കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി സ്ഥാനത്തുനിന്ന് പുറത്തായ ടോം ജോസ് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് (ഡിഎംആര്‍സി) എഴുതിയ കത്തിലെ ഇ ശ്രീധരനെതിരെയുള്ള പരാമര്‍ശങ്ങളും ഭാഷയും കേരള സമൂഹത്തിന് അപമാനകരം. കഴിഞ്ഞ ആഗസ്ത്് 14ന് കെഎംആര്‍എല്ലില്‍ നിന്ന് പുറത്തായശേഷം ട്രാന്‍സ്പേര്‍ട്ട് വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ സെപ്തംബര്‍ 26നാണ് ശ്രീധരനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളോടെ ടോം ജോസ് ഡിഎംആര്‍സി ചെയര്‍മാന്‍ ഡോ. സുധീര്‍ കൃഷ്ണയ്ക്ക് കത്തയച്ചത്. ഡിഎംആര്‍സിയില്‍നിന്ന് വിരമിച്ച ശ്രീധരന് അദ്ദേഹം അവകാശപ്പെടുന്നതുപോലുള്ള അധികാരങ്ങളുണ്ടോ എന്നാണ് കത്തിലെ പ്രധാന ചോദ്യം. കൊച്ചി മെട്രോ ഉള്‍പ്പെടെ പദ്ധതികളില്‍ ശ്രീധരന് സവിശേഷ അധികാരങ്ങള്‍ നല്‍കി കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് ഡിഎംആര്‍സി എംഡി മങ്കുസിങ് പുറപ്പെടുവിച്ച ഡിആര്‍/2929/2012 നമ്പര്‍ ഉത്തരവിന്റെ പകര്‍പ്പ് അന്ന് കെഎംആര്‍എല്‍ എംഡിയായിരുന്ന ടോം ജോസിനും ലഭിച്ചിരുന്നു. എന്നിട്ടും അജ്ഞത നടിച്ച് ടോം ജോസ് കത്തയച്ചത് ആരുടെ പ്രേരണയ്ക്ക് വഴങ്ങിയെന്നതും വ്യക്തമാകേണ്ടിയിരിക്കുന്നു.
ഡിഎംആര്‍സി എംഡിയായി വിരമിച്ചശേഷം മുഖ്യ ഉപദേഷ്ടാവായ ഇ ശ്രീധരന്‍ ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നാണ് കത്തിലെ ആദ്യവരി. ടേണ്‍ കീ വ്യവസ്ഥയില്‍ സംസ്ഥാനത്തെ നിര്‍മാണജോലികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന മട്ടില്‍ ഡിഎംആര്‍സിയുടെ പ്രതിനിധിയായി ഇദ്ദേഹം സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നു. ഡിഎംആര്‍സിയുടെ മുഴുവന്‍ ശേഷിയും യന്ത്രസാമഗ്രികളും തനിക്കൊപ്പമുണ്ടെന്ന അവകാശവാദത്തോടെ ചെറിയ പാലംപണിപോലും ഏറ്റെടുക്കാന്‍ ഇദ്ദേഹം താല്‍പ്പര്യം കാണിക്കുന്നു. അദ്ദേഹത്തിനൊപ്പം ഡിഎംആര്‍സിയിലെ ഏതാനും വിരമിച്ച എന്‍ജിനിയര്‍മാര്‍ മാത്രമാണുള്ളതെന്നാണ് മനസ്സിലാക്കുന്നത് എന്നാണ് കത്തിന്റെ ആദ്യഭാഗം. തുടര്‍ന്ന് നാലു കാര്യങ്ങളില്‍ ഡിഎംആര്‍സി വ്യക്തതയുണ്ടാക്കണമെന്ന് ടോം ജോസ് ആവശ്യപ്പെടുന്നു. ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ വിരമിച്ച ഈ മനുഷ്യന് ഡിഎംആര്‍സി എംഡിയും ബോര്‍ഡും എന്തെങ്കിലും അധികാരം നല്‍കിയിട്ടുണ്ടോ എന്നാണ് ഒന്നാമത്തെ ചോദ്യം. മുഖ്യ ഉപദേഷ്ടാവായ ശ്രീധരനെ ഡിഎംആര്‍സിക്കുവേണ്ടി ഉടമ്പടികള്‍ ഉണ്ടാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് രണ്ടാമത്തെ ചോദ്യം. മോണോ റെയില്‍, മെട്രോ തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുക്കുമെന്നു പറയുന്ന ശ്രീധരന് ഡിഎംആര്‍സിയുടെയും ബോര്‍ഡിന്റെയും പിന്തുണയുണ്ടോ എന്നും കേരളത്തില്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറയുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ഡിഎംആര്‍സിക്ക് ശേഷിയുണ്ടോ എന്നും അക്കമിട്ട് ചോദിക്കുന്നു. കത്തില്‍ പലയിടത്തും വിരമിച്ചയാള്‍ എന്നാണ് ശ്രീധരനെ വിശേഷിപ്പിക്കുന്നത്. കത്തിലെ ശൈലിയും പുച്ഛം കലര്‍ന്നതാണ്.
കെഎംആര്‍എല്ലില്‍നിന്ന് പുറത്തായശേഷം ഇത്തരമൊരു കത്ത് അയക്കാന്‍ ടോം ജോസിന് എന്തധികാരമെന്ന് വ്യക്തമാക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. മലയാളി എന്ന നിലയില്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട മെട്രോ നിര്‍മാണം ഏറ്റെടുക്കാന്‍ സ്വമേധയാ സന്നദ്ധനായ ശ്രീധരനെ പദ്ധതിയില്‍നിന്ന് തുരത്തുക മാത്രമാണ് കത്തിന്റെ ലക്ഷ്യം. ശ്രീധരന്റെ സേവനത്തിന് മറ്റ് സംസ്ഥാനസര്‍ക്കാരുകള്‍ കാത്തുനില്‍ക്കുമ്പോഴാണിത്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ലെറ്റര്‍ഹെഡില്‍ തയ്യാറാക്കിയ കത്തില്‍ സീലും നമ്പറും പതിച്ചിട്ടുണ്ട്.
പുതിയ നിബന്ധനയ്ക്കുപിന്നില്‍ ദുരൂഹത
ന്യൂഡല്‍ഹി: ഡല്‍ഹിക്കുപുറത്ത് നിര്‍മാണപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഡയറക്ടര്‍ബോര്‍ഡിന്റെ അനുമതി വേണമെന്ന ഡിഎംആര്‍സിയുടെ പുതിയ നിബന്ധനയ്ക്കുപിന്നില്‍ വന്‍ ദുരൂഹത. കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാളിയപ്പോഴാണ് കേന്ദ്ര നഗരവികസനവകുപ്പിലെയും കേരളത്തിലെയും ഒരു വിഭാഗം ഉന്നതോദ്യോഗസ്ഥര്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. പദ്ധതി റാഞ്ചാന്‍ സ്വകാര്യകമ്പനികള്‍ വട്ടമിട്ടുപറക്കുമ്പോഴും കേരളത്തില്‍നിന്നുള്ള ആറ് കേന്ദ്രമന്ത്രിമാരും സംസ്ഥാന സര്‍ക്കാരും മൗനം തുടരുന്നത് ഉദ്യോഗസ്ഥര്‍ക്കുപിന്നില്‍ കളിക്കുന്നത് ആരെന്ന് വ്യക്തമാക്കുന്നു.
ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും ചെയര്‍മാന്‍കൂടിയായ സുധീര്‍ കൃഷ്ണതന്നെയാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന ഡിഎംആര്‍സി ബോര്‍ഡില്‍ നിബന്ധന അടിച്ചേല്‍പ്പിച്ചത്. ചെന്നൈ, ജയ്പുര്‍ തുടങ്ങിയ പദ്ധതികളുടെ കാര്യത്തിലൊന്നും ബാധകമല്ലാതിരുന്ന വ്യവസ്ഥ കൊച്ചി മെട്രോ കോര്‍പറേഷന്‍ ബോര്‍ഡ് യോഗത്തിനുമുമ്പ് ആദ്യമായി നിലവില്‍ വരികയായിരുന്നു. ആഗോള ടെന്‍ഡര്‍ വിളിക്കാതെ പദ്ധതിക്ക് ജൈക്ക വായ്പ ലഭിക്കില്ല, കണ്‍സള്‍ട്ടന്‍സി ചുമതലവഹിക്കുന്ന കമ്പനിയെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമീഷന്റെ മാനദണ്ഡം തടസ്സമാകും എന്നീ പ്രചാരണങ്ങളാണ് നേരത്തെ ഡിഎംആര്‍സിക്കെതിരെ പടച്ചുണ്ടാക്കിയത്. ഇവ പൊളിഞ്ഞതാണ് പുതിയ തന്ത്രത്തിനുള്ള കാരണം.
ഇതോടെയാണ് ശ്രീധരന് ഡിഎംആര്‍സിക്കുവേണ്ടി പദ്ധതിചുമതല ഏറ്റെടുക്കാന്‍ എന്താണ് അധികാരമെന്ന് ചോദിച്ച് കഴിഞ്ഞ സെപ്തംബര്‍ 26ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയത്. തുടര്‍ന്ന് സര്‍വീസില്‍നിന്ന് വിരമിച്ച ശ്രീധരനെ ചുമതല ഏല്‍പ്പിക്കുന്നത് വിജിലന്‍സ് മാര്‍ഗനിര്‍ദേശത്തിന് വിരുദ്ധമാകില്ലേ എന്ന് വിശദമാക്കാന്‍ നഗരവികസനമന്ത്രാലയം ഡിഎംആര്‍സിയോട് ആവശ്യപ്പെട്ടു. എന്നാല്‍, ശ്രീധരന് ചുമതല നല്‍കുന്നതിന് നിയമതടസ്സമില്ലെന്ന് ഡിഎംആര്‍സി വിജിലന്‍സ് വിഭാഗം അറിയിച്ചു. പദ്ധതിയുടെ മേല്‍നോട്ടം ശ്രീധരനെ ഏല്‍പ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതാണെന്ന് ഡിഎംആര്‍സി തലവന്‍ മങ്കുസിങ്ങും വ്യക്തമാക്കി. തുടര്‍ന്നാണ് പുതിയ നിബന്ധന കൊണ്ടുവന്ന് കൊച്ചി മെട്രോയ്ക്കുമുന്നില്‍ ഡിഎംആര്‍സിയുടെ വാതില്‍ അടയ്ക്കാന്‍ നീക്കം തുടങ്ങിയത്. നഗരവികസന സെക്രട്ടറി എന്ന ഔദ്യോഗികസ്ഥാനത്തിലൂടെ സ്വാഭാവികമായി കൈവന്ന ഡിഎംആര്‍സി ചെയര്‍മാന്‍സ്ഥാനം ഇതിനായി സുധീര്‍ കൃഷ്ണ ഉപയോഗിച്ചു. ബംഗളൂരുവിലെ സ്വകാര്യകമ്പനിക്ക് പദ്ധതി നല്‍കാന്‍ സുധീര്‍ കൃഷ്ണയ്ക്ക് താല്‍പ്പര്യമുള്ളതായി നേരത്തെ ആരോപണമുണ്ട്.
deshabhimani 211012
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി സ്ഥാനത്തുനിന്ന് പുറത്തായ ടോം ജോസ് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് (ഡിഎംആര്‍സി) എഴുതിയ കത്തിലെ ഇ ശ്രീധരനെതിരെയുള്ള പരാമര്‍ശങ്ങളും ഭാഷയും കേരള സമൂഹത്തിന് അപമാനകരം.
ReplyDelete