Thursday, October 18, 2012
മുടക്കോഴിയിലെ ബലാത്സംഗം കെട്ടുകഥ: പൊലീസ്
പേരാവൂര്‍ മുടക്കോഴി മലയിലെ ഒരു സ്ത്രീയുടെ മരണവുമായി ബന്ധിപ്പിച്ച് മംഗളം പത്രം ബുധനാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇരിട്ടി സിഐ വി വി മനോജ് മുടക്കോഴിയിലെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചു. സെപ്തംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച വണ്ണത്താന്‍ പറമ്പില്‍ കൗസു(55)വിന്റെ വീട്ടിലാണ് പൊലീസ് എത്തിയത്. കൗസുവിന്റെ മരണവും മംഗളം വാര്‍ത്തയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പത്രവാര്‍ത്തയില്‍ പറയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഒരു തെളിവും ലഭിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ "ദേശാഭിമാനി"യോട് പറഞ്ഞു. പ്രദേശത്ത് ഇത്തരത്തില്‍ അത്മഹത്യയോ, മരണമോ നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ വന്ന ഇത്തരം വാര്‍ത്തകളുടെ കാര്യത്തിലും ഒരു തെളിവും ലഭിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ മുടക്കോഴിയില്‍ ഒളിവില്‍ കഴിയവേ ബലാത്സംഗംചെയ്ത് ഗര്‍ഭിണിയാക്കിയ സ്ത്രീ ആത്മഹത്യ ചെയ്തെന്നാണ് വാര്‍ത്ത. സെപ്തംബര്‍ 24നായിരുന്നു ആത്മഹത്യയെന്ന് കോഴിക്കോട് ലേഖകന്റേതായി വന്ന വാര്‍ത്തയില്‍ പറയുന്നു. മുടക്കോഴിയിലോ പരിസരങ്ങളിലോ 24ന് ആത്മഹത്യയോ, മരണമോ നടന്നതായി നാട്ടുകാര്‍ക്ക് ആര്‍ക്കും അറിയില്ല. അടുത്തകാലത്തൊന്നും ഈ പ്രദേശത്ത് ആത്മഹത്യ നടന്നിട്ടില്ലെന്നും നാട്ടുകാര്‍ ഉറപ്പിച്ച് പറയുന്നു. വര്‍ഷങ്ങളായി പലവിധ രോഗങ്ങള്‍ കാരണം ചികിത്സയിലായിരുന്ന കൗസു മരിച്ചത് സെപ്തംബര്‍ മുപ്പതിനാണ്. വാതരോഗം മൂലം ശരീരം തളര്‍ന്ന ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യവും ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഹൃദ്രോഗത്തിന് കുറേക്കാലമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ ചികിത്സയിലുമായിരുന്നു. സെപ്തംബര്‍ 28ന് വൈകിട്ട് ഏഴോടെ വീട്ടില്‍വച്ച് വീണ് പരിക്കേറ്റ കൗസുവിനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില മോശമായതിനാല്‍ അടുത്ത ദിവസം കോഴിക്കോട്ടേക്ക് മാറ്റി. 30ന് രാവിലെ ഏഴോടെ മരിച്ചു. ഈ മരണത്തെയാണ് മംഗളം പീഡന മരണമായി ചിത്രീകരിക്കുന്നതെന്ന ധാരണയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സായാഹ്ന പത്രങ്ങളും വാര്‍ത്ത കൊടുത്തു. ഇല്ലാത്ത ആത്മഹത്യയുടെ വാര്‍ത്ത കേട്ട് അന്തംവിട്ടരിക്കുകയാണ് നാട്ടുകാര്‍. കൗസുവെന്ന സാധു സ്ത്രീയെ അറിയുന്നവരാകട്ടെ വിചിത്രമായ വാര്‍ത്താസൃഷ്ടി കണ്ട് രോഷാകുലരുമാണ്.
deshabhimani news
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment