Friday, October 19, 2012
ഓര്‍മകളില്‍ ഇപ്പോഴും ആ പഴയ ദുരിതകാലം...
പന്തളം: "ദുരിതങ്ങള്‍ മാത്രമായിരുന്നു അന്ന്. ഒരു വശത്ത് പട്ടിണിയും പ്രാരാബ്ധവും. മറുവശത്ത് താങ്ങും തണലുമായിരുന്നവന്റെ വേര്‍പാട്. പന്തളം രക്തസാക്ഷി മണ്ഡപത്തിലിരുന്ന് തങ്കമ്മ ഭക്ഷ്യസമര കാലമോര്‍ത്തു.
"ഒന്നും കിട്ടാനില്ല. ഗോതമ്പ് കഞ്ഞീം മത്തിക്കറീം മാത്രമായിരുന്നു ഭക്ഷണം. അറത്തില്‍ മുക്കിലെ റേഷന്‍കട അടഞ്ഞ മട്ടാണ്. 12 ഔണ്‍സ് റേഷന്‍ എട്ട് ഔണ്‍സായി കുറച്ചു. കേരളത്തിലെമ്പാടും സമരം കോളു കൊണ്ടുതുടങ്ങിയിരുന്നു. കരിങ്ങാലിപ്പാടത്ത് ജന്മിമാര്‍ക്ക് മാത്രമാണ് കൃഷിയുളളത്. അവര്‍ ഉണ്ണും ഉറങ്ങും. പാവപ്പെട്ടവന്‍ അര വയറുമായി എങ്ങനെ ഉറങ്ങാന്‍..."-തങ്കമ്മ നെടുവീര്‍പ്പിട്ടു. നാട് കൊടും പട്ടിണിയിലായ ഭക്ഷ്യക്ഷാമകാലത്ത് സമരമുഖത്ത് പോരാടിമരിച്ച രക്തസാക്ഷി നാരായണപിള്ളയുടെ ഭാര്യയാണ് എഴുപത്തിയെട്ടുകാരിയായ മുടിയൂര്‍ക്കോണം കണ്ണംപാണ്ടിയില്‍ തങ്കമ്മ.
1973 ആഗസ്റ്റ് രണ്ട്. കര്‍ക്കിടക മാസമാണ്. പട്ടിണിയും പഞ്ഞവുമായി ജനങ്ങള്‍ നട്ടം തിരിയുന്നു. സിപിഐ എമ്മിെന്‍റ നേതൃത്വത്തില്‍ കേരള ബന്ദ് പ്രഖ്യാപിച്ചു. ഇതിനെ കരിനിയമങ്ങളും മര്‍ദനവുമായി നേരിടാനാണ് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചത്. പന്തളത്ത് വിലക്ക് ലംഘിച്ച് സിപിഐ എമ്മിന്റെ ആദ്യകാല നേതാക്കളായ ടി എസ് രാഘവന്‍പിളള, എ കെ ആചാരി, ടി കെ ദാനിയല്‍, കെ എ അബ്ദുള്‍കരീം, പി കെ കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പ്രകടനം നടന്നു. കെ കരുണാകരന്റെ പൊലീസ് എംസി റോഡില്‍ കുരമ്പാല അമ്പലത്തിനാല്‍ ചൂരയില്‍ പ്രകടനത്തിന് നേരെ നടത്തിയ വെടിവയ്പ്പിലാണ് തന്റേയും പാര്‍ട്ടിയുടേയും എല്ലാമായിരുന്ന നാരായണപിള്ള രക്തസാക്ഷിത്വം വരിച്ചതെന്ന് പറയുമ്പോള്‍ തങ്കമ്മ വിതുമ്പി. പ്രകടനത്തില്‍ ഒപ്പമുണ്ടായിരുന്ന ഭാനുവിന്റേയും നാരായണപിളളയുടേയും മൃതദേഹം ചുമന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ജനം പ്രതിഷേധിച്ചത് തങ്കമ്മയുടെ ഓര്‍മയില്‍ കെടാതെ നില്‍കുന്നുണ്ട്. അന്ന് വെടിവയ്പ്പില്‍ പരിക്കേറ്റ നാണു പിന്നീട് മരിച്ചു. കാലിന് വെടിയേറ്റ കുമാരന്‍ ഇന്നും തുമ്പമണ്ണിലെ കോട്ടാണി കോളനിയിലുണ്ട്. ഭരിക്കുന്നത് കോണ്‍ഗ്രസ് ആണെങ്കില്‍ ഇപ്പോഴും ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കാനായിരുന്നു അന്ന് സമരം. ഇന്ന് റേഷന്‍തന്നെ ഇല്ലാക്കുന്നു. അരിവില താങ്ങാനാവുന്നില്ല." തങ്കമ്മ പറഞ്ഞു നിര്‍ത്തുന്നു.
(എം സുജേഷ്)
deshabhimani 191012
Subscribe to:
Post Comments (Atom)
No comments:
Post a Comment