Friday, October 26, 2012
ഡിജിസിഎ മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍ ഇന്ത്യ ലംഘിക്കുന്നു
യാത്രക്കാരെ പെരുവഴിയില്‍ ഇറക്കിവിടുന്ന എയര്‍ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെ വിമാനക്കമ്പനികള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഡിജിസിഎ 2010 ആഗസ്ത് 15ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എയര്‍ ഇന്ത്യ ഇത് പാലിക്കാത്തതിനാല്‍ ഈ പൊതുമേഖലാ സ്ഥാപനത്തെ ആശ്രയിക്കുന്നവര്‍ ദുരിതത്തിലാകുന്നു. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ വിമാനക്കമ്പനി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഡിജിസിഎ നിര്‍ദേശിക്കുന്നു. ടിക്കറ്റ് തുകയ്ക്ക് അനുസൃതമായി 2000 മുതല്‍ 4000 രൂപവരെയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കൂടാതെ, യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം ടിക്കറ്റ് തുക മടക്കിവാങ്ങുകയോ കമ്പനി ഏര്‍പ്പാടാക്കുന്ന മറ്റു വിമാനത്തില്‍ യാത്രചെയ്യുകയോ ആവാം. ഇങ്ങനെ യാത്രാസൗകര്യം ഏര്‍പ്പെടുത്തുമ്പോള്‍ കൂടുതല്‍ തുക ഈടാക്കരുത്. വിമാനം രണ്ടുമണിക്കൂറില്‍ കൂടുതല്‍ താമസിച്ചാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ കമ്പനികള്‍ ലഭ്യമാക്കണം. സര്‍വീസ് റദ്ദാക്കിയശേഷം കമ്പനി ഏര്‍പ്പെടുത്തുന്ന മറ്റു വിമാനത്തിനായി കാത്തിരിക്കുന്ന യാത്രക്കാര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കണം. ബജറ്റ് എയര്‍ലൈനുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഡിജിസിഎ നിര്‍ദേശം ബാധകമാണ്. 24 മണിക്കൂറിലധികം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് താമസസൗകര്യം ഒരുക്കേണ്ട ഉത്തരവാദിത്തവും വിമാനക്കമ്പനിക്കുണ്ട്. മോശം കാലാവസ്ഥമൂലമാണ് വിമാനം റദ്ദാക്കേണ്ടിവരുന്നതെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടെങ്കിലും ഭക്ഷണവും വെള്ളവും ലഭ്യമാക്കണം.
കഴിഞ്ഞ വെള്ളിയാഴ്ച എയര്‍ ഇന്ത്യയുടെ അബുദാബി-കൊച്ചി വിമാനത്തിലെ യാത്രക്കാരെ തിരുവനന്തപുരത്ത് ഇറക്കിവിടാന്‍ ശ്രമിച്ചത് വന്‍ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും കൊടുത്തില്ല. പ്രതിഷേധിച്ചവരുടെ പേരില്‍ കേസെടുത്തു. ഇവ ഡിജിസിഎയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്ന് വ്യോമയാനരംഗവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ശനിയാഴ്ച കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 10 മണിക്കൂറിലധികം വൈകിയിട്ടും യാത്രക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കിയില്ല. മറ്റു വിമാനക്കമ്പനികള്‍ പരാതിക്ക് ഇടവരുത്താതെ യാത്രക്കാര്‍ക്ക് എല്ലാ സൗകര്യവും ഏര്‍പ്പെടുത്താന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അയാട്ട ഏജന്റ്സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ബിജി ഈപ്പന്‍ പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച പുറപ്പെടേണ്ടിയിരുന്ന എമിറേറ്റ്സിന്റെ ദുബായ് വിമാനം റദ്ദാക്കിയിരുന്നു. പിറ്റേന്ന് വലിയ വിമാനം എത്തിച്ച് അതില്‍ രണ്ടുദിവസത്തെ യാത്രക്കാരെ കയറ്റിയാണ് സര്‍വീസ് നടത്തിയത്. ഞായറാഴ്ച പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് താമസം ഉള്‍പ്പെടെ എല്ലാ സൗകര്യവും എമിറേറ്റ്സ് ഏര്‍പ്പെടുത്തി.
(അഞ്ജുനാഥ്)
എയര്‍ ഇന്ത്യ വിവാദം: യാത്രക്കാരെ ചോദ്യംചെയ്തു
എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ആറു യാത്രക്കാരെ പൊലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്തു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ചോദ്യംചെയ്യല്‍ നടന്ന വലിയതുറ പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം നടത്തി. ശംഖുംമുഖം അസിസ്റ്റന്റ് കമീഷണര്‍ കെ എസ് വിമലിന്റെ നേതൃത്വത്തിലായിരുന്നു മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യല്‍. യാത്രക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തി അവരുടെ ഫോട്ടോ എടുത്തു.
എംഎല്‍എയും യാത്രക്കാരും പൊലീസ് നടപടിയെ ചോദ്യംചെയ്തത് സംഘര്‍ഷത്തിനിടയാക്കി. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും സ്റ്റേഷനിലെത്തി. പൊലീസ് നടപടിക്കെതിരെ യാത്രക്കാര്‍ മുദ്രാവാക്യം വിളിച്ചു. യാത്രക്കാര്‍ക്കെതിരെ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയശേഷമാണ് യാത്രക്കാരെ വിളിച്ചുവരുത്തി ചോദ്യംചെയ്തത്. പൈലറ്റിന്റെയും മറ്റും പരാതിയിലാണ് യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയതെന്നും ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ലെന്നും അസിസ്റ്റന്റ് കമീഷണര്‍ കെ എസ് വിമല്‍ പറഞ്ഞു. കേസ് എടുക്കില്ലെന്ന് തിരുവനന്തപുരം റേഞ്ച് എഡിജിപി എ ഹേമചന്ദ്രനും അറിയിച്ചു.
എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ആറു പേരെയാണ് ചോദ്യംചെയ്തത്. ബുധനാഴ്ച രാത്രി മൊബൈല്‍ ഫോണിലാണ് ഇവരോട് വലിയതുറ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടത്. രാവിലെ പത്തിന് ആറുപേരും സ്റ്റേഷനില്‍ എത്തി. വിവരമറിഞ്ഞ് കെ വി അബ്ദുള്‍ ഖാദറും സ്റ്റേഷനിലെത്തി. വിമാനം കൊച്ചിയിലേക്ക് പോകാത്തതിനാല്‍ തങ്ങള്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും കോക്പിറ്റില്‍ കയറിയിട്ടില്ലെന്നും പൈലറ്റിനോടും മറ്റു ജീവനക്കാരോടും മോശമായി പെരുമാറിയിട്ടില്ലെന്നും ആറുപേരും മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിച്ചാണ് ചോദ്യംചെയ്യലെന്ന് എംഎല്‍എ പറഞ്ഞു. യാത്രക്കാരുടെ താമസസ്ഥലത്ത് ചെന്ന് പൊലീസ് മൊഴി രേഖപ്പെടുത്തുമെന്ന് പറഞ്ഞശേഷം അവരെ വിളിച്ചുവരുത്തി ചോദ്യംചെയ്തത് കേസില്‍ പ്രതിയാക്കാനാണ്. മുഖ്യമന്ത്രിയും മറ്റും പറഞ്ഞതിനു വിരുദ്ധമാണ് ഈ നടപടി- അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും വാക്കുകളില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. കഴിഞ്ഞ 19ന് അബുദാബി-കൊച്ചി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അരങ്ങേറിയത്. നെടുമ്പാശ്ശേരിയില്‍ നിന്ന് തിരിച്ചുവിട്ട വിമാനം തിരികെ പോകാത്തതില്‍ പ്രതിഷേധിച്ചതിന്റെ പേരിലാണ് യാത്രക്കാര്‍ക്കെതിരെ നടപടി. യാത്രക്കാരെ പൊലീസ് പീഡിപ്പിക്കുകയാണെന്ന് കേരള പ്രവാസി സംഘം ആരോപിച്ചു. പൊലീസ് നടപടി യാത്രക്കാരുടെ മടക്കയാത്രയടക്കം അനിശ്ചിതത്വത്തിലാക്കിയിരിക്കയാണ്. കേസെടുത്താല്‍ മടക്കയാത്ര മുടങ്ങുമെന്നും ഗള്‍ഫിലെ ജോലി നഷ്ടപ്പെടുമെന്നുമുള്ള ഭയപ്പാടിലാണ് ഇവര്‍. എയര്‍ ഇന്ത്യാ വിമാനം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന പരാതി നിലനില്‍ക്കുന്നുണ്ടെന്ന് ശംഖുംമുഖം എസി അറിയിച്ചു. പൈലറ്റ്, കോ-പൈലറ്റ് എന്നിവരില്‍ നിന്ന് മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അനന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
deshabhimani news
Subscribe to:
Post Comments (Atom)
No comments:
Post a Comment