Saturday, October 20, 2012

പൂതാടി ബാങ്കിലെ സ്വര്‍ണപണയ തട്ടിപ്പ് കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍


പുല്‍പ്പള്ളി: പൂതാടി സര്‍വീസ് സഹകരണ ബാങ്കിന്റെ പാപ്ലശേരി ശാഖയില്‍ 35 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ട സ്വര്‍ണപണയ തട്ടിപ്പ് നടന്നത് കോണ്‍ഗ്രസ് വാകേരി മണ്ഡലം വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍. കോണ്‍ഗ്രസിന്റെ ജില്ലയിലെ മിക്ക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വാകേരി മണ്ഡലം വൈസ് പ്രസിഡന്റ് സെയ്തലവിയും ബ്രാഞ്ച് മാനേജര്‍ സേതുമാധവനുമാണ് തട്ടിപ്പിലെ സൂത്രധാരന്മാരെന്ന് പോലീസ് കരുതുന്നു. ബാങ്ക് പ്രസിഡന്റുകൂടിയായ കെ കെ വിശ്വനാഥനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രാദേശികനേതാവെന്ന നിലയിലാണ് ഈ ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് സെയ്തലവി സ്വീകാര്യനായത്. അത്താഴപട്ടിണിക്കാരനും കൂലിവേലക്കാരനുമായിരുന്ന സെയ്തലവിയുടെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

പൊലീസ് നടത്തിയ പരിശോധനയില്‍ 196 പവന്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി കേസ് അന്വേഷിക്കുന്ന പുല്‍പള്ളി സി ഐ എസ് അര്‍ഷാദ് പറഞ്ഞു. 24 പേരിലൂടെയാണ് 35 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടം പൂതാടി ബാങ്കിന്റെ പാപ്ലശേരി ശാഖയില്‍ പണയപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ തുക പണയമായി വാങ്ങിയിട്ടുള്ളത്. ബ്രാഞ്ച് മാനേജര്‍ സേതുമാധവന്‍ അടക്കം 12 പേരുടെ പേരിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സെയ്തലവിയാണ് രണ്ടാം പ്രതി. ഇയാള്‍ കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ബാങ്കില്‍ അഞ്ച് ലക്ഷത്തിന്റെ മുക്കുപണ്ടം സ്വന്തം പേരില്‍ പണയം വെച്ചാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. പിന്നീട് പലരുടേയും പേരില്‍ പണയം വെക്കുകയായിരുന്നു. ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പലരും കൂലിവേലക്കാരും താമസിക്കാന്‍ സ്വന്തമായി വീടുപോലും ഇല്ലാത്തവരുമാണ്. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ഷിബു എന്ന യുവാവ് കഴിഞ്ഞ വാരാന്ത്യത്തില്‍ ബാങ്കിന്റെ പാപ്ലശേരി ശാഖയില്‍ മുക്കുപണ്ടമാണെന്ന് അറിയാതെ സെയ്തലവി ഏല്‍പ്പിച്ച സ്വര്‍ണാഭരണം പണയം വെക്കാന്‍ എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ഷിബു എത്തിയപ്പോള്‍ മാനേജര്‍ സേതുമാധവന്‍ ഉണ്ടായില്ല. പകരം ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സ്വര്‍ണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്.

കഴിഞ്ഞമാസം സെയ്തലവിയുടെ വാകേരിയിലെ വീട്ടില്‍ നടത്തിയ വിരുന്നുസല്‍ക്കാരത്തില്‍ ജില്ലയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവരും പങ്കെടുത്തിരുന്നു. പൂതാടി ഷോപ്പിങ് കോംപ്ലക്സ് കേസില്‍ പഞ്ചായത്ത് തിരിച്ചടക്കാന്‍ ട്രിബ്യൂണല്‍ പിഴ വിധിച്ച കേസ് പണം അടച്ച് തീര്‍ത്ത സംഭവവുമായി മുക്കുപണ്ട പണയത്തിനും ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ജില്ലാ സഹകരണ ബാങ്കിന്റെ കല്‍പറ്റ മെയിന്‍ ബ്രാഞ്ചില്‍ നടന്ന മുക്കുപണ്ടം പണയ കേസിന് ശേഷം ജില്ലയിലെ എല്ലാ പ്രാഥമിക ബാങ്കുകളിലും പരിശോധ നടത്തി യഥാര്‍ഥ സ്വര്‍ണമാണ് പണയം വാങ്ങിയിട്ടുള്ളതെന്ന് സഹകരണ വകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഡിപ്പാര്‍ട്ടുമെന്റ് നടത്തിയതായി അവകാശപ്പെടുന്ന പരിശോധന പ്രഹനമായിരുന്നുവെന്ന് ഇതോടെ തെളിയുകയാണ്. ജില്ലാ ബാങ്ക് അധികൃതരും പ്രാഥമിക ബാങ്കുകളില്‍ പണയം സ്വര്‍ണം പരിശോധിച്ചതായാണ് രേഖ. എന്നാല്‍ ഇക്കാര്യത്തിലും ഒത്തുകളി നടന്നുവെന്ന് പുറത്തുവരുന്ന വസ്തുകള്‍ തന്നെ തെളിവാകുകയാണ്.

വിജിലന്‍സ് അന്വേഷിക്കണം: സിപിഐ എം

പുല്‍പ്പളളി: പൂതാടി സര്‍വീസ് സഹകരണ ബാങ്കിന്റെ പാപ്ലശ്ശേരി ബ്രാഞ്ചില്‍ നടന്ന മുക്കുപണ്ട തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കണമെന്ന് സിപിഐ എം പുല്‍പ്പളളി ഏരിയാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് 22ന് കേണിച്ചിറയില്‍ ബാങ്ക് ഹെഡ് ഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തും. വാകേരി മണ്ഡലം കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് ഉളളാട്ടില്‍ സെയ്തലവിയാണ് മുക്കുപണ്ടം പണയംവെച്ച് 44 ലക്ഷം തട്ടിയെടുത്തത്. തട്ടിപ്പ് സംബന്ധിച്ച് ബാങ്കിലെ ചില ജീവനക്കാരില്‍നിന്ന് ചൊവ്വാഴ്ചയാണ് വിവരം പുറത്തുവന്നത്. കോണ്‍ഗ്രസ് നേതൃത്വം വിഷയം ഒതുക്കാന്‍ ശ്രമിക്കുകയായിരുന്നു. വാര്‍ത്തയായതോടെ മാനേജരെ ബലിയാടാക്കി പ്രശ്നത്തില്‍നിന്ന് തടിയൂരാനാണ് ശ്രമം.

സെയ്തലവിയുടെ ചൂഷണത്തിനിരയായ നിരപരാധികളെകൂടി കളളക്കേസില്‍ കുടുക്കുന്നതിന് ബാങ്ക് പ്രസിഡന്റ് ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. സെയ്തലവി സാമ്പത്തികമായി തകര്‍ന്ന നിലയിലായിരുന്നു. അടുത്തകാലത്തായി ആര്‍ഭാടജീവിതമാണ് നയിക്കുന്നത്. ബാങ്ക് ഭരണസമിതിയിലെ ഉന്നതര്‍ക്കും പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനും തട്ടിപ്പില്‍ ബന്ധമുള്ളതായി സംശയിക്കുന്നു. ബാങ്കില്‍ 10 വര്‍ഷത്തിനിടയിലെ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം. കര്‍ഷകര്‍ക്ക് വായ്പ അനുവദിക്കാത്ത ബാങ്ക്, കുടുബശ്രീകള്‍ക്ക് ഗൃഹോപകരണങ്ങളും മറ്റ് യന്ത്രോപകരണങ്ങളും വാങ്ങി നല്‍കുന്നതിന്റെ ഇടനിലക്കാരായി കമീഷന്‍ കൈപ്പറ്റുകയാണെന്നും അവര്‍ പറഞ്ഞു- സിപി ഐ എം ജില്ലാകമ്മിറ്റിയംഗം ടി ബി സുരേഷ്, എം എസ് സുരേഷ്ബാബു, എം കെ ശ്രീനിവാസന്‍, എ വി ജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 201012

1 comment:

  1. പുല്‍പ്പള്ളി: പൂതാടി സര്‍വീസ് സഹകരണ ബാങ്കിന്റെ പാപ്ലശേരി ശാഖയില്‍ 35 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ട സ്വര്‍ണപണയ തട്ടിപ്പ് നടന്നത് കോണ്‍ഗ്രസ് വാകേരി മണ്ഡലം വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍. കോണ്‍ഗ്രസിന്റെ ജില്ലയിലെ മിക്ക നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വാകേരി മണ്ഡലം വൈസ് പ്രസിഡന്റ് സെയ്തലവിയും ബ്രാഞ്ച് മാനേജര്‍ സേതുമാധവനുമാണ് തട്ടിപ്പിലെ സൂത്രധാരന്മാരെന്ന് പോലീസ് കരുതുന്നു.

    ReplyDelete