Sunday, October 28, 2012

വന്‍ അഴിമതികള്‍ക്ക് പിന്നില്‍ കോര്‍പറേറ്റ് ശക്തികള്‍: പ്രകാശ് കാരാട്ട്


രാജ്യത്തെ വന്‍ അഴിമതികളിലെല്ലാം കോര്‍പറേറ്റ് ശക്തികളുടെ പങ്കാളിത്തമുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബിഗ് ബിസിനസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ അച്ചുതണ്ടാണ് അഴിമതികള്‍ക്കു പിന്നില്‍. അഴിമതിക്കെതിരായ പോരാട്ടം നവ ഉദാരവല്‍ക്കരണ ആശയങ്ങള്‍ക്കെതിരായ പോരാട്ടം കൂടിയാണെന്ന് "തെഹല്‍ക"ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അഴിമതിയുടെ പേരില്‍ വ്യക്തിപരമായി ഏതെങ്കിലും മന്ത്രിയെയോ ഉദ്യോഗസ്ഥനെയോ ചൂണ്ടിക്കാട്ടാന്‍ എളുപ്പമാണ്. എന്നാല്‍, മൊത്തം സംവിധാനത്തിനെതിരായ പോരാട്ടമാണ് അഴിമതിക്കെതിരായ യഥാര്‍ഥ പോരാട്ടം. അഴിമതിക്കെതിരെ തൊലിപ്പുറമേയുള്ള സമരങ്ങളല്ല ഇടതുപക്ഷം നടത്തുന്നത്. അഴിമതിയുടെ അച്ചുതണ്ടില്‍പെടാത്ത ശക്തികള്‍ ഇടതുപക്ഷമാണെന്നതും അംഗീകരിക്കപ്പെട്ട സത്യമാണ്. ഇടതുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചാരണപരിപാടികളുടെ സ്വാധീനംമൂലം മറ്റ് രാഷ്ട്രീയശക്തികളും ചില്ലറവില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപംപോലുള്ള നയ പരിപാടികളെ എതിര്‍ക്കുന്നുണ്ട്. പശ്ചിമബംഗാളിലും കേരളത്തിലും ഇടതുപക്ഷം സ്വീകരിച്ച നിലപാടുകള്‍ തങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന തോന്നലുണ്ടാക്കാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസും കേരളത്തിലെ യുഡിഎഫും. സാമ്പത്തികനയത്തിന്റെ കാര്യത്തില്‍ സിപിഐ എമ്മിന്റെ നിലപാടുകള്‍ വ്യക്തവും ഉറച്ചതുമാണ്. നവ ഉദാര സാമ്പത്തികനയങ്ങളെ സിപിഐ എം തള്ളിക്കളഞ്ഞു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നയം ചങ്ങാത്ത മുതലാളിത്തത്തിന്റേതാണ്. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നതാണ്. പശ്ചിമബംഗാളില്‍ സിപിഐ എമ്മിന്റെ വര്‍ഗാടിത്തറ തകര്‍ക്കാന്‍ മമതാ ബാനര്‍ജി സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുകയാണ്.ബംഗാളില്‍ വര്‍ഗ്ഗീയശക്തികളുടെ തിരിച്ചുവരവ് ആശങ്കയുണര്‍ത്തുന്നു. കേരളത്തില്‍ ജനകീയനേതാക്കള്‍ ഇനിയുമുണ്ടാകും.വിഭാഗീയത അവസാനിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് നല്ല ഫലമുണ്ടായി. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി എന്തെങ്കിലും തരത്തിലുള്ള സഖ്യത്തിന് സാധ്യതയില്ല. കോര്‍പറേറ്റ് മാധ്യമങ്ങള്‍ തന്നെ കടുംപിടിത്തക്കാരനെന്ന് വിശേഷിപ്പിക്കുന്നത് പാര്‍ടി സ്വീകരിക്കുന്നത് ശരിയായ നിലപാടുകളാണെന്ന് വ്യക്തമാക്കുന്നു-കാരാട്ട് പറഞ്ഞു.

deshabhimani 281012

1 comment:

  1. രാജ്യത്തെ വന്‍ അഴിമതികളിലെല്ലാം കോര്‍പറേറ്റ് ശക്തികളുടെ പങ്കാളിത്തമുണ്ടെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ബിഗ് ബിസിനസ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ അച്ചുതണ്ടാണ് അഴിമതികള്‍ക്കു പിന്നില്‍. അഴിമതിക്കെതിരായ പോരാട്ടം നവ ഉദാരവല്‍ക്കരണ ആശയങ്ങള്‍ക്കെതിരായ പോരാട്ടം കൂടിയാണെന്ന് "തെഹല്‍ക"ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

    ReplyDelete