Friday, October 19, 2012

തമ്മിലടി മൂത്തു, ഭരണം നിശ്ചലം


പാര്‍ടികള്‍ക്കുള്ളിലെ തമ്മിലടിയും പാര്‍ടികള്‍ തമ്മിലുള്ള അടിയും മൂത്ത് യുഡിഎഫ് രാഷ്ട്രീയം കലങ്ങിമറിയുമ്പോള്‍ സംസ്ഥാനഭരണം പൂര്‍ണമായും നിശ്ചലമായി. ദൈനംദിനഭരണംപോലും വിവിധ വകുപ്പുകളില്‍ നടക്കുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒറ്റയാന്‍ പ്രദര്‍ശനത്തിനുകൂടി വിരാമമായതോടെ അതിവേഗം ബഹുദൂരം ഒച്ചിന്റെ വേഗത്തിലായെന്ന് യുഡിഎഫിലെ പ്രമുഖ നേതാക്കള്‍തന്നെ ആക്ഷേപിച്ചു തുടങ്ങി. ബുധനാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഏറ്റുമുട്ടിയത് മുന്നണിയും സര്‍ക്കാരും അഭിമുഖീകരിക്കുന്ന ഗുരുതര പ്രതിസന്ധി വ്യക്തമാക്കുന്നു.

യുഡിഎഫിന്റെ റേറ്റിങ് കുത്തനെ കുറഞ്ഞെന്നും ആത്മപരിശോധന നടത്തണമെന്നുമാണ് ആര്യാടന്‍ ആവശ്യപ്പെട്ടത്. റേറ്റിങ് കുറഞ്ഞെങ്കില്‍ അതിന് ആര്യാടന്‍കൂടി ഉത്തരവാദിയാണെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചപ്പോള്‍ ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെ ഞെട്ടി. കോണ്‍ഗ്രസ് മന്ത്രിമാരില്‍ ആരാണ് രണ്ടാമന്‍ എന്നതിനെ ചൊല്ലിയാണ് തര്‍ക്കം. ഉമ്മന്‍ചാണ്ടി തിരുവഞ്ചൂരിനെ രണ്ടാമനാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. ഉമ്മന്‍ചാണ്ടി വിദേശയാത്ര റദ്ദാക്കിയത് ഇതിന്റെ പേരിലാണ്. മുഖ്യമന്ത്രി പോകുമ്പോള്‍ തിരുവഞ്ചൂരിനോ ആര്യാടനോ ചുമതല കൊടുക്കേണ്ടത് എന്നതായിരുന്നു തര്‍ക്കം. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി ഉടക്കിനില്‍ക്കുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിനെച്ചൊല്ലി കെ മുരളീധരന്‍ പൊട്ടിച്ച ബോംബ് കോണ്‍ഗ്രസിനെ പിടിച്ചുകുലുക്കുകയാണ്. കേന്ദ്രമന്ത്രി വയലാര്‍ രവിയും എം എം ജേക്കബ്ബും പി സി ചാക്കോയും ഉള്‍പ്പെടെയുള്ളവര്‍ മുരളീധരന് പിന്തുണയുമായി എത്തി. മന്ത്രിസ്ഥാനം കിട്ടാത്ത ചില എംഎല്‍എമാര്‍ ഹരിതരാഷ്ട്രീയത്തിന്റെപേരില്‍ ഉണ്ടാക്കിയ കുറുമുന്നണിയും കോണ്‍ഗ്രസിന് തലവേദനയായി തുടരുന്നു. യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിംലീഗും വാളെടുത്തിട്ടുണ്ട്. ലീഗിനെ ചിലര്‍ വളഞ്ഞുപിടിച്ച് ആക്രമിക്കുന്നത് തടയണമെന്നാണ് അവരുടെ ആവശ്യം. അതേസമയം, ഭരണം തങ്ങളാണ് നിയന്ത്രിക്കുന്നതെന്ന ലീഗ് നേതാക്കളുടെയും മന്ത്രിമാരുടെയും പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും തിരിച്ചടിക്കുകയാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കോണ്‍ഗ്രസിനെതിരെ രംഗത്തുണ്ട്. വികലമായ കേന്ദ്ര സാമ്പത്തികനയം സൃഷ്ടിക്കുന്ന പ്രതിസന്ധി സംസ്ഥാന സര്‍ക്കാരുകളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മന്ത്രി കെ എം മാണി യുഡിഎഫ് യോഗത്തില്‍ തുറന്നടിച്ചു. മറ്റ് ഘടക കക്ഷികളും ഇത് ഏറ്റുപിടിച്ചു. സബ്സിഡി നിരക്കില്‍ മൂന്ന് സിലിണ്ടര്‍ നല്‍കേണ്ടിവരുന്നത് സംസ്ഥാനത്തിന് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഘടക കക്ഷികളുടെ നിലപാട്.

