ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍നിന്ന് 1975 ഒക്ടോബര്‍ 21 ന് വാഷിങ്ടണ്‍ ഡിസിയിലേക്ക് അയച്ച കേബിളിലാണ് സ്വീഡിഷ് വിമാന നിര്‍മാണ കമ്പനിക്കുവേണ്ടി രാജീവ്ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് വെളിപ്പെടുത്തുന്നത്. സ്വീഡിഷ് എംബസിയിലെ ഒരു നയതന്ത്രജ്ഞന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സന്ദേശം. "ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പൈലറ്റാണ് എന്നതാണ് ഇന്ദിരാഗാന്ധിയുടെ മൂത്ത പുത്രനായ രാജീവ്ഗാന്ധിക്ക് വിമാനവ്യവസായവുമായുള്ള ഏക ബന്ധം. സംരംഭകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പേര് ആദ്യമായാണ് കേള്‍ക്കുന്നത്"- സന്ദേശത്തില്‍ പറയുന്നു. ബ്രിട്ടനോട് ഇന്ദിരാഗാന്ധിക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ അവിടത്തെ കമ്പനിയായ ജഗ്വാറിന് കരാര്‍ കിട്ടാന്‍ ഇടയില്ലെന്നും വിഗന് തന്നെയാണ് സാധ്യതയെന്നും സന്ദേശം തുടരുന്നു.
1976ല്‍ അയച്ച മറ്റൊരു കേബിളില്‍ രാജീവ്ഗാന്ധിയുടെ പേര് നേരിട്ട് പരാമര്‍ശിക്കുന്നുണ്ട്. "പ്രധാനമന്ത്രിയുടെ മകനായതുകൊണ്ടാണ് രാജീവിന്റെ സേവനം തേടുന്നതെന്ന് സ്വീഡിഷ് എംബസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പറയുന്നു. വിമാന സാങ്കേതികതയില്‍ അദ്ദേഹം എത്ര വിദഗ്ധനെന്ന് അറിയില്ല. ഒരു യാത്രാവിമാന പൈലറ്റ് ഒരിക്കലും യുദ്ധവിമാനങ്ങളുടെ സാങ്കേതികപരിശോധനയ്ക്ക് യോഗ്യനല്ലെന്ന് അറിയാം. എന്നാല്‍, പൈലറ്റ് എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ അദ്ദേഹത്തിന് "മറ്റ് പല പ്രധാനപ്പെട്ട യോഗ്യതകളും" ഉണ്ട്"- സന്ദേശത്തില്‍ പറയുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താതെ രാജീവ്ഗാന്ധി നേരിട്ട് അനുരഞ്ജനം നടത്തുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിര്‍പ്പുണ്ടെന്നും കേബിള്‍ വ്യക്തമാക്കുന്നു. കരാര്‍ നേടാനുള്ള മത്സരത്തില്‍ കുടംബത്തിന്റെ സ്വാധീനം കണക്കിലെടുത്താണ് സ്വീഡിഷ് വിമാനക്കമ്പനി രാജീവ്ഗാന്ധിയെത്തന്നെ ഇടനിലക്കാരനാക്കിയതെന്നും 1976ലെ കേബിള്‍ വ്യക്തമാക്കുന്നു.
യുദ്ധവിമാന കരാര്‍ നേടാനുള്ള മത്സരത്തില്‍ സ്വീഡിഷ് കമ്പനിക്ക് പുറമെ ബ്രിട്ടീഷ് കമ്പനിയായ "സെപ്കാറ്റ് ജഗ്വാര്‍", മിറാഷ് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് എന്നിവയായിരുന്നു സജീവം. അവസാനംവരെ മുന്‍പന്തിയിലുണ്ടായിരുന്ന സ്വീഡിഷ് കമ്പനി പിന്നീട് അമേരിക്കന്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് പിന്‍വാങ്ങി. സ്വീഡിഷ് കമ്പനി നിര്‍മിക്കുന്ന യുദ്ധവിമാനങ്ങളില്‍ അമേരിക്കയില്‍ നിര്‍മിക്കുന്ന ഘടകങ്ങള്‍ ഉപയോഗിക്കുന്നുവെന്നതായിരുന്നു കാരണം. ഈ ഘടകങ്ങള്‍ വച്ച് നിര്‍മിക്കുന്ന വിമാനങ്ങള്‍ മറ്റ് രാജ്യങ്ങളുടെ പക്കലെത്തുന്നതിനോട് യോജിക്കാനാകില്ലെന്നായിരുന്നു അമേരിക്കയുടെ നിലപാട്. സാബ് സ്കാനിയ പിന്‍വാങ്ങിയ പശ്ചാത്തലത്തില്‍ ജഗ്വാര്‍ കരാര്‍ നേടുകയും ചെയ്തു. ഫ്രഞ്ച് കമ്പനി "ദസോള്‍ട്ട്"ന് വേണ്ടി ഇടനിലക്കാരനായത് അന്ന് വ്യോമസേനാമേധാവിയായിരുന്ന എയര്‍മാര്‍ഷല്‍ ഒ പി മെഹ്റയുടെ മരുമകന്‍ നവീന്‍ ബെഹ്ലായിരുന്നെന്നും വിക്കിലീക്സ് വെളിപ്പെടുത്തുന്നു. എന്നാല്‍, ബെഹല്‍ ഇത് നിഷേധിച്ചു. സംഭവം നടന്ന കാലയളവില്‍ താന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നെന്നും പിന്നീട് ഫര്‍ണിച്ചര്‍ വ്യാപാരത്തിലേക്ക് കടന്നെന്നും ബെഹല്‍ പറയുന്നു. ഒരിക്കലും പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് ബെഹലിന്റെ അവകാശവാദം.
deshabhimani 090413
No comments:
Post a Comment