Friday, October 26, 2012

പെട്രോളിനും ഡീസലിനും അഞ്ചു ശതമാനം സര്‍ചാര്‍ജ്


പെട്രോളിനും ഡീസലിനും അഞ്ചു ശതമാനം സര്‍ചാര്‍ജ് ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് ചുരുങ്ങിയത് മൂന്നര രൂപയും ഡീസലിന് രണ്ടര രൂപയും വര്‍ധിക്കും. ഇന്ധനവില വര്‍ധിക്കുന്നതിനുസരിച്ച് സര്‍ചാര്‍ജും ഉയരും. പാചകവാതകത്തിന് സര്‍ചാര്‍ജ് ബാധകമാണോയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാനത്ത് നടപ്പാക്കുന്ന ഗതാഗതപദ്ധതികള്‍ക്ക് പണം കണ്ടെത്താനെന്ന പേരിലാണ് തീര്‍ത്തും ജനദ്രോഹപരമായ ഈ ബാധ്യത അടിച്ചേല്‍പ്പിക്കുന്നത്. കോഴിക്കോട് മോണോറെയില്‍ ഒന്നാംഘട്ടത്തിന് ഭരണാനുമതി നല്‍കി പൊതുമരാമത്തുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന സ്പെഷ്യല്‍ സെക്രട്ടറി ആര്‍ കൃഷ്ണകുമാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് പുതിയ തീരുമാനം.

സംസ്ഥാനത്ത് വിറ്റഴിക്കുന്ന ഇന്ധനത്തിന് അഞ്ചുശതമാനം സര്‍ചാര്‍ജ് ഈടാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും പറയുന്നു. സംസ്ഥാനത്ത് ആവിഷ്കരിക്കുന്ന മെട്രോ, മോണോറെയില്‍ ഉള്‍പ്പെടെയുള്ള അതിവേഗ ഗതാഗതപദ്ധതികള്‍ക്കുള്ള ധനസമാഹരണമായാണ് അടുത്ത പത്തുവര്‍ഷത്തേക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, പദ്ധതികളെ പൂര്‍ണമായും നികുതികളില്‍നിന്നും തീരുവകളില്‍നിന്നും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിക്കടി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്നതിനു പുറമെയാണ് സംസ്ഥാനത്ത് ആദ്യമായി ഇന്ധനങ്ങള്‍ക്ക് അഞ്ചു ശതമാനം സര്‍ചാര്‍ജ് ചുമത്തുന്നത്. പ്രതിവര്‍ഷം നാലായിരംമുതല്‍ അയ്യായിരം കോടിവരെ രൂപയുടെ പെട്രോളും ഡീസലുമാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇതുപ്രകാരം സര്‍ചാര്‍ജ് ഇനത്തില്‍മാത്രം പ്രതിവര്‍ഷം 200-250 കോടി രൂപയുടെ അധികഭാരം സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നു.

ഇന്ധനവിലയ്ക്കൊപ്പം സര്‍ചാര്‍ജ് നിരക്കും ഉയര്‍ന്നുകൊണ്ടിരിക്കും. അടുത്തിടെ ഇന്ധനവില വര്‍ധിച്ചപ്പോള്‍ തുച്ഛമായ അധിക നികുതി വേണ്ടെന്നു വച്ചതായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലായിരുന്നുവെന്ന് തെളിയിക്കുന്നതാണ് സര്‍ചാര്‍ജ് ചുമത്താനുള്ള തീരുമാനം. സര്‍ചാര്‍ജ് നിലവില്‍ വന്നാല്‍ പെട്രോള്‍ വില 70.21 രൂപയില്‍ നിന്ന് 73.72 രൂപയാകും. 50.75 രൂപ വിലയുള്ള ഡീസലിന് 53.29 രൂപയും. വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ച വിലകൂടി കണക്കാക്കുമ്പോള്‍ ഇത് വീണ്ടും കൂടും. സര്‍ചാര്‍ജ് ഈടാക്കുമെന്നു കാണിച്ചുള്ള ഈ ഉത്തരവ് അസാധാരണവും നിയമവിരുദ്ധവുമാണെന്നും കണക്കാക്കുന്നു. ഇത്തരം തീരുമാനങ്ങള്‍ മന്ത്രിസഭ ഉള്‍പ്പെടെ ചര്‍ച്ചചെയ്ത് നയപരമായി എടുക്കേണ്ടതാണ്. അങ്ങനെ തീരുമാനിച്ചശേഷം രഹസ്യമാക്കി വച്ചതാണെന്നും സംശയമുണ്ട്. ഇത്തരം ഉത്തരവുകള്‍ ഇറക്കേണ്ടത് ധനവകുപ്പാണ്. അതു മറികടന്നാണ് പൊതുമരാമത്തുവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.

M Raghunath Deshabhimani

No comments:

Post a Comment