Monday, October 29, 2012

അട്ടിമറി നീക്കം വിജയിക്കുന്നു; ഡിഎംആര്‍സി ഇല്ലെന്ന് കേന്ദ്രമന്ത്രിയും


കൊച്ചി മെട്രോയുടെ നിര്‍മ്മാണ കരാറില്‍ നിന്നും ഡിഎംആര്‍സി പിന്‍മാറുമെന്ന് ഉറപ്പായി. ഡിഎംആര്‍സിക്ക് കമല്‍നാഥ് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.എന്നാല്‍ ഏറ്റെടുത്ത ആദ്യഘട്ടജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഫലത്തില്‍ പദ്ധതിയില്‍ നിന്നും ഡിഎംആര്‍സി ഒഴിവാകും. ഇതോടെ മെട്രോ റെയില്‍ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ പൂര്‍ണ്ണമായും പുറത്താക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വിജയം കാണുന്നതായാണ് സൂചന.

പദ്ധതി ഏറ്റെടുക്കുന്നതിനുള്ള സാങ്കേതിക വൈഷമ്യങ്ങള്‍ കമല്‍നാഥ് ചൂണ്ടിക്കാട്ടിയതായി കമല്‍നാഥുമായുള്ള ചര്‍ച്ചക്ക് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ഷീല ദീക്ഷിത് തയ്യാറായില്ല. കൊച്ചി മെട്രോയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി- കേരള സര്‍ക്കാരുകള്‍ സംയുക്തയോഗം ചേരുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കണം. ഇക്കാര്യം സംബന്ധിച്ച് ബുധനാഴ്ച ഇ ശ്രീധരനുമായി ചര്‍ച്ച നടത്തും.

കൊച്ചി മെട്രോ ഇ ശ്രീധരനെ തന്നെ ഏല്‍പ്പിക്കുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞു മാറി. കൊച്ചി മെട്രോയടക്കമുള്ള വികസന പദ്ധതികള്‍ എമേര്‍ജിങ്ങ് കേരളയില്‍ ഉള്‍പ്പെടുത്തിയതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. വലിയ പദ്ധതികള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നായിരുന്നു വിശദീകരണം.

മെട്രോ കുഴപ്പത്തിലേക്ക്: പിണറായി

കൊച്ചി മെട്രോയുടെ കാര്യത്തില്‍ ജനങ്ങളെ വിഡ്ഡികളാക്കാന്‍ കഴിയില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആളുകള്‍ എല്ലാം മനസിലാക്കുന്നുണ്ട്. മെട്രോ വീണ്ടും കുഴപ്പത്തിലേക്കു പോവുകയാണെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്. ഡല്‍ഹിക്ക് പുറത്തുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ഡിഎം ആര്‍സിക്കെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ നടത്തിയ ശ്രമം പോലെയാണെങ്കില്‍ അത് ഡിഎംആര്‍സിയെ ഒഴിവാക്കാനുള്ളതാണല്ലോ. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളവരെ പദ്ധതി ഏല്‍പ്പിക്കാനുള്ള ശ്രമമാണല്ലോ ഇതുവരെ മുഖ്യമന്ത്രി നടത്തിയത്. ആളുകള്‍ എല്ലാം മനസിലാക്കുന്നുണ്ട്. മെട്രോയെ അങ്ങനെ വിട്ടു കൊടുക്കാന്‍ കഴിയില്ല. ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിക്കെതിരെ നന്നായി പ്രതികരിക്കുമെന്നും പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 

1 comment:

  1. കൊച്ചി മെട്രോയുടെ നിര്‍മ്മാണ കരാറില്‍ നിന്നും ഡിഎംആര്‍സി പിന്‍മാറുമെന്ന് ഉറപ്പായി. ഡിഎംആര്‍സിക്ക് കമല്‍നാഥ് മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.എന്നാല്‍ ഏറ്റെടുത്ത ആദ്യഘട്ടജോലികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഫലത്തില്‍ പദ്ധതിയില്‍ നിന്നും ഡിഎംആര്‍സി ഒഴിവാകും. ഇതോടെ മെട്രോ റെയില്‍ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സിയെ പൂര്‍ണ്ണമായും പുറത്താക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം വിജയം കാണുന്നതായാണ് സൂചന.

    ReplyDelete