ഏകാംഗ പാര്‍ടിയായ കേരള കോണ്‍ഗ്രസ് ജേക്കബ്ബിന്റെ മന്ത്രിയും ചെയര്‍മാനും തമ്മിലുള്ള തര്‍ക്കവും അഴിമതി ആരോപണവും പുതിയ പ്രതിസന്ധിയാണ്. മന്ത്രിമാരായ ഗണേശ്കുമാറിന്റെയും അനില്‍കുമാറിന്റെയും തേക്കടി തടാകത്തിലെ രാത്രിയാത്രയും തുടര്‍ന്ന് ഗണേശ്കുമാര്‍ നടത്തിയ പ്രസ്താവനയും സൃഷ്ടിച്ച നാണക്കേടും മുഴച്ചുനില്‍ക്കുകയാണ്. എമര്‍ജിങ് കേരളയുടെ മറവില്‍ കോടികള്‍ പൊടിച്ചത് റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വേണ്ടിയാണെന്ന ആരോപണം ശരിയല്ലെന്ന് തെളിയിക്കാന്‍ ഇനിയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഉമ്മന്‍ചാണ്ടി അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടി, സപ്തധാരാ പദ്ധതി തുടങ്ങിയവയെല്ലാം പൊളിഞ്ഞു. ഇതിനൊക്കെ പുറമെയാണ് തമ്മിലടിയും കുതികാല്‍ വെട്ടും. ഇതൊക്കെ ചര്‍ച്ചചെയ്യാന്‍ നവംബര്‍ അഞ്ചിന് കോവളത്ത് വിപുലമായ യുഡിഎഫ് യോഗം ചേരുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
(എം രഘുനാഥ്)

യുഡിഎഫ് യോഗങ്ങള്‍ ചടങ്ങുമാത്രം: ജോണി നെല്ലൂര്‍

യുഡിഎഫ് യോഗങ്ങള്‍ ചടങ്ങ് തീര്‍ക്കല്‍ മാത്രമായി മാറിയെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് യോഗത്തില്‍ ചടങ്ങ് തീര്‍ക്കലിനപ്പുറം ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുന്നില്ല. യോഗതീരുമാനങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിമാര്‍ ആര്‍ജവം കാട്ടണം. അനധികൃതമായ സ്ഥലംമാറ്റത്തിന് പി ടി എബ്രഹാം മന്ത്രിയെ സമീപിച്ചിരുന്നു. മന്ത്രി അത് നിരസിച്ചതിലുള്ള ദേഷ്യത്തിന് അദ്ദേഹത്തിനെതിരെ അഴിമതി ആരോപിക്കുകയാണ്. ആരോപണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ചാരക്കേസില്‍ കെ മുരളീധരന്റെ കത്ത് ഗൗരവമുള്ളതാണ്. പരിശോധിച്ച് നടപടിയെടുക്കണം. ബാലകൃഷ്ണപിള്ളയുടെ ആവശ്യങ്ങള്‍ കാര്യമായി പരിഗണിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ സി മോഹനന്‍പിള്ള, ജോര്‍ജ് ജോസഫ് എന്നിവരും പങ്കെടുത്തു.

deshabhimani 191012

No comments:

Post a Comment