Wednesday, October 31, 2012

യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീവിരുദ്ധം: പിണറായി


കുടുംബശ്രീയെ ഉന്മൂലനം ചെയ്യാനുള്ള നീക്കം യുഡിഎഫ് സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുക എന്ന ആവശ്യമുയര്‍ത്തി സംഘടിപ്പിച്ച അഖിലേന്ത്യാ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. സമൂഹത്തില്‍ എല്ലാ തലങ്ങളിലുമുള്ള സ്ത്രീകള്‍ പീഡനത്തിനും അവഗണനയ്ക്കും ഇരയാകുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കുടുംബശ്രീക്കെതിരെ തിരിഞ്ഞത്.

കുടുംബശ്രീയെ തകര്‍ക്കുന്ന നയത്തിനെതിരായ പോരാട്ടത്തിന് സ്ത്രീകളില്‍നിന്ന് സജീവപിന്തുണയുണ്ടായി. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ സമരം ഉയര്‍ന്നുവരുമെന്നതിന്റെ സൂചനയാണിത്. യുഡിഎഫ് ഭരിക്കുമ്പോള്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതരായി യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. ട്രെയിനില്‍ പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം കേന്ദ്രസഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ക്കുണ്ടായ ദുരനുഭവം കോണ്‍ഗ്രസ് സംസ്കാരമാണ് കാണിക്കുന്നത്. മുമ്പ് അംബികാസോണിക്കും ഓസ്കാര്‍ ഫെര്‍ണാണ്ടസിന്റെ ഭാര്യക്കും ഇത്തരം അനുഭവം ഉണ്ടായി. സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ കുറ്റകൃത്യങ്ങളില്‍ പൊലീസിലെ ചിലര്‍ പങ്കാളികളാകുന്നു. സംരക്ഷണം കൊടുക്കേണ്ടവര്‍ കുറ്റവാളികളാകുന്ന സാഹചര്യം അനുവദിച്ചുകൂട.

മംഗളൂരുവിലെ ശ്രീരാമസേനയുടെ മറുപതിപ്പായി കേരളത്തിലും സദാചാര പൊലീസ് രംഗത്തുണ്ട്. ഇവര്‍ നിരവധി അക്രമങ്ങളും കൊലപാതകങ്ങള്‍ പോലും നടത്തിയിട്ടുണ്ട്. വര്‍ഗീയ ശക്തികള്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതിയില്‍വരെ ഇടപെടുന്നു. സ്കൂളുകളില്‍ ഒരു ബെഞ്ചില്‍ ഒരേ മതസ്ഥര്‍തന്നെ ഇരിക്കണമെന്ന് ചില മതഭ്രാന്തന്മാര്‍ നിര്‍ബന്ധിക്കുന്നു. മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കലാണിത്. വര്‍ഗീയ ശക്തികളുടെ ഇത്തരം ഇടപെടല്‍ ഒറ്റപ്പെടുത്തണം. സ്ത്രീപ്രശ്നത്തെ മറ്റു സാമൂഹ്യപ്രശ്നങ്ങളുടെ ഭാഗമെന്ന നിലയില്‍തന്നെ കാണണം. സ്ത്രീവിമോചനം സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയിലൂടെയേ പ്രയോഗികമാകൂ. സ്ത്രീകളില്‍ സ്വത്വബോധമുയര്‍ത്തി വര്‍ഗ രാഷ്ട്രീയത്തില്‍ നിന്നകറ്റാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സ്ത്രീപ്രശ്നങ്ങള്‍ വര്‍ഗപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കണം. സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരത്തെ വര്‍ഗസമരത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്തമാണ്- പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment