Monday, October 29, 2012
കയറ്റുമതി വര്‍ധിച്ചിട്ടും നാളികേരവില ഇടിയുന്നു
നാളികേര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടാകുമ്പോഴും തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വിലയില്ലാതെ കേരകര്‍ഷകര്‍ നട്ടംതിരിയുന്നു. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 309.1 കോടി രൂപയുടെ വര്‍ധന ഉണ്ടായി. എന്നാല്‍, ഇടനിലക്കാരുടെ ചൂഷണം കാരണം കേരകര്ഷകന് ഇതിന്റെ ഗുണം ലഭിക്കുന്നില്ല. കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷമായി നാളികേര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ക്രമമായി വര്‍ധിക്കുകയാണ്. നാളികേര വികസനബോര്‍ഡിന്റെ കണക്കനുസരിച്ച് 2008-09ല്‍ 329.8 കോടി രൂപയും 2009-10ല്‍ 432.28 കോടി രൂപയും 2010-11ല്‍ 525.65 കോടി രൂപയും 2011-12ല്‍ 834.75 കോടി രൂപയുമാണ് കയറ്റുമതി. പച്ചത്തേങ്ങ, തൂള്‍ തേങ്ങ, തേങ്ങാപ്പിണ്ണാക്ക്, ചിരട്ട, ചിരട്ടക്കരി, കൊപ്ര, ചിരട്ടക്കരിയില്‍ നിന്ന് തയ്യാറാക്കുന്ന ഉത്തേജിത കാര്‍ബണ്‍ എന്നിവയാണ് ഇന്ത്യ കയറ്റുമതിചെയ്യുന്ന നാളികേര ഉല്‍പ്പന്നങ്ങള്‍. ഉത്തേജിത കാര്‍ബണ്‍ ആണ് കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. 2011-12ല്‍ 347.60 കോടി രൂപയാണ് ഉത്തേജിത കാര്‍ബണ്‍ കയറ്റുമതിയിലൂടെമാത്രം ലഭിച്ചത്.
രാജ്യത്ത് സര്‍ക്കാര്‍ ഏജന്‍സികളൊന്നും നാളികേര ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിചെയ്യുന്നില്ല. സ്വകാര്യ ഏജന്‍സികളാണ് ഈ രംഗം കൈയടക്കിയിട്ടുള്ളത്. കൊച്ചിയിലെ മൂന്നു കമ്പനികള്‍ 2011-12 സാമ്പത്തിക വര്‍ഷം 80 കോടിയിലധികം രൂപയാണ് കയറ്റുമതിയിലൂടെ നേടിയത്. കയറ്റുമതിക്കുള്ള പച്ചത്തേങ്ങ ഏറെയും തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍നിന്നാണ് വരുന്നത്. കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് എത്ര തേങ്ങ വേണമെങ്കിലും പൊള്ളാച്ചിയില്‍നിന്ന് കച്ചവടക്കാര്‍ എത്തിക്കും. ഇതിനാല്‍ കേരളത്തിലെ തേങ്ങയ്ക്ക് വിലയിടിയുന്നു. പലയിടങ്ങളിലും തേങ്ങ കെട്ടിക്കിടന്ന് കിളിര്‍ത്ത് നശിക്കുകയാണ്. കര്‍ഷകര്‍ കിട്ടിയ വിലയ്ക്ക് തേങ്ങ വില്ക്കാന് നിര്‍ബന്ധിതരാകുന്നു. ഇതിലൂടെ വന്‍തോതില്‍ ലാഭമുണ്ടാക്കുകയാണ് ഇടനിലക്കാര്‍. കയറ്റുമതിക്കാര്‍ക്ക് തേങ്ങ എത്തിക്കാന്‍ സംഘടിത സംവിധാനം ഇല്ലാത്തതും കേരളത്തിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്. നാളികേര ഉല്‍പ്പന്നങ്ങള്‍ക്ക് ആഭ്യന്തരവിപണിയില്‍ വില കുറഞ്ഞ് അന്താരാഷ്ട്ര വിപണിക്കൊപ്പം എത്തിയതാണ് കയറ്റുമതി കൂടാന്‍ കാരണമെന്ന് വികസനബോര്‍ഡ് അസിസ്റ്റന്റ് മാര്‍ക്കറ്റിങ് ഓഫീസര്‍ കെ എസ് സെബാസ്റ്റ്യന്‍ പറഞ്ഞു. ആഭ്യന്തര വില അന്താരാഷ്ട്ര വിലയേക്കാള്‍ ഉയര്‍ന്നിരുന്നപ്പോള്‍ കയറ്റുമതി ആദായകരമായിരുന്നില്ല. ആസിയാന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ അന്താരാഷ്ട്ര വിപണിയില്‍ മത്സരിച്ച് വില കുറയ്ക്കുന്നുമുണ്ട്.
(അഞ്ജുനാഥ്)
deshabhimani
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment