Friday, October 19, 2012

കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി മുന്‍ ക്യാബിനറ്റ് സെക്രട്ടറി


2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയ കമ്പനികളില്‍നിന്ന് പ്രവേശനഫീസായി 35,000 കോടി രൂപയെങ്കിലും വാങ്ങണമായിരുന്നുവെന്ന് ക്യാബിനറ്റ് സെക്രട്ടറിയായിരിക്കെ താന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നുവെന്ന് കെ എം ചന്ദ്രശേഖര്‍. നിലവില്‍ കേരളത്തിലെ അസൂത്രണബോര്‍ഡ് ഉപാധ്യക്ഷനായ ചന്ദ്രശേഖര്‍ സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)ക്ക് മുമ്പാകെയാണ് യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന മൊഴി നല്‍കിയത്.

ചന്ദ്രശേഖറിന്റെ നിര്‍ദേശം സര്‍ക്കാര്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ 2ജി ലൈസന്‍സ് അനുവദിച്ച ഇനത്തില്‍ സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ തോതിലുള്ള നഷ്ടം സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നു. 1658 കോടി രൂപയ്ക്കാണ് ടെലികോം കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയത്. ചന്ദ്രശേഖര്‍ പറഞ്ഞത് അംഗീകരിച്ചിരുന്നെങ്കില്‍ ഇതിന്റെ 21 മടങ്ങെങ്കിലും അധികം ലഭിക്കുമായിരുന്നു. ടെലിഫോണ്‍ കണക്ഷനുകളുടെ വര്‍ധന, പണപ്പെരുപ്പം എന്നിവ കണക്കിലെടുത്താണ് 35,000 കോടി രൂപയെങ്കിലും ലൈസന്‍സ് ഫീസ് ഈടാക്കണമെന്ന് 2007 നവംബര്‍ 26 ന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടതെന്ന് ചന്ദ്രശേഖര്‍ പറഞ്ഞതായി യോഗത്തിന് ശേഷം പാര്‍ലമെന്റ് അനക്സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജെപിസി ചെയര്‍മാന്‍ പി സി ചാക്കോ പറഞ്ഞു. മുന്‍ഗണനാക്രമത്തില്‍ 2ജി ലൈസന്‍സ് നല്‍കണമെന്ന ട്രായിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് പരിശോധിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട വേളയിലാണ് ഈ നിര്‍ദേശം ഉന്നയിച്ചതെന്നും 2007 മുതല്‍ 2011 വരെ ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ചന്ദ്രശേഖര്‍ പറഞ്ഞു. പ്രവേശന ഫീസ് വര്‍ധിപ്പിക്കേണ്ട കാര്യം തീരുമാനിക്കേണ്ടത് ടെലികോം മന്ത്രാലയമാണെന്നും സര്‍ക്കാര്‍ നയമനുസരിച്ചു മാത്രമേ അവര്‍ക്ക് തീരുമാനം ഏടുക്കാന്‍ കഴിയുമായിരുന്നുള്ളുവെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. പ്രധാനമന്ത്രി സ്പെക്ട്രം വില്‍പ്പനയെക്കുറിച്ച് സ്വന്തമായ രീതിയില്‍ മറ്റ് സ്രോതസ്സുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നതായും അദ്ദേഹം ജെപിസിയെ അറിയിച്ചു. ലേലം നടത്തണമെന്ന് ധനമന്ത്രാലയം നിഷ്കര്‍ഷിച്ചതായി പറയുന്ന 2011 മാര്‍ച്ച് 25ലെ രേഖ തീര്‍ത്തും ആഭ്യന്തരമായ നടപടിയാണ്.

2ജി സ്പെക്ട്രം വില്‍പ്പനയുടെ സമയക്രമം വ്യക്തമാക്കാനും നയത്തില്‍ ഐകരൂപ്യം ഉണ്ടാക്കാനും ലക്ഷ്യമിട്ടാണ് അത്തരമൊരു രേഖ തയ്യാറാക്കാന്‍ താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍,രേഖ അന്തിമമായി തയ്യാറാക്കിയത് തന്റെ ജോയിന്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ധനമന്ത്രാലയമാണ്. രേഖയിലെ ചില വിലയിരുത്തലുകളും പരാമര്‍ശങ്ങളും ഒഴിവാക്കാമായിരുന്നുവെന്നും ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. അതിനിടെ പ്രധാനമന്ത്രിയെയും ധനമന്ത്രി പി ചിദംബരത്തെയും ജെപിസിയിലേക്ക് വിളിപ്പിക്കില്ലെന്ന് പി സി ചാക്കോ വ്യക്തമാക്കി. പ്രധാനമന്ത്രിയെ ജെപിസിക്ക് മുമ്പില്‍ വിളിക്കുന്ന പാരമ്പര്യമില്ല. യോഗത്തില്‍ സമവായമോ ഭൂരിപക്ഷാഭിപ്രായമോ ഇല്ലാത്തതിനാല്‍ ധനമന്ത്രിയെയും വിളിക്കാനാവില്ല-ചാക്കോ പറഞ്ഞു. ധനമന്ത്രിയെ വിളിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതുകൊണ്ട് ബിജെപിയിലെ ആറ് അംഗങ്ങള്‍ വ്യാഴാഴ്ചത്തെ യോഗവും ബഹിഷ്കരിച്ചു. നവംബര്‍ എട്ടിനാണ് അടുത്ത യോഗം.

deshabhimani 191012

No comments:

Post a Comment