Monday, October 15, 2012

വിപ്ലവവായാടിത്തം തുറന്നുകാട്ടി യുവതയുടെ വിപ്ലവമുന്നേറ്റം


വടകര: വലതുപക്ഷ വിപ്ലവവായാടിത്തത്തെ ചെറുക്കുമെന്ന് പ്രഖ്യാപിച്ച് വടകരയില്‍ യുവതയുടെ വിപ്ലവമുന്നേറ്റം. സിപിഐ എമ്മിനെ വേട്ടയാടി ജനപക്ഷ രാഷ്ട്രീയപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള വലതുപക്ഷ- പിന്തിരിപ്പന്മാരുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് ജാഗ്രതപാലിക്കണമെന്ന ആഹ്വാനവുമായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച വിപ്ലവമുന്നേറ്റം നാടിന്റെ സംഘശക്തിയായി. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി കോട്ടപ്പറമ്പില്‍ സംഘടിപ്പിച്ച പരിപാടി അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷത്തിനെതിരായ കടന്നാക്രമണങ്ങളെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് സമരയൗവനം പ്രതിജ്ഞയെടുത്തു. പൊതു ജനാധിപത്യ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്ന ശക്തികളെ പ്രതിരോധിക്കാനുള്ള സമരമുഖങ്ങളില്‍ ആവേശത്തോടെ അണിനിരക്കുമെന്ന പ്രഖ്യാപനമായിരുന്നു യുവതയുടെ കൂട്ടായ്മ. വലതുപക്ഷവും ഇടതുപക്ഷ തീവ്രവാദികളും ചേര്‍ന്നുള്ള മാര്‍ക്സിസ്റ്റ്വിരുദ്ധ മഹാസഖ്യം നാടിന്റെ നന്മയെ തകര്‍ക്കും. ഇവര്‍ക്ക് പിന്തുണയേകി ഒരുപറ്റം മാധ്യമങ്ങള്‍ തുടരുന്ന നെറികേടുകള്‍ക്കെതിരെ ജനമനസ്സുകളെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിന് യുവജനങ്ങള്‍ മുന്‍കൈയെടുക്കും. ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടി വലതുപക്ഷത്തിന്റെ കൈയിലെ പാവകളായ ഇടതുപക്ഷവിരുദ്ധര്‍ക്കെതിരെയുള്ള മുന്നറിയിപ്പായി. ബ്ലോക്ക് പ്രസിഡന്റ് എ പി പ്രജിത്ത് അധ്യക്ഷനായി. കെ പി സജിത് പ്രതിജ്ഞ ചൊല്ലി. സംസ്ഥാന സെക്രട്ടറി എം ബി രാജേഷ് എംപി, ജില്ലാസെക്രട്ടറി എം ഗിരീഷ്, പ്രസിഡന്റ് കെ കെ ഹനീഫ എന്നിവര്‍ സംസാരിച്ചു.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുവദിക്കില്ല: എം ബി രാജേഷ്

പൊന്നാനി: പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എം പി പറഞ്ഞു. പൊന്നാനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷന്‍ പ്രായം വീണ്ടും ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം കേരളത്തിലെ അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് തൊഴിലന്വേഷകരോടുള്ള കൊടുംവഞ്ചനയാണ്. സംസ്ഥാന ഗവണ്‍മെന്റ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല കേരളത്തിലെ പരിമിതമായ തൊഴിലവസരങ്ങള്‍കൂടി ഇല്ലാതാക്കുകയുമാണ്. പെന്‍ഷന്‍ പ്രായം കൂട്ടി കേരളത്തിലെ യുവജനങ്ങളെ വഴിയാധാരമാക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നീക്കമെങ്കില്‍ അതിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും എം ബി രാജേഷ് എംപി പറഞ്ഞു.

deshabhimani 151012

No comments:

Post a Comment