Wednesday, October 24, 2012

ചാരമാകാത്ത ചാരക്കേസ്


ലീഡര്‍ രണ്ടാമന്‍ കെ മുരളീധരന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയൊരു അങ്കംകുറിച്ചിരിക്കുന്നു. തന്റെ പിതാവിനെ ചാരനും രാജ്യദ്രോഹിയുമാക്കിയ ചാരവൃത്തിക്കേസുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് പങ്കുണ്ടെന്നാണ് മുരളീധരന്റെ ആരോപണം. ജീവിച്ചിരിപ്പില്ലാത്ത നരസിംഹറാവുവിനു നേരെയാണ് മുരളീധരന്‍ അമ്പ് എയ്തിരിക്കുന്നതെങ്കിലും അത് ചെന്നുകൊള്ളുന്നത് ചാരവൃത്തിക്കേസ് കെട്ടിച്ചമയ്ക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ഉമ്മന്‍ചാണ്ടിയുടെയും മുഖ്യഗുണഭോക്താവായ എ കെ ആന്റണിയുടെയും നേരെയാണ്.

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരായ എസ് നമ്പിനാരായണന്‍, ഡി ശശികുമാരന്‍ എന്നിവര്‍ മാലിവനിതകളായ മറിയം റഷീദ, ഫൗസിയ ഹസ്സന്‍ എന്നിവരുമായി നടത്തിയ കുടിക്കാഴ്ചയാണ് സംശയകരമായ കേസിന് ആധാരം. ഐഎസ്ആര്‍ഒയിലെ ബഹിരാകാശ ശാസ്ത്രരഹസ്യങ്ങള്‍ മാലിയുവതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആക്ഷേപം. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇവരെ 1994 സെപ്തംബറില്‍ അറസ്റ്റു ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു.

1994 ജൂണിലാണ് മുഖ്യമന്ത്രി കരുണാകരനുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി ധനമന്ത്രിപദം രാജിവച്ചത്. 1992ല്‍ എ കെ ആന്റണിയുടെ പരാജയത്തിന് ഇടയാക്കിയ സംഘടനാ തെരഞ്ഞെടുപ്പുമുതല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം കൊടികുത്തിവാഴുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ രാജിയോടെ ഗ്രൂപ്പിസം തെരുവുയുദ്ധമായി. കരുണാകരനെ താഴെയിറക്കാന്‍ പ്രതിജ്ഞയെടുത്ത ആന്റണിഗ്രൂപ്പ് ചാരവൃത്തിക്കേസ് മൂര്‍ച്ചയുള്ള ഒരു രാഷ്ട്രീയ ആയുധമാക്കി.

ചാരവൃത്തിക്കേസ് ചില പൊലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടത്തിയ ഒരു ത്രിതല രാഷ്ട്രീയ ഗൂഢാലോചനയുടെ സന്തതിയാണ്. മാലിയുവതികള്‍ ശാസ്ത്രീയരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ്, ഔദ്യോഗികമായി കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ കണ്ടെത്തിയത്. ഐജി രമണ്‍ശ്രീവാസ്തവയ്ക്ക് മാലിയുവതിയുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തി. രമണ്‍ശ്രീവാസ്തവ മുഖ്യമന്ത്രി കരുണാകരന്റെ വിശ്വസ്തനായി അക്കാലത്ത് അറിയപ്പെട്ടിരുന്നു. രമണ്‍ശ്രീവാസ്തവയെ ചാരവൃത്തിക്കേസുമായി ബന്ധപ്പെടുത്തി അറസ്റ്റുചെയ്യണമെന്ന ആവശ്യത്തിന് കരുണാകരന്‍ വഴങ്ങാതെ വന്നപ്പോഴാണ് അദ്ദേഹത്തിനും ഈ കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നത്.

