Saturday, April 20, 2013

എന്‍ഡോസള്‍ഫാന്‍ ജില്ലാ സെല്‍ പിരിച്ചുവിട്ടത് മുഖ്യമന്ത്രിയുടെ വാക്ക് തെറ്റിച്ച്


എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ജില്ലാതല സെല്‍ പിരിച്ചുവിട്ട നടപടി ശരിയായില്ലെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. കഴിഞ്ഞമാസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചതാണ്. സെല്‍ പിരിച്ചുവിടില്ലെന്ന് മുഖ്യമന്ത്രി മറുപടിയും പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സെല്ലുണ്ടാക്കി ജില്ലാതല സെല്‍ നിലനിര്‍ത്തണമെന്ന് വി എം സുധീരന്‍ ഉള്‍പ്പെടെയുള്ളവരും അന്ന് പറഞ്ഞതാണ്. എന്നിട്ടും കൃഷിമന്ത്രി അധ്യക്ഷനായി പുതിയ സെല്‍ രൂപീകരിച്ച് ഇറക്കിയ ഉത്തരവില്‍ പഴയ സെല്ലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാകെ മന്ദഗതിയിലാക്കാനേ സര്‍ക്കാര്‍ തീരുമാനം സഹായിക്കു. അതിന് തെളിവാണ് വ്യാഴാഴ്ച ചേരാനിരുന്ന യോഗം പെട്ടെന്ന് മാറ്റിയത്. ബുധനാഴ്ചയാണ് യോഗം ചേരുന്ന അറിയിപ്പ് കിട്ടിയത്. തൊട്ടുപിന്നാലെ പലരുടെയും അസൗകര്യത്താല്‍ മാറ്റി. ഇനി മന്ത്രിക്ക് ഇവിടെ വരാന്‍ സമയം കിട്ടുമ്പോഴാണ് യോഗം ചേരുക.

ജില്ലാപഞ്ചായത്ത് ചെയര്‍മാനായ സെല്ലിന് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഉടന്‍ ഇടപെടാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വെറും അംഗമാണ്. പഞ്ചായത്തിലെ അംഗങ്ങള്‍ക്ക് ഇതില്‍ കാര്യമൊന്നുമില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം നോക്കുന്നതിന്റെ ദുരന്തമാണിത്. പഴയസെല്‍ രാഷ്ട്രീയ അടിസ്ഥാനത്തിലല്ല പ്രവര്‍ത്തിച്ചത്. എല്ലാ പാര്‍ടിക്കാരും സാമൂഹ്യ പ്രവര്‍ത്തകരും വിദഗ്ധരുമെല്ലാം അടങ്ങിയ ജനാധിപത്യ സംവിധാനമായിരുന്നു. അത് പിരിച്ചുവിട്ടത് എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ദുരന്തമേഖലയില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിലും സര്‍ക്കാര്‍ അമാന്തം തുടരുകയാണ്- പി കരുണാകരന്‍ പറഞ്ഞു.

കാസര്‍കോട് പാക്കേജ്: എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കണം-പി കരുണാകരന്‍

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിന് പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി അതിനുള്ള ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തമാക്കണമെന്ന് പി കരുണാകരന്‍ എംപി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള മുന്നൊരുക്കമില്ലാതെ വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഈ വര്‍ഷം അതിലെ ഏതെങ്കിലും പദ്ധതി നടപ്പാക്കുന്നതിന് തുക വകയിരുത്തിയിട്ടില്ല. റിപ്പോര്‍ട്ട് അംഗീകരിച്ച ആസൂത്രണ ബോര്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം ഇതെല്ലാം നടപ്പിലാക്കാനുള്ള മാര്‍ഗമെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വാര്‍ത്താസമ്മേളനത്തില്‍ എംപി ആവശ്യപ്പെട്ടു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റില്‍ തുക വകയിരുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുക. എന്നാല്‍ ഈ വര്‍ഷത്തെ രണ്ട് സര്‍ക്കാരുകളുടെ ബജറ്റിലും ഇതിനായി തുക വകയിരുത്തിയിട്ടില്ല. 11,250 കോടി രൂപയുടെ പദ്ധതികളാണ് പ്രഭാകരന്‍ കമീഷന്‍ നിര്‍ദേശിച്ചതെന്നാണ് പറയുന്നത്. ഇതില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപവും എന്‍ആര്‍ഇജി വിഹിതവും എസ്എസ്എ വിഹിതവും ജലനിധി പദ്ധതിക്കുള്ള വിഹിതവുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര പദ്ധതികള്‍ എന്ന നിലയില്‍ സ്വാഭാവികമായും ജില്ലക്ക് കിട്ടേണ്ടതാണിത്. ഇവയെല്ലാം നടപ്പിലാക്കി വരുന്നതുമാണ്. അതിനെ പാക്കേജില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. പാക്കേജില്‍ 7219 കോടി രൂപയുടെ പദ്ധതികള്‍ സ്വകാര്യ നിക്ഷേപമാണെന്നാണ് പറയുന്നത്. 700 കോടിയോളം വിദേശ മലയാളികളുടെ നിക്ഷേപവുമാണ്. സ്വകാര്യ നിക്ഷേപത്തിന് കമീഷന്‍ റിപ്പോര്‍ട്ടിന്റെ ആവശ്യമില്ല. ആളുകള്‍ തയ്യാറാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സര്‍ക്കാരിന് അനുമതി നല്‍കാവുന്നതാണ്. ബാക്കിയുള്ള 4000 കോടിയോളം രൂപയില്‍ ഭൂരിപക്ഷവും കേന്ദ്രവിഹിതമെന്നാണ് പറയുന്നത്. അതിന് കേന്ദ്രബജറ്റില്‍ ഒന്നും നീക്കിവച്ചിട്ടുമില്ല. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷത്തില്‍ 200 കോടി നീക്കിവയ്ക്കണമെന്നാണ് ആസൂത്രണ കമീഷന്‍ പറയുന്നത്. അതുപ്രകാരമാണെങ്കില്‍തന്നെ ഈ സര്‍ക്കാരിന്റെ ശേഷിക്കുന്ന മൂന്നുവര്‍ഷം 600 കോടിയാണ് ലഭിക്കുക. ഈ വര്‍ഷത്തെ ബജറ്റില്‍ തുകയില്ലാത്തതിനാല്‍ അടുത്തവര്‍ഷം മാത്രമെ തുക മാറ്റിവയ്ക്കാന്‍ കഴിയു. അപ്പോഴും യുഡിഎഫ് നേതാക്കള്‍ പറഞ്ഞ് നടക്കുന്നതുപോലെ സമഗ്ര വികസന പദ്ധതികളൊന്നും ജില്ലയില്‍ നടപ്പിലാക്കാനാവില്ല. അതുമാത്രമല്ല ഈ പദ്ധതികളാകെ നടപ്പാക്കാനാവശ്യമായ ജീവനക്കാരും ജില്ലയിലില്ല. അതിനെ സംബന്ധിച്ചും സര്‍ക്കാര്‍ ഒന്നും പറയുന്നില്ല.

കമീഷന്‍ റിപ്പോര്‍ട്ടില്‍ കാര്‍ഷിക മേഖലയെക്കുറിച്ച് സമഗ്രമായി പറയുന്നുണ്ട്. 636 കോടി രൂപയുടെ പദ്ധതിയാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അതുപോലെ സീറോ വേസ്റ്റ് പദ്ധതിയും പറയുന്നുണ്ട്. ഇതിന് 40 കോടി വേണം. കുടിവെള്ളത്തിന് 575 കോടിയുടെ പദ്ധതിയുണ്ട്. ഇതൊക്കെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതാണെങ്കിലും ബജറ്റ് വിഹിതമായി ആകെയുള്ളത് 30 കോടിയാണ്. ഇതാണെങ്കില്‍ എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ നബാര്‍ഡ് നടപ്പാക്കുന്ന പദ്ധതിയുടെ വിഹിതം കൊടുക്കാന്‍ മാത്രമെ തികയു. ഇങ്ങനെ നടപ്പാക്കാനുള്ള വഴി കാണാതെ പ്രഖ്യാപനങ്ങള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെയും നേതൃത്വത്തിന്റെയും ശ്രമം. പി കരുണാകരന്‍ പറഞ്ഞു.

deshabhimani 200413

No comments:

Post a Comment