയായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെയും ഭരണാധികാരികള്‍ ബ്രസല്‍സില്‍ സമ്മേളിച്ചാണ് സുപ്രധാന തീരുമാനമെടുത്തത്. യൂറോ മേഖലയിലെ പ്രധാന രാഷ്ട്രങ്ങളായ ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ഭിന്നത പ്രകടമായ സമ്മേളനം രൂക്ഷചര്‍ച്ചയ്ക്ക് ശേഷമാണ് ഒത്തുതീര്‍പ്പിലെത്തിയത്.

"ഏക മേല്‍നോട്ടസംവിധാനം" എന്ന് ഔദ്യോഗികനാമമുള്ള നിയന്ത്രണസംവിധാനത്തിന് വേണ്ടി ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ചില രാജ്യങ്ങള്‍ ശക്തിയായി വാദിച്ചപ്പോള്‍ ജര്‍മനിയുടെ നേതൃത്വത്തില്‍ ചിലവ എതിര്‍ത്തു. ഒടുവില്‍ ജര്‍മനി ആവശ്യപ്പെട്ട സാവകാശത്തോടെ ഫ്രാന്‍സ് ആവശ്യപ്പെട്ട സംവിധാനത്തിന് ധാരണയില്‍ എത്തുകയായിരുന്നു. ബാങ്കിങ് കുഴപ്പങ്ങള്‍ ഭാവിയില്‍ ഉണ്ടാകുന്നതും അവ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് പടരുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനമുണ്ടാക്കുന്നത്. ബാങ്കിങ് തകര്‍ച്ച പല യൂറോപ്യന്‍ രാജ്യങ്ങളെയും കുഴപ്പത്തിലേക്ക് നയിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് വാന്‍ റോംപയും യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബറോസോയും ഈ പുരോഗതിയെ സ്വാഗതം ചെയ്തു. എന്നാല്‍, പൂര്‍ണ പ്രവര്‍ത്തന ക്ഷമമായ സംവിധാനം എന്നുണ്ടാകുമെന്ന് പറയാന്‍ ഇരുവരും വിസമ്മതിച്ചു.

ഏക മേല്‍നോട്ടസംവിധാനം നിലവില്‍ വരുന്നതോടെ, യൂറോപ്യന്‍ രാജ്യങ്ങളെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനുണ്ടാക്കിയ സ്ഥിരസംവിധാനമായ യൂറോപ്യന്‍ സ്ഥിരതാസംവിധാനം യൂറോപ്പിലെങ്ങും പ്രവര്‍ത്തനത്തിലാകണമെന്ന് ഫ്രാന്‍സ്, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അക്കാര്യത്തില്‍ ഭിന്നത തുടരുകയാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് മേല്‍നോട്ടസംവിധാനത്തില്‍ നിര്‍ണായക പങ്കുണ്ടാകും എന്നത് യൂറോ മേഖലയില്‍ പെടാത്ത യൂറോപ്യന്‍ രാജ്യങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. തകര്‍ച്ചയിലായ യൂറോ മേഖലാ രാജ്യങ്ങളായ സ്പെയിന്‍, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നിവിടങ്ങളില്‍ ട്രേഡ് യൂണിയനുകള്‍ അടുത്ത മാസം വന്‍ തൊഴിലാളിപ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്

deshabhimani 201012

1 comment:

  1. യൂറോ നാണ്യമായ 17 യൂറോപ്യന്‍ രാജ്യങ്ങളിലെ 6000 ബാങ്കുകളും ഒറ്റ നിയന്ത്രണസംവിധാനത്തിന് കീഴിലാക്കുന്നതിന് ധാരണയായി. ഇതിനാവശ്യമായ നിയമപരമായ രൂപരേഖ 2013 ജനുവരി ഒന്നിനകം തയ്യാറാക്കാനും 2013ല്‍ത്തന്നെ സംവിധാനം പ്രാവര്‍ത്തികമാക്കാനും ധാരണയായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെയും ഭരണാധികാരികള്‍ ബ്രസല്‍സില്‍ സമ്മേളിച്ചാണ് സുപ്രധാന തീരുമാനമെടുത്തത്. യൂറോ മേഖലയിലെ പ്രധാന രാഷ്ട്രങ്ങളായ ഫ്രാന്‍സും ജര്‍മനിയും തമ്മിലുള്ള ഭിന്നത പ്രകടമായ സമ്മേളനം രൂക്ഷചര്‍ച്ചയ്ക്ക് ശേഷമാണ് ഒത്തുതീര്‍പ്പിലെത്തിയത്.

    ReplyDelete