Sunday, October 14, 2012

വാക്പയറ്റുമായി ആഭ്യന്തര മന്ത്രിയും ലീഗ് എംഎല്‍എയും


പൊലീസ് സ്റ്റേഷനില്‍ നിര്‍ഭയമായി കയറിച്ചെല്ലാന്‍ സാഹചര്യമൊരുക്കണമെന്ന് ഭരണകക്ഷി എംഎല്‍എ. ജനപ്രതിനിധികള്‍ പറയുന്ന എല്ലാകാര്യവും നടക്കണമെന്ന് വാശിപിടിച്ചാല്‍ നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടോദ്ഘാടന വേദിയിലായിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്നിന്റെയും വാക്പയറ്റ്.

ചടങ്ങില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ. ചില കാര്യങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനുണ്ടെന്നു പറഞ്ഞ് പ്രസംഗമാരംഭിച്ച എംഎല്‍എ ഫലത്തില്‍ ആഭ്യന്തര മന്ത്രിയെ സദസിലിരുത്തി സര്‍ക്കാരിന്റെ പൊലീസ് നയത്തെ പൊളിച്ചടുക്കി. ജനപ്രതിനിധിയെന്ന നിലയില്‍ കേസുമായി ബന്ധപ്പെട്ട് നിരവധിയാളുകള്‍ തന്നെ ബന്ധപ്പെടാറുണ്ട്. ഇത്തരത്തില്‍ തന്നെ വിളിച്ച വ്യക്തിയോട് കേസില്‍ പൊലീസിന് പിഴയൊടുക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ അതിന് സ്റ്റേഷനില്‍ ചെല്ലാന്‍ സാഹചര്യമൊരുക്കണമെന്ന് തന്നോട് പറഞ്ഞെന്നായിരുന്നു എംഎല്‍എയുടെ പരിഹാസം.

മുസ്ലിംലീഗ് എംഎല്‍എയുടെ വിമര്‍ശനത്തെ ഉദ്ഘാടന പ്രസംഗത്തില്‍ കുറിക്കുകൊള്ളുന്ന മറുപടിയുമായാണ് തിരുവഞ്ചൂര്‍ നേരിട്ടത്. പൊലീസിനെ ആരും ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. പൊതുപ്രവര്‍ത്തകര്‍ പറയുന്നതെല്ലാം നടക്കണമെന്ന് വാശിപിടിക്കരുതെന്നും അങ്ങനെ പറഞ്ഞാല്‍ നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയില്‍ മുസ്ലിംലീഗ് നടത്തുന്ന കൊള്ളരുതായ്മകള്‍ക്ക് ആഭ്യന്തരവകുപ്പിനെ കിട്ടില്ലെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം. പൊലീസ് മേധാവിയെ മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗുകാര്‍ മന്ത്രിക്ക് നിവേദനം നല്‍കിയതിന് ശേഷമായിരുന്നു മറുപടിയെന്നതും ശ്രദ്ധേയം.

deshabhimani 141012

1 comment:

  1. പൊലീസ് സ്റ്റേഷനില്‍ നിര്‍ഭയമായി കയറിച്ചെല്ലാന്‍ സാഹചര്യമൊരുക്കണമെന്ന് ഭരണകക്ഷി എംഎല്‍എ. ജനപ്രതിനിധികള്‍ പറയുന്ന എല്ലാകാര്യവും നടക്കണമെന്ന് വാശിപിടിച്ചാല്‍ നടക്കില്ലെന്ന് ആഭ്യന്തരമന്ത്രി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടോദ്ഘാടന വേദിയിലായിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും സ്ഥലം എംഎല്‍എ എന്‍ എ നെല്ലിക്കുന്നിന്റെയും വാക്പയറ്റ്.

    ReplyDelete