കരുണാകരനെതിരെ ബഹുജനവികാരം ആളിക്കത്തിക്കുക എന്ന ആന്റണിഗ്രൂപ്പിന്റെ ലക്ഷ്യത്തിന് ചാരക്കേസ് ഒരു രാസത്വരകമായി തീര്‍ന്നു. ചാരമുഖ്യന്‍ രാജിവയ്ക്കുക എന്ന മുദ്രവാക്യംവരെ ഉയര്‍ത്തി. കേരളത്തില്‍ ഒരു മാധ്യമ സിന്‍ഡിക്കറ്റ് ആവിര്‍ഭവിക്കുന്നത് ചാരക്കേസുമായി ബന്ധപ്പെട്ടാണ്. കരുണാകരഗ്രൂപ്പില്‍നിന്ന് കാലുമാറി ആന്റണിഗ്രൂപ്പിലേക്കു വന്ന ഒരു കെപിസിസി ഭാരവാഹിയുടെ വാടക വീടായിരുന്നു ആന്റണിഗ്രൂപ്പിന്റെ ഗൂഢാലോചനാകേന്ദ്രം. ഉമ്മന്‍ചാണ്ടിമുതല്‍ ഈ ലേഖകന്‍ വരെയുള്ളവര്‍ ആ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. ഗൂഢാലോചനയുടെ ഫലമായാണ് ചില മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും തൊങ്ങലുംവച്ച് കരുണാകരനെതിരെ കഥകള്‍ പ്രചരിപ്പിച്ചത്. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ റാവു തയ്യാറാകുമെന്ന്, കരുണാകരന്‍ സ്വപ്നേപി കരുതിയിരുന്നില്ല. ചാരവൃത്തിക്കേസില്‍ കരുണാകരന് ഒരു പങ്കുമില്ലെന്ന് റാവുവിന് അറിയാമായിരുന്നെങ്കിലും അദ്ദേഹം ഒരു ഘട്ടത്തിലും കരുണാകരനെ ന്യായീകരിച്ചില്ല. 1983ല്‍ ബോംബെയാത്രപോലെയുള്ള വിവാദപ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ദിര ഗാന്ധി സഹായത്തിനെത്തിയ കാര്യം പിന്നീട് കരുണാകരന്‍ ലേഖകനോട് മനോവേദനയോടെ സൂചിപ്പിച്ചിരുന്നു.

ചാരവൃത്തിക്കേസ് സംബന്ധിച്ച കേരള പൊലീസിന്റെ അന്വേഷണത്തെ സിബിഐ തള്ളുകയാണുണ്ടായത്. കള്ളക്കേസ് കെട്ടിച്ചമച്ചതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും സിബിഐ നിര്‍ദേശിച്ചിരുന്നു. സിബിഐ അന്വേഷണറിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാര്‍ തള്ളി. സുപ്രീംകോടിതി വിധിവരെ കാത്തിരിക്കാനാണ് നായനാര്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോഴത്തെ മന്ത്രിസഭ അധികാരമേറ്റ് 43-ാം ദിവസമാണ് (2011 ജൂണ്‍ 29) മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തമാക്കി പ്രത്യേക ഉത്തരവിറക്കിയത്. ചാരവൃത്തി ആരോപിക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്‍ നിരപരാധിയാണെന്ന് നീതിപീഠം കണ്ടെത്തുകയും, ദേശീയ മനുഷ്യവകാശ കമീഷന്‍ വിധിച്ച പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി കൊടുക്കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചാരക്കേസിന് പുതിയ രാഷ്ട്രീയമാനം കൈവന്നത്്.

കരുണാകരന് നഷ്ടപരിഹാരം ആര് നല്‍കുമെന്ന ചോദ്യമാണ് മക്കളായ മുരളീധരനും പത്മജവേണുഗോപാലും ഉന്നയിച്ചത്. കരുണാകരനെ ചാരനും രാജ്യദ്രോഹിയുമായി ചിത്രീകരിച്ച രാഷ്ട്രീയ ഗൂഢാലോചനയിലെ മുഖ്യപ്രതികളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരണമെന്നാണ് മുരളീധരന്റെ ആവശ്യം. ചാരക്കേസ് സംബന്ധിച്ച് സിബിഐ ശിക്ഷാനടപടികള്‍ക്ക് വിധിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന മുരളീധരന്റെ കത്തില്‍ മുഖ്യമന്ത്രി ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കത്ത് അവഗണിച്ചാല്‍ നിയമ നടപടിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നുമാണ് മുരളി പറയുന്നത്. ചാരക്കേസിനെ ചാരം മൂടാന്‍ ആരെയും അനുവദിക്കില്ലെന്നും കരുണാകരന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നുമാണ് മുരളിയുടെ ഉറച്ചനിലപാട്. ഗൂഢാലോചനക്കേസിലെ മുഖ്യപ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മുരളി പരാതി നല്‍കിയത് ഒരു വിരോധാഭാസമാണ്.

