Saturday, April 20, 2013

ഡല്‍ഹി പീഡനം; പ്രതിയെ അറസ്റ്റ് ചെയ്തു


ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ബിഹാറിലെ മുസാഫിര്‍പൂരില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് മനോജ്കുമാര്‍ എന്ന ഇരുപത്തിയഞ്ചുകാരന്‍ പിടിയിലായത്. ഇയാള്‍ ബീഹാര്‍ സ്വദേശിയാണ്. ബിഹാര്‍ പൊലീസിന്റെ സഹായത്തോടെ ഭാര്യ വീട്ടില്‍ നിന്നാണ് മനോജ് കുമാറിനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ശനിയാഴ്ച ഡല്‍ഹിയില്‍ കൊണ്ടുവരുമെന്ന് പൊലീസ് പറഞ്ഞു.

മനോജ് കുമാര്‍ രണ്ടു ദിവസം കുട്ടിയെ വീട്ടില്‍ വെച്ചു പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനും ലൈംഗിക പീഡനത്തിനുമാണ് ഇയാള്‍ക്കെതിരെ കേസ്. അതേമസമയം പീഡനത്തിനിയായ കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. കുട്ടിയ്ക്ക് ബോധം തിരിച്ചുകിട്ടിയെങ്കിലും അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനനേന്ദ്രിയത്തില്‍ എണ്ണക്കുപ്പിയും മെഴുകുതിരിയും അടക്കം കുത്തിക്കയറ്റിയ നിലയില്‍ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ മുറിവുകളുമായി കുട്ടി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

കുട്ടിയെ കൊല്ലാന്‍ പ്രതി ശ്രമിച്ചതിന്റെ അടയാളമായി കഴുത്തില്‍ പാടുകളുണ്ട്. ബാഹ്യ ഉപകരണങ്ങള്‍ ശരീരത്തില്‍ കുത്തിക്കയറ്റിയത് അണുബാധയ്ക്ക് കാരണമായി. നെഞ്ചിലും കവിളിലും ചുണ്ടിലും മുറിവേറ്റ കുഞ്ഞിന് പനിക്കുന്നുണ്ട്. പൂര്‍ണ ബോധം ഇല്ലാതെയും ഭയന്നുവിറച്ച നിലയിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത വേദന ചെറുക്കാനുള്ള കുട്ടിയുടെ ശ്രമം പരിശോധന ദുഷ്കരമാക്കി. അനസ്തേഷ്യ നല്‍കി ബോധം കെടുത്തിയതിനുശേഷമാണ് 200 മില്ലിയുടെ എണ്ണക്കുപ്പിയും മൂന്ന് മെഴുകുതിരിയും പുറത്തെടുക്കാനായത്.

ഗാന്ധിനഗറില്‍ പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന അതേ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് പ്രതിയും താമസിച്ചിരുന്നത്. ഇവിടെനിന്ന് ബുധനാഴ്ച വൈകിട്ട് കുട്ടിയുടെ കരച്ചില്‍ ഉയര്‍ന്നുകേട്ടു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍, പരാതിയുമായി ചെന്ന തന്നോട് തികച്ചും മോശമായാണ് പൊലീസ് പെരുമാറിയതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. ജീവനോടെ തിരിച്ചുകിട്ടിയതില്‍ സന്തോഷിക്കാനായിരുയിരുന്നു പൊലീസിന്റെ ഉപദേശം. ആദ്യം കേസ് എടുക്കാന്‍ തയ്യാറായില്ല. പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കുട്ടിയെ നേരത്തെതന്നെ കണ്ടെത്താമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment