Sunday, October 28, 2012

നവമാധ്യമങ്ങളിലെ ഇടപെടല്‍ അനിവാര്യം: എം എ ബേബി


സത്യം ജനങ്ങളില്‍ എത്തിക്കാനും കള്ളപ്രചാരണങ്ങള്‍ക്ക് മറുപടി പറയാനും നവമാധ്യമങ്ങളിലെ ഇടപെടല്‍ അനിവാര്യമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ ഇരകളെ കൊണ്ട് സമ്മതിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ചൂഷകവര്‍ഗം മാധ്യമങ്ങളിലൂടെ നടത്തുന്നത്്. അപ്രസക്തമായ കാര്യങ്ങള്‍ വലതുപക്ഷമാധ്യമങ്ങള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് യഥാര്‍ഥ വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ്. ഇ എം എസ് അക്കാദമിയില്‍ നവമാധ്യമ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി.

എ കെ ജിക്കും അഴീക്കോടന്‍ രാഘവനുമെതിരെവരെ ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഇതിന് മറുപടി നല്‍കിയത് ഇ എം എസാണ്. 1946ല്‍ കമ്യൂണിസ്റ്റുകാര്‍ മര്‍ദകരെന്ന ആരോപണം മാതൃഭൂമി ഉയര്‍ത്തി. പി കൃഷ്ണപിള്ളയാണ് ദേശാഭിമാനിയിലൂടെ യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്തിയത്. തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ക്കെതിരായ കള്ളപ്രചാരണങ്ങളെ നേരിടാന്‍ അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ക്കൊപ്പം നവമാധ്യമങ്ങളെയും ഉപയോഗിക്കണം. പുരോഗമന ആശയങ്ങള്‍ എന്ന പേരില്‍ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെ നടത്തുന്ന പ്രചാരണങ്ങളെയും ചെറുക്കേണ്ടതുണ്ട്. ആധുനികസമൂഹത്തില്‍ ആഭാസകരമെന്ന് കരുതുന്ന പല അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നുവരുന്നുണ്ട്. ഇതിനെതിരെയും നവമാധ്യമങ്ങളെ ഉപയോഗിക്കാനാകണമെന്ന് എം എ ബേബി പറഞ്ഞു. എ പ്രതാപചന്ദ്രന്‍നായര്‍ സ്വാഗതം പറഞ്ഞു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, അസോസിയറ്റ് എഡിറ്റര്‍ പി എം മനോജ്, ഡോ. എം ആര്‍ ബൈജു, എ ഡി ജയന്‍, പി എസ് ബിരെണ്‍ ജിത് എന്നിവര്‍ ക്ലാസെടുത്തു. ഞായറാഴ്ചയും ക്യാമ്പ് തുടരും. പി രാജീവ് എംപി രേഖ അവതരിപ്പിക്കും. ഡോ. ടി എം തോമസ് ഐസക് ക്ലാസെടുക്കും.

deshabhimani 281012

2 comments:

  1. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കായുള്ള ദ്വിദിന പഠന ക്യാമ്പ് ഇ എം എസ് അക്കാദമിയില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. വര്‍ധിച്ചുവരുന്ന മതവല്‍ക്കരണവും സാമുദായികവല്‍ക്കരണവുമാണ് ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ബേബി പറഞ്ഞു. ഇത് തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിയണം. നിലപാടില്‍ ദൃഢത ഉണ്ടായിരിക്കുമ്പോള്‍ത്തന്നെ സംവാദാത്മകവും സൗഹൃദപരവുമായ സമീപനമാണ് മുന്നോട്ടുവയ്ക്കേണ്ടത്. സംവാദത്തിനപ്പുറം വിവാദകൗതുകമാണ് കേരളീയന്റെ മനോഭാവം. എന്നാല്‍, ആരോഗ്യകരമായ സംവാദങ്ങള്‍ക്ക് വഴിതുറക്കാന്‍ നമുക്കു സാധിക്കണം. കലാസാഹിത്യരംഗത്ത് ലോകത്താകെ വരുന്ന മാറ്റങ്ങളെയും പുതിയ ചുവടുവയ്പ്പുകളെയും സ്വാംശീകരിക്കാനും വിമര്‍ശനാത്മകമായി സമീപിക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പുരോഗമനകലാ സാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പുരുഷന്‍ കടലുണ്ടി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബി ജോണ്‍ സംസാരിച്ചു. വാര്‍ത്തയിലെ രാഷ്ട്രീയത്തെക്കുറിച്ച് ഡോ. സെബാസ്റ്റ്യന്‍ പോള്‍ ക്ലാസെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി സ്വാഗതവും ജില്ലാ സെക്രട്ടറി വിനോദ് വൈശാഖി നന്ദിയും പറഞ്ഞു. പ്രൊഫ. വി എന്‍ മുരളി ഭാവിപ്രവര്‍ത്തനരേഖ അവതരിപ്പിച്ചു. കെ ഇ എന്‍ കുഞ്ഞഹമ്മദ് ചര്‍ച്ച ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് "വായന, എഴുത്ത്, പ്രസാധനം ഡിജിറ്റല്‍ യുഗത്തില്‍" എന്ന വിഷയത്തില്‍ ഡോ. ബി ഇക്ബാല്‍ ക്ലാസെടുക്കും.

    ReplyDelete
  2. നവമാധ്യമങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് പറഞ്ഞു. ഇ എം എസ് അക്കാദമിയില്‍ നവമാധ്യമ പഠന ക്യാമ്പില്‍ "നവമാധ്യമങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ പ്രസക്തി"എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലിവിഷന്റെ കടന്നുവരവ് കേരളത്തിന്റെ പൊതു ഇടത്തെ വല്ലാതെ ചുരുക്കി. വൈകുന്നേരങ്ങളില്‍ എല്ലാവരും ടിവിക്ക് മുന്നില്‍ നിരക്കുന്നതോടെ ആശയവിനിമയം സാധ്യമായിരുന്ന പൊതു ഇടങ്ങള്‍ ചുരുങ്ങി. ഉത്തരാധുനിക സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ കൂടിയാണിത്. ഇത്തരം മാറ്റങ്ങളെ എങ്ങനെ മുറിച്ചുകടക്കാം എന്ന അന്വേഷണങ്ങള്‍ ശക്തമാണ്. ബദല്‍ മാധ്യമങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനം. നവമാധ്യമങ്ങളുടെ സാധ്യതകളെ കൂടുതല്‍ പ്രയോജനപ്പെടുത്തണം. സംവാദക്ഷമം എന്നതാണ് നവമാധ്യമങ്ങളുടെ പ്രത്യേകതയും സാധ്യതയും. നഷ്ടപ്പെടുന്ന പൊതു ഇടങ്ങളെ നവമാധ്യമങ്ങളിലൂടെ തിരിച്ചുപിടിക്കാനാകണം. ഈ മാധ്യമങ്ങളിലെ പൊതു ഇടത്തെ ജനാധിപത്യവല്‍ക്കരിക്കാനും പുരോഗമനകരമാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്നും ഐസക് പറഞ്ഞു. പി രാജീവ് എം പി രേഖ അവതരിപ്പിച്ചു. തുടര്‍ന്ന് പൊതു ചര്‍ച്ചയും നടന്നു.

    ReplyDelete