Sunday, October 21, 2012

കൂടംകുളം: പുതിയ റിയാക്ടറിനെ എതിര്‍ക്കും- കോടിയേരി


കോഴിക്കോട്: കൂടംകുളത്ത് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യസുരക്ഷ, തൊഴില്‍സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി കെഎസ്ടിഎ സംഘടിപ്പിച്ച സംസ്ഥാന അധ്യാപിക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൂടംകുളത്തിന്റെ പേരില്‍ ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വിവാദമുണ്ടാക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ വരുന്നതിന് മുമ്പാണ് കൂടംകുളം നിലയവും സ്ഥാപിച്ചത്. വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ റഷ്യയുടെ സഹായത്തോടെ സ്ഥാപിക്കുന്ന പ്ലാന്റ് ആയതുകൊണ്ടല്ല അനുകൂലനിലപാട് സ്വീകരിച്ചത്. ഫുകുഷിമ ആണവ ദുരന്തത്തിനുശേഷം ആണവനിലയങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ടാണ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ ഇന്ധനം നിറയ്ക്കാവൂ എന്ന് പാര്‍ടി ആവശ്യപ്പെട്ടത്. കൂടംകുളത്ത് സമരം ചെയ്യുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതും പിന്‍വലിക്കണം. ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ നിലവില്‍ വന്ന ശേഷം ഏറ്റവും ചെലവേറിയ വൈദ്യുതി ആണവനിലയത്തില്‍നിന്നുള്ളതാണ്. പാവപ്പെട്ടവന് വൈദ്യുതി കിട്ടാത്ത സാഹചര്യമാണ് കരാറിലൂടെ ഉണ്ടായത്. അതുകൊണ്ട് കൂടംകുളത്ത് നിലവിലുള്ളതിനുപുറമെ പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രക്ഷോഭം നടത്തും. രാജ്യത്ത് മറ്റ് നാല് ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനെ എതിര്‍ക്കും. കൂടംകുളത്ത് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ 266 മെഗാവാട്ട് കേരളത്തിനുള്ളതാണ്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വൈദ്യുതി ചോദിച്ചുവാങ്ങാന്‍പോലും മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് കോടിയേരി പറഞ്ഞു.

deshabhimani 211012

1 comment:

  1. കൂടംകുളത്ത് പുതിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനെ സിപിഐ എം എതിര്‍ക്കുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യസുരക്ഷ, തൊഴില്‍സുരക്ഷ എന്ന മുദ്രാവാക്യമുയര്‍ത്തി കെഎസ്ടിഎ സംഘടിപ്പിച്ച സംസ്ഥാന അധ്യാപിക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete