Friday, October 26, 2012
പെരുന്നാളിനും സപ്ലൈകോ വില്‍പ്പനശാലകള്‍ ശൂന്യം
ന്യായവിലയില്‍ സാധനങ്ങള്‍ ലഭ്യമാക്കേണ്ട സപ്ലൈകോ മാര്‍ക്കറ്റുകളില്‍ ബലിപെരുന്നാളിനും നിത്യോപയോഗ സാധനങ്ങളില്ല. വിലക്കയറ്റത്തിനിടെ സാധാരണക്കാരന് ആശ്വാസമാകേണ്ട മാവേലിസ്റ്റോറുകളും ലാഭം മാര്‍ക്കറ്റുകളും ശൂന്യമാണ്. സബ്സിഡി നിരക്കില്‍ വിതരണംചെയ്ത പല നിത്യോപയോഗ സാധനങ്ങളും സ്റ്റോക്കില്ല. സപ്ലൈകോയുടെ അറുപതോളം ഡിപ്പോകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഇവിടെനിന്നാണ് ഔട്ട്ലെറ്റുകളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നത്. ഓരോ ഡിപ്പോയ്ക്ക് കീഴിലും ശരാശരി 20 ഔട്ട്ലെറ്റ് പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഡിപ്പോകളില്‍ അവശ്യസാധനങ്ങള്‍ക്ക് രൂക്ഷമായ ക്ഷാമമാണ്. എത്തുന്ന സാധനങ്ങള്‍ ഓരോ ഔട്ട്ലെറ്റിലേക്കും പരിമിതമായി വീതംവച്ചുകൊടുക്കുകയാണ് ഡിപ്പോ അധികൃതര്‍.
പൊതുവിപണിയില്‍നിന്നുള്ള കാര്യമായ വിലക്കുറവാണ് ജനങ്ങളെ സപ്ലൈകോയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. അരി (ജയ, മട്ട, കുറുവ), പഞ്ചസാര, വന്‍പയര്‍, ഉഴുന്ന്, ചെറുപയര്‍, കടല, തുവര, മുളക്, മല്ലി, പച്ചരി തുടങ്ങിയ 14 ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. ഇവയില്‍ പലതും നിലവില്‍ സ്റ്റോക്കില്ല. പെരുന്നാള്‍ കാലമായിട്ടും ആവശ്യത്തിന് അരിപോലും പലയിടത്തും സ്റ്റോക്കില്ല. പച്ചരിക്കാണ് ഏറ്റവും ക്ഷാമം. ഒരു മാസമായി പഞ്ചസാരയും കിട്ടാനില്ല. മുളക്, വന്‍പയര്‍, ചെറുപയര്‍, മല്ലി തുടങ്ങിയവയുടെ സ്ഥിതിയും വ്യത്യസ്തമല്ല.
മുമ്പ് ജനങ്ങള്‍ക്ക് സാധനങ്ങള്‍ ആവശ്യാനുസൃതം സപ്ലൈകോയില്‍നിന്ന് വാങ്ങാന്‍ സാധിക്കുമായിരുന്നു. അടുത്തിടെ സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം നിശ്ചിത അളവിലാണ് സാധന വിതരണം. 15 ദിവസത്തേയ്ക്ക് 10 കിലോ അരി, ധാന്യവര്‍ഗങ്ങളും പഞ്ചസാരയുമടക്കമുള്ളവ ഓരോ കിലോ വീതം എന്നായിരുന്നു നിശ്ചയിച്ച പരിധി. എന്നാല്‍, സാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമല്ലാതായതോടെ ഇത് ഒരു മാസമായി ചുരുക്കി. ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്ന ജീരകം, കടുക്, ഉലുവ, പീസ്പരിപ്പ്, ഉഴുന്നുപരിപ്പ് എന്നിവയുടെ സബ്സിഡി എടുത്തുകളഞ്ഞതും തിരിച്ചടിയായി. സബ്സിഡിയില്ലാത്ത ഇനങ്ങള്‍മാത്രമാണ് സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ പ്രധാനമായും ഉള്ളത്. ഇതിനാവട്ടെ പൊതുവിപണിയില്‍നിന്ന് വലിയ വിലവ്യത്യാസമില്ല. ഓരോ മാസവും ടെന്‍ഡര്‍ നല്‍കിയാണ് ഡിപ്പോകളില്‍ ചരക്ക് ഇറക്കുക. നവംബറിലേക്കുള്ള ടെന്‍ഡര്‍ ഇതുവരെ കൊടുത്തിട്ടില്ല. ഇത് അവശ്യസാധന ക്ഷാമം രൂക്ഷമാക്കും.
