Tuesday, April 9, 2013

വിദേശക്കമ്പനികള്‍ രാഷ്ട്രീയബന്ധമുള്ളവരെ ഉപയോഗിക്കുന്നതിന്റെ തെളിവ്: കാരാട്ട്


ന്യൂഡല്‍ഹി: വിദേശക്കമ്പനികള്‍ എങ്ങനെയാണ് രാഷ്ട്രീയബന്ധമുള്ളവരെ ഉപയോഗിക്കുന്നതെന്ന് വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. രാജീവ്ഗാന്ധി ഇടനിലക്കാരനായ സ്വീഡിഷ് വിമാനക്കമ്പനിയുമായുള്ള ഇടപാട് നടന്നില്ലെങ്കിലും അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ ബൊഫോഴ്സ് തോക്ക് ഇടപാട് നടന്നു. വിദേശ ആയുധക്കമ്പനികളും ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുകയാണെന്ന് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാട് തെളിയിക്കുന്നു. വിദേശക്കമ്പനികളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം തടയാതെ ഇത്തരം അഴിമതി അവസാനിപ്പിക്കാനാകില്ല-കാരാട്ട് പറഞ്ഞു. വിക്കിലീക്സ് വെളിപ്പെടുത്തലിനെക്കുറിച്ച് വിജിലന്‍സ് കമീഷന്‍ പോലുള്ള സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന് സിപിഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

നിയമനടപടിക്ക് ഇല്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജീവ്ഗാന്ധിക്കെതിരായ വീക്കിലീക്സ് വെളിപ്പെടുത്തലില്‍ കഴമ്പില്ലെന്ന് കോണ്‍ഗ്രസ്. വിക്കിലീക്സിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടതാണെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ അതിശയോക്തി കലര്‍ന്നതാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് നുണപ്രചാരണമാണ് നടത്തുന്നത്. താല്‍ക്കാലിക നേട്ടത്തിനായി ഇത്തരം വാര്‍ത്തകള്‍ കൊടുക്കരുത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ കോണ്‍ഗ്രസിന് ഖേദമുണ്ട്. നിയമനടപടികള്‍ക്ക് ഉദ്ദേശിക്കുന്നില്ലെന്നും ദ്വിവേദി പറഞ്ഞു. വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ ഗുരുതരമാണെന്നും കോണ്‍ഗ്രസ് വിശദീകരണം നല്‍കണമെന്നും ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

deshabhimani 090413

No comments:

Post a Comment