Sunday, October 21, 2012

കിങ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കി


രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികളിലൊന്നായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഫ്ളയിങ് ലൈസന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) റദ്ദാക്കി. വിശ്വസനീയമായ സാമ്പത്തിക- സര്‍വീസ് പുനരുദ്ധാരണ പദ്ധതി സമര്‍പ്പിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് കമ്പനിയുടെ ഫ്ളയിങ് ലൈസന്‍സും ഓപ്പറേറ്റര്‍ പെര്‍മിറ്റും റദ്ദാക്കിയത്. കിങ്ഫിഷര്‍ കമ്പനിക്കും ട്രാവല്‍ ഏജന്റുമാര്‍ക്കും ഇനിമുതല്‍ ടിക്കറ്റ് ബുക്കിങ് നടത്താനാകില്ല. പുനരുദ്ധാരണപദ്ധതി സമര്‍പ്പിക്കാന്‍ സമയം വേണമെന്ന കിങ്ഫിഷറിന്റെ ആവശ്യം ഡിജിസിഎ അംഗീകരിച്ചില്ല.

ഒക്ടോബര്‍ അഞ്ചിനാണ് ഡിജിസിഎ കിങ്ഫിഷറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടത്. ശനിയാഴ്ചയായിരുന്നു അവസാനദിവസം. ലൈസന്‍സ് റദ്ദാക്കിയ നടപടിയെ വ്യോമയാനമന്ത്രി അജിത്സിങ് ശരിവച്ചു. ഇതോടെ നാലായിരത്തോളം ജീവനക്കാര്‍ക്ക് ജോലിനഷ്ടമായി. മാര്‍ച്ചുമുതല്‍ ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇവര്‍ സമരത്തിലായിരുന്നു. എന്‍ജിനിയര്‍മാരാണ് ആദ്യം സമരം തുടങ്ങിയത്. പൈലറ്റുമാര്‍ പിന്നീട് സമരത്തില്‍ ചേര്‍ന്നു. ആറു മാസമായി ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഒരു ജീവനക്കാരന്റെ ഭാര്യ ആത്മഹത്യ ചെയ്തതോടെ ജീവനക്കാര്‍ കുടിശിക ലഭിക്കാനായി സമരം തുടങ്ങി. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 23 വരെ ലോക്കൗട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ കിങ് ഫിഷര്‍ ഒരു വിമാനസര്‍വീസുപോലും നടത്തിയിരുന്നില്ല.

2003 ആഗസ്ത് 26നാണ് കിങ് ഫിഷര്‍ കമ്പനിക്ക് ഫ്ളയിങ് ലൈസന്‍സ് ലഭിച്ചത്. നിരക്ക് കുറഞ്ഞ വിമാനക്കമ്പനിയായിരുന്ന എയര്‍ ഡെക്കാന് ലഭിച്ച ലൈസന്‍സാണ് അവര്‍ സര്‍വീസ് നിര്‍ത്തിയപ്പോള്‍ മദ്യരാജാവായ വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ വാങ്ങിയത്. 66 വിമാനവുമായി ആഭ്യന്തര-വിദേശ സര്‍വീസുകള്‍ നടത്തിയ കിങ്ഫിഷറിന് നിലവില്‍ 10 വിമാനംമാത്രമാണുള്ളത്. 8000 കോടിയാണ് കമ്പനിയുടെ കടം. ബാങ്കുകളില്‍നിന്ന് എടുത്ത വായ്പയാകട്ടെ 7524 കോടി രൂപയാണ്. ജനുവരിമുതല്‍ വായ്പകള്‍ക്ക് പലിശയടച്ചിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ 17 ബാങ്കില്‍നിന്നാണ് മല്യ കടമെടുത്തിട്ടുള്ളത്. ഈ തുക കിട്ടാക്കടമായി എഴുതിത്തള്ളാനാണ് സാധ്യത. കിങ്ഫിഷര്‍ സര്‍വീസ് മുടക്കാന്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തോളമായിട്ടും ഡിജിസിഎ ഉള്‍പ്പെടെയുള്ള നിയന്ത്രണ അതോറിറ്റികളും സിവില്‍ വ്യോമയാനമന്ത്രാലയവും ഒരു നടപടിയും കൈക്കൊണ്ടില്ല. വിജയ് മല്യയുടെ കടുത്ത സമ്മര്‍ദത്തെതുടര്‍ന്നാണ് വ്യോമയാനമേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. എന്നാല്‍, കിങ്ഫിഷറില്‍ നിക്ഷേപം നടത്താന്‍ വിദേശകമ്പനികള്‍ തയ്യാറായില്ല. ഈ ഘട്ടത്തിലാണ് ഗത്യന്തരമില്ലാതെ സര്‍ക്കാരും ഡിജിസിഎയും നടപടികളുമായി രംഗത്ത് വന്നത്.

deshabhimani news

1 comment:

  1. രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനികളിലൊന്നായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഫ്ളയിങ് ലൈസന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) റദ്ദാക്കി. വിശ്വസനീയമായ സാമ്പത്തിക- സര്‍വീസ് പുനരുദ്ധാരണ പദ്ധതി സമര്‍പ്പിക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് കമ്പനിയുടെ ഫ്ളയിങ് ലൈസന്‍സും ഓപ്പറേറ്റര്‍ പെര്‍മിറ്റും റദ്ദാക്കിയത്. കിങ്ഫിഷര്‍ കമ്പനിക്കും ട്രാവല്‍ ഏജന്റുമാര്‍ക്കും ഇനിമുതല്‍ ടിക്കറ്റ് ബുക്കിങ് നടത്താനാകില്ല. പുനരുദ്ധാരണപദ്ധതി സമര്‍പ്പിക്കാന്‍ സമയം വേണമെന്ന കിങ്ഫിഷറിന്റെ ആവശ്യം ഡിജിസിഎ അംഗീകരിച്ചില്ല.

    ReplyDelete