Saturday, October 20, 2012

ബിക്കാനീറില്‍ വധേര വാങ്ങിയത് 770 ഹെക്ടര്‍


കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര രാജസ്ഥാനിലെ ബിക്കാനീറില്‍ വാങ്ങിക്കൂട്ടിയത് 770 ഹെക്ടര്‍ ഭൂമി. 2009 ജൂണിനും 2011 ആഗസ്തിനും ഇടയിലാണ് തുച്ഛമായ മുതല്‍മുടക്കില്‍ വധേര 770 ഹെക്ടര്‍ സ്വന്തമാക്കിയത്. ഈ മേഖലയില്‍ ചില വന്‍ വ്യവസായപദ്ധതികള്‍ക്ക് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതായി മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരക്കിട്ട് ഭൂമി വാങ്ങിയത്. സ്ഥലവില ഇപ്പോള്‍ 40 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. ബിക്കാനീറില്‍ സ്ഥലം വാങ്ങാന്‍ വധേരയ്ക്ക് പണം നല്‍കിയതും ഡിഎല്‍എഫാണ്. ഇരുപത് പ്ലോട്ടുകളിലായി 770 ഹെക്ടര്‍ ഭൂമി 2.85 കോടി മുതല്‍മുടക്കിലാണ് വധേര സ്വന്തമാക്കിയത്.

സ്വന്തം ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്കൈലൈറ്റ് റിയാലിറ്റി, റിയല്‍ എര്‍ത്ത് എസ്റ്റേറ്റ്സ്, നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക്, ബ്ലൂബ്രീസ് ട്രേഡിങ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ പേരിലാണ് രജിസ്ട്രേഷന്‍ ഇടപാടുകള്‍. പണം ഡിഎല്‍എഫിന്റേതും. വധേരയുടെ റിയല്‍ എര്‍ത്ത് കമ്പനിയുടെ 2010 മാര്‍ച്ചിലെ ബാലന്‍സ് ഷീറ്റുപ്രകാരം സ്ഥാപനത്തിന്റെ ആകെ മൂലധനം പത്തുലക്ഷം രൂപയാണ്. എന്നാല്‍, ഇതേകാലയളവില്‍ 7.09 കോടി മുതല്‍മുടക്കില്‍ പത്ത് പ്ലോട്ടുകള്‍ കമ്പനി വാങ്ങിയതായും രേഖകളില്‍ പറയുന്നു. ഇതില്‍ മൂന്ന് പ്ലോട്ടുകള്‍ ബിക്കാനീറിലാണ്. പത്തുലക്ഷം രൂപമാത്രം മൂലധനമുള്ള സ്ഥാപനം എങ്ങനെ 7.09 കോടി മുടക്കി പ്ലോട്ടുകള്‍ വാങ്ങിയതെന്നാണ് ചോദ്യം. ഇവിടെയാണ് ഡിഎല്‍എഫിന്റെ ഇടപെടലുകള്‍. ഡിഎല്‍എഫില്‍നിന്ന് 2010 കാലയളവില്‍ അഞ്ചുകോടി രൂപ ഈടില്ലാതെയുള്ള വായ്പ ഇനത്തില്‍ വാങ്ങിയതായി റിയല്‍ എര്‍ത്തിന്റെ ബാലന്‍സ് ഷീറ്റിലുണ്ട്. ഈ പണം അതേപടി പ്ലോട്ടുകള്‍ വാങ്ങാന്‍ മറിക്കുകയായിരുന്നു. വധേരയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയാകട്ടെ ഡിഎല്‍എഫില്‍നിന്ന് 50 കോടി രൂപയാണ് അഡ്വാന്‍സ് വാങ്ങിയത്. ഈ പണവും ബിക്കാനീറിലും മറ്റും ഭൂമി വാങ്ങാന്‍ ഉപയോഗിക്കുകയായിരുന്നു.

ഡിഎല്‍എഫില്‍നിന്ന് 50 കോടി വാങ്ങിയ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി തുകയുടെ ഒരു ഭാഗം വധേരയുടെ മറ്റു കമ്പനികള്‍ക്കായി വീതിച്ചുനല്‍കുകയും ചെയ്തു. ഈ കമ്പനികളും ബിക്കാനീറിലടക്കം പ്ലോട്ടുകള്‍ വാങ്ങാനാണ് പണമുപയോഗിച്ചത്. ചുരുക്കത്തില്‍ വധേരയുടെ ഏതാണ്ട് എല്ലാ ഭൂമി ഇടപാടുകളുടെയും സാമ്പത്തികസ്രോതസ്സ് ഡിഎല്‍എഫ് തന്നെയാണ്. 2008ല്‍ രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് വധേരയുടെ ഇടപാടുകളെല്ലാമെന്നത് ശ്രദ്ധേയമാണ്. രാജസ്ഥാനില്‍ വലിയ റിയല്‍ എസ്റ്റേറ്റ് താല്‍പ്പര്യങ്ങളുള്ള ഡിഎല്‍എഫ് ഇതേകാലയളവില്‍തന്നെയാണ് വധേരയുടെ കമ്പനികള്‍ക്ക് ഒരു ഈടുമില്ലാതെ 55 കോടിയോളം രൂപ കടം നല്‍കിയതും.
(എം പ്രശാന്ത്)

deshabhimani 201012

1 comment:

  1. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര രാജസ്ഥാനിലെ ബിക്കാനീറില്‍ വാങ്ങിക്കൂട്ടിയത് 770 ഹെക്ടര്‍ ഭൂമി. 2009 ജൂണിനും 2011 ആഗസ്തിനും ഇടയിലാണ് തുച്ഛമായ മുതല്‍മുടക്കില്‍ വധേര 770 ഹെക്ടര്‍ സ്വന്തമാക്കിയത്. ഈ മേഖലയില്‍ ചില വന്‍ വ്യവസായപദ്ധതികള്‍ക്ക് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നതായി മുന്‍കൂട്ടി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരക്കിട്ട് ഭൂമി വാങ്ങിയത്. സ്ഥലവില ഇപ്പോള്‍ 40 ശതമാനത്തോളം വര്‍ധിച്ചിട്ടുണ്ട്. ബിക്കാനീറില്‍ സ്ഥലം വാങ്ങാന്‍ വധേരയ്ക്ക് പണം നല്‍കിയതും ഡിഎല്‍എഫാണ്. ഇരുപത് പ്ലോട്ടുകളിലായി 770 ഹെക്ടര്‍ ഭൂമി 2.85 കോടി മുതല്‍മുടക്കിലാണ് വധേര സ്വന്തമാക്കിയത്.

    ReplyDelete