(സുജിത് ബേബി)
ലാഭം മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ഇരട്ടിനഷ്ടം
സപ്ലൈകോയുടെ ലാഭം മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇരട്ടിനഷ്ടം. പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങളില്‍ പലതിനും പൊതുവിപണിയെക്കാള്‍ ഉയര്‍ന്ന വില നല്‍കണം. സര്‍ക്കാര്‍ സബ്സിഡി ഗണ്യമായി വെട്ടിക്കുറച്ചതും ഔട്ട്ലെറ്റുകള്‍ ലാഭത്തിലാക്കാന്‍ മാനേജര്‍മാര്‍ക്കുമേല്‍ കടുത്ത നിബന്ധന ഏര്‍പ്പെടുത്തിയതുമാണ് വില കുതിച്ചുയരാന്‍ ഇടയാക്കിയത്. പൊതു വിപണിയില്‍ കിലോയ്ക്ക് 38 രൂപ വിലയുള്ള ചെറിയ ഉള്ളിക്ക് ലാഭം മാര്‍ക്കറ്റില്‍ 50.60 രൂപ നല്‍കണം. കിഴങ്ങ്, സവോള, വെളുത്തുള്ളി എന്നിവയ്ക്കും വില കൂടുതലാണ്. കടുക്, ഉലുവ, ജീരകം തുടങ്ങിയവയ്ക്ക് പൊതുവിപണിയിലെ വിലതന്നെ നല്‍കണം. നിലവില്‍ പഞ്ചസാര, ഉഴുന്ന്, തുവരപരിപ്പ് എന്നിവയ്ക്കുമാത്രമാണ് സബ്സിഡി നല്‍കുന്നത്. മറ്റ് സാധനങ്ങള്‍ക്കെല്ലാം പൊതുവിപണിയിലേതിനു തുല്യമായ വിലയാണ്. പാക്കിങ് ചാര്‍ജായി ഒരുരൂപയും നല്‍കണം. ചുവന്ന മുളകിനാണെങ്കില്‍ ഒരു കിലോ വാങ്ങുമ്പോള്‍ പാക്കിങ് ചാര്‍ജായി 4 രുപ നല്‍കണം. 250 ഗ്രാം വീതമുള്ള പായ്ക്കറ്റുകളിലായതാണ് ഇതിനുകാരണം.
ഉള്ളി, കിഴങ്ങ്, സവോള, വെളുത്തുള്ളി തുടങ്ങിയവ പൊതു വിപണിയില്‍നിന്ന് വാങ്ങി വില്‍പന നടത്തണമെന്ന് ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇങ്ങനെ വാങ്ങുന്ന സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ 10 ശതമാനം ലാഭം നേടണമെന്ന് ഇതുസംബന്ധിച്ച് സിവില്‍സപ്ലൈസ് വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. ലാഭം കുറഞ്ഞാല്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കൂടാതെ സാധനങ്ങളുടെ ഗതാഗതച്ചെലവും കയറ്റിറക്കുകൂലിയും സാധനങ്ങളുടെ വിലയില്‍ നിന്ന് നല്‍കണമെന്നും നിര്‍ദേശമുണ്ട്. മൊത്ത വില്‍പന കേന്ദ്രങ്ങളില്‍നിന്ന് വാങ്ങുന്നതിനുപകരം പ്രാദേശികമായി വാങ്ങുന്നതും സാധനവില ഉയരാന്‍ കാരണമായി. പൊതുവിപണിയില്‍നിന്ന് പച്ചക്കറികള്‍ വാങ്ങി പീപ്പിള്‍ ബസാര്‍ വഴിവില്‍ക്കുമ്പോള്‍ 5 ശതമാനം ലാഭം നേടണമെന്നാണ് നിര്‍ദേശം. പുറത്തുനിന്നുള്ള പച്ചക്കറികള്‍ കച്ചവടക്കാര്‍ ഇവിടെ എത്തിച്ചുനല്‍കണം. ഇതിനാല്‍ ഗതാഗത- കയറ്റിറക്കുചെലവ് സാധനവിലയില്‍ കുറവുവരുമെങ്കിലും ലാഭം ഉണ്ടാക്കണമെന്ന നിബന്ധനമൂലം വിലയില്‍ കാര്യമായ കുറവില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനും കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 160 കോടിവരെ സിവില്‍ സപ്ലെസ് കോര്‍പറേഷന് സബ്സിഡിയായി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 50 കോടിയായി വെട്ടിക്കുറച്ചു. ഇതോടെ കോര്‍പറേഷന്റെ വിവിധ സ്ഥാപനങ്ങള്‍ വഴി വില്‍ക്കുന്ന സാധനങ്ങളുടെ വില പൊതുവിപണയിലേതിനെക്കാള്‍ ഉയര്‍ന്നു.
deshabhimani news
Labels:
പൊതുവിതരണം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment