Sunday, October 21, 2012

പാചകവാതക സബ്സിഡി: കേന്ദ്രതീരുമാനം ഇരുട്ടടിയാകും; ഭൂരിഭാഗം പേര്‍ക്കും ആധാറില്ല


പാചകവാതക സബ്സിഡി ആധാര്‍കാര്‍ഡ് വഴി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള തീരുമാനം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകും. സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്ന് സൂചന. ആധാര്‍ കാര്‍ഡ് സംബന്ധിച്ചുതന്നെ അവ്യക്തത നിലനില്‍ക്കുമ്പോഴാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. സംസ്ഥാനത്ത് രണ്ടുകോടിയോളം പേര്‍ക്ക് ഇപ്പോഴും ആധാര്‍ കാര്‍ഡില്ല. അതുകൊണ്ടുതന്നെ പാചകവാതക കണക്ഷനുണ്ടെങ്കിലും ഭൂരിഭാഗത്തിനും പാചകവാതക സബ്സിഡി ലഭിക്കില്ല. സെന്‍സസ് കാര്‍ഡ് നിര്‍ബന്ധമായതിനാല്‍ പലരും അതു മാത്രമാണ് എടുക്കുന്നത്. ഗ്രാമങ്ങളില്‍ അക്ഷയകേന്ദ്രങ്ങളും നഗരങ്ങളില്‍ കെല്‍ട്രോണുമാണ് ആധാര്‍കാര്‍ഡ് വിതരണം ചെയ്യുന്നത്. അക്ഷയകേന്ദ്രങ്ങളിലെ കണക്കുപ്രകാരം സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളില്‍ 1,13,06,237പേര്‍ക്കും കെല്‍ട്രോണിന്റെ കണക്കു പ്രകാരം നഗരപ്രദേശത്ത് 24,85,000 പേര്‍ക്കും മാത്രമാണ് കാര്‍ഡ് നല്‍കിയിട്ടുള്ളത്. 3,33,87,677 ആണ് സംസ്ഥാനത്തെ ജനസംഖ്യ. അതിനാല്‍ ഭൂരിഭാഗം പേരും പാചകവാതക സബ്സിഡിയുടെ പുറത്താകും.

ബിപിഎല്‍-എപിഎല്‍ വ്യത്യാസമില്ലാതെ സബ്സിഡി നിരക്കില്‍ പരമാവധി ഒമ്പത് സിലിണ്ടര്‍ നല്‍കുമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപനവും പാഴ്വാക്കാകുമെന്ന് ആശങ്ക. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്രസര്‍ക്കാരിനും അതു വഴി എണ്ണക്കമ്പനികള്‍ക്കും നല്‍കിയാലേ ഒമ്പതു സിലിണ്ടര്‍ സബ്സിഡി നിരക്കില്‍ ലഭിക്കൂ. എന്നാല്‍, അത്തരത്തില്‍ ഒരു നിര്‍ദേശവും സംസ്ഥാനത്ത് എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചിട്ടില്ല. ഒരു കണക്ഷന് വര്‍ഷം ആറ്സിലിണ്ടര്‍ സബ്സിഡിനിരക്കില്‍ എന്ന നടപടിയുമായി എണ്ണക്കമ്പനികള്‍ മുന്നോട്ടുപോകുകയാണ്. സെപ്തംബര്‍ 14 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ആറരമാസത്തിനകം സബ്സിഡി നിരക്കായ 439.26 രൂപക്ക് മൂന്നു സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് കമ്പനികളുടെ നിര്‍ദേശം. കൂടുതല്‍ സിലിണ്ടര്‍ വേണമെങ്കില്‍ നോണ്‍ സബ്സിഡി നിരക്കായ 1153.80 രൂപ നല്‍കണം. ഒരാള്‍ക്ക് വര്‍ഷം പരമാവധി ആറ് സിലിണ്ടര്‍ എന്ന തീരുമാനം വന്‍പ്രതിഷേധം ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് ഒമ്പത് സിലിണ്ടര്‍ സബ്സിഡി നിരക്കില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ നടപ്പുസാമ്പത്തികവര്‍ഷം ഒരാള്‍ക്ക് ആറ് സിലിണ്ടര്‍ നല്‍കിയാല്‍ മതിയെന്ന് ഗ്യാസ് ഏജന്‍സികള്‍ക്ക് എണ്ണക്കമ്പനികളുടെ നിര്‍ദേശമുണ്ട്. ഒമ്പതു സിലിണ്ടര്‍ പ്രഖ്യാപനത്തെക്കുറിച്ച് എണ്ണക്കമ്പനികളില്‍നിന്ന് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഗ്യാസ് ഏജന്‍സികളും വ്യക്തമാക്കുന്നു. നഗര, ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെങ്ങും പാചകവാതകക്ഷാമം രൂക്ഷമായി തുടരുന്നു. ഐഒസിയുടെ സിലിണ്ടറിനാണ് കൂടുതല്‍ ക്ഷാമം. പുതുതായി ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതും നിര്‍ത്തി. എന്നാല്‍, വാണിജ്യകണക്ഷനും വാണിജ്യാവശ്യ സിലിണ്ടറിനും ക്ഷാമമില്ല.

deshabhimani 211012

1 comment:

  1. പാചകവാതക സബ്സിഡി ആധാര്‍കാര്‍ഡ് വഴി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുള്ള തീരുമാനം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകും. സബ്സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ എണ്ണക്കമ്പനികളും കേന്ദ്രസര്‍ക്കാരും നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിതെന്ന് സൂചന.

    ReplyDelete