മുഖ്യമന്ത്രിയായ ഉടന്‍ ഉമ്മന്‍ചാണ്ടി സിബിഐ ആവശ്യം നിയമപരമല്ലെന്ന് ഉത്തരവിറക്കിയത് ഈ ഗൂഢാലോചനയില്‍ പങ്കാളിയായവരെയെല്ലാം രക്ഷിക്കാനാണ്. വയലാര്‍രവി, എം എം ജേക്കബ്, പി സി ചാക്കോ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ മുരളിയുടെ നിലപാടിനെ ശരിവച്ചത് ഉമ്മന്‍ചാണ്ടിയെ ഉന്നംവച്ചാണ്. എ കെ ആന്റണി ഇപ്പോള്‍ മുരളിയുടെ രാഷ്ട്രീയ സംരക്ഷകനായതുകൊണ്ടാണ് ആന്റണിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് മുരളി പറയുന്നത്. കരുണാകരനെ താഴെയിറക്കാന്‍ തന്റെ അനുയായികള്‍ ചാരവൃത്തിക്കേസുമായി തെരുവിലിറങ്ങിയപ്പോള്‍ എ കെ ആന്റണി ആരെയും വിലക്കിയില്ല. പ്രത്യേക വിമാനത്തില്‍ ദില്ലിയില്‍നിന്ന് പറന്നുവന്ന് കരുണാകരനു പകരം മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടനായപ്പോള്‍ അത് അധാര്‍മികമാണെന്ന് ആന്റണിക്ക് തോന്നിയില്ല. ഒന്നരവ്യാഴവട്ടം കഴിഞ്ഞിട്ടും ചാരവൃത്തിക്കേസില്‍ കരുണാകരന്‍ നിരപരാധിയണെന്നു പറയാത്ത ആന്റണിയെ ആര് വിശ്വസിക്കും?

ചെറിയാന്‍ ഫിലിപ്പ് deshabhimani

1 comment:

  1. കരുണാകരനെതിരെ ബഹുജനവികാരം ആളിക്കത്തിക്കുക എന്ന ആന്റണിഗ്രൂപ്പിന്റെ ലക്ഷ്യത്തിന് ചാരക്കേസ് ഒരു രാസത്വരകമായി തീര്‍ന്നു. ചാരമുഖ്യന്‍ രാജിവയ്ക്കുക എന്ന മുദ്രവാക്യംവരെ ഉയര്‍ത്തി. കേരളത്തില്‍ ഒരു മാധ്യമ സിന്‍ഡിക്കറ്റ് ആവിര്‍ഭവിക്കുന്നത് ചാരക്കേസുമായി ബന്ധപ്പെട്ടാണ്. കരുണാകരഗ്രൂപ്പില്‍നിന്ന് കാലുമാറി ആന്റണിഗ്രൂപ്പിലേക്കു വന്ന ഒരു കെപിസിസി ഭാരവാഹിയുടെ വാടക വീടായിരുന്നു ആന്റണിഗ്രൂപ്പിന്റെ ഗൂഢാലോചനാകേന്ദ്രം. ഉമ്മന്‍ചാണ്ടിമുതല്‍ ഈ ലേഖകന്‍ വരെയുള്ളവര്‍ ആ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു. ഗൂഢാലോചനയുടെ ഫലമായാണ് ചില മാധ്യമപ്രവര്‍ത്തകര്‍ പൊടിപ്പും തൊങ്ങലുംവച്ച് കരുണാകരനെതിരെ കഥകള്‍ പ്രചരിപ്പിച്ചത്. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ റാവു തയ്യാറാകുമെന്ന്, കരുണാകരന്‍ സ്വപ്നേപി കരുതിയിരുന്നില്ല. ചാരവൃത്തിക്കേസില്‍ കരുണാകരന് ഒരു പങ്കുമില്ലെന്ന് റാവുവിന് അറിയാമായിരുന്നെങ്കിലും അദ്ദേഹം ഒരു ഘട്ടത്തിലും കരുണാകരനെ ന്യായീകരിച്ചില്ല. 1983ല്‍ ബോംബെയാത്രപോലെയുള്ള വിവാദപ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ദിര ഗാന്ധി സഹായത്തിനെത്തിയ കാര്യം പിന്നീട് കരുണാകരന്‍ ലേഖകനോട് മനോവേദനയോടെ സൂചിപ്പിച്ചിരുന്നു.

    ReplyDelete