Monday, October 15, 2012

പടച്ചോനേ, "ഖിയാമം" നാളായോ ?


ഇനിവയ്യ, മിണ്ടാതിരിക്കാന്‍ ഇനിവയ്യ. മുനി മൗനം വെടിയുകയാണ്. കാരണം "ഖിയാമം" നാള്‍ ഉമ്മറപ്പടിക്കടുത്തെത്തിയെന്നൊരു തോന്നല്‍. അത് വെറുമൊരു തോന്നലല്ലെന്ന് പിന്നെയുമൊരു തോന്നല്‍. അതെന്താപ്പോ അങ്ങനെയൊരു തോന്നലെന്ന് ചോദിച്ചാല്‍ മുനിക്ക് പറഞ്ഞല്ലേ പറ്റൂ. കലികാലം തുടങ്ങിയിരിക്കുണൂ. അതിന്റെ ലക്ഷണങ്ങളാണ് നാട്ടിലെമ്പാടും.

സംസ്ഥാന സ്കൂള്‍ കലോത്സവം തിരൂരങ്ങാടിയില്‍ നടത്തുന്നു, പാണക്കാട് തറവാടിനടുത്ത് നക്ഷത്ര ഹോട്ടല്‍ വരുന്നു, അഞ്ചാം മന്ത്രിയുടെ എല്ല് പൊട്ടുന്നു. എന്നിട്ടും മുനി വിശ്വസിച്ചില്ല. കാരണം അഞ്ച് മന്ത്രിമാര്‍ക്കും ഭരിച്ച് പൂതി തീരാതെ ലോകം അവസാനിക്കുകയോ? അതുണ്ടാവില്ലെന്ന് കരുതി ധ്യാനിച്ചിരിക്കുമ്പോഴാണ് "കോയി ബിരിയാണി"യിലെ കല്ലുകടിപോലെ ബെല്ലും ബ്രേക്കുമില്ലാത്തൊരു ന്യൂസ്þ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ അഴിമതിക്കേസ്. മുനിയത് വിശ്വസിച്ചില്ല. എങ്ങനെ വിശ്വസിക്കും? പാണക്കാട് തറവാടിനെക്കുറിച്ച് മുനിക്കറിയാം. സമുദായം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹദ്വ്യക്തിത്വങ്ങളാണ് അവിടെയുണ്ടായിരുന്നത്. പൂര്‍വികരായ മുഹമ്മദലി ശിഹാബ് തങ്ങളെയും പൂക്കോയ തങ്ങളെയും ഹുസൈന്‍കോയ തങ്ങളെയും മുനിക്ക് പെരുത്തിഷ്ടമായിരുന്നു.

അനുയായികളുടെയെന്നല്ല, പുറത്തുള്ളോരുടെയും ആദരവ് പിടിച്ചുപറ്റിയ അവരൊന്നും അഴിമതിയെന്ന വാക്കുപോലും കേട്ടിട്ടുണ്ടാവില്ല. അപ്പോള്‍ പിന്നെ പുതിയ തങ്ങള്‍ക്ക് എന്തുപറ്റി ? മുനി തലപുകഞ്ഞാലോചിച്ചു. കുഞ്ഞാപ്പേടെ കൂടെ കൂടിയതാണോ തങ്ങളെ കുഴപ്പത്തിലാക്കിയത്? പാണക്കാട് തറവാട്ടിലേക്ക് പൊലീസുപോയിട്ട് ഒരീച്ചപോലും എത്തിനോക്കാന്‍ ധൈര്യപ്പെടാറില്ല. ചെങ്കൊടിക്കാര്‍ നാടുഭരിച്ചിട്ടുപോലും അതുണ്ടായില്ല. ഇപ്പോ സ്വന്തം കുഞ്ഞാപ്പയുടെ ഭരണത്തില്‍ പാണക്കാട്ടേക്ക് "പച്ചപ്പൊലീസ്" മണം പിടിച്ചു വരുന്നെന്ന് കേള്‍ക്കുമ്പോള്‍ മുനിക്ക് പെരുത്ത് സങ്കടം. ഈ പൊലീസുകാര്‍ എന്തൊക്കെ പുകിലാണാവോ കാട്ടുക. ഒരു മയവുമില്ലാത്ത വര്‍ഗമാണ്. പാണക്കാട് തറവാടിന്റെ മഹത്വമൊന്നും അറിഞ്ഞോളണോന്നില്ല. തങ്ങളെ പൊലീസ് ചോദ്യംചെയ്യുന്നത് കാണാന്‍ മുനിക്ക് ശക്തിയില്ല. തിരുവഞ്ചൂരിന്റെ പൊലീസ് ചോര്‍ത്തിക്കൊടുക്കുന്ന വാര്‍ത്തകള്‍ വായിക്കാനും വയ്യ. അതിനാല്‍ അഞ്ചു മന്ത്രിമാരോടുംകൂടി ഒരു അപേക്ഷയുണ്ട്. സര്‍വശക്തിയും ഉപയോഗിച്ച് പൊലീസിന്റെ നീക്കം തടയണം.

പക്ഷേ, ആര്യാടനെ സൂക്ഷിക്കണം. പൊലീസുമായി ചേര്‍ന്ന് വല്ല ഗുലുമാലുമൊപ്പിക്കുമോയെന്ന് ശ്രദ്ധിക്കണം. കാരണം പാണക്കാട്ടെ തങ്ങളെ ആത്മീയാചാര്യനായി ആര്യാടന്‍ അംഗീകരിച്ചിട്ടില്ല. എന്തായാലും പൊലീസുകാര്‍ പാണക്കാട് തറവാട്ടിലെത്തി പള്ളനിറച്ച് കോയി ബിരിയാണിയും അണ്ടിപ്പരിപ്പും അനുഗ്രഹവും വാങ്ങിപ്പോകട്ടെ. അത് ചാനലുകള്‍ തത്സമയം കാണിക്കട്ടെ. അതാണ് കലിക്കറ്റ് ഭൂമിദാന കേസില്‍ "അന്വേഷണം സാങ്കേതികം മാത്ര"മാണെന്ന് കുഞ്ഞാപ്പേം കൂട്ടരും മുന്‍കൂര്‍ പറഞ്ഞുവച്ചതിന്റെ ഗുട്ടന്‍സ്. പക്ഷേ പാവം പൊലീസുകാര്‍ക്ക് അത് തിരിയുമോ, ആവോ...

മുനി deshabhimani 151012

1 comment:

  1. സംസ്ഥാന സ്കൂള്‍ കലോത്സവം തിരൂരങ്ങാടിയില്‍ നടത്തുന്നു, പാണക്കാട് തറവാടിനടുത്ത് നക്ഷത്ര ഹോട്ടല്‍ വരുന്നു, അഞ്ചാം മന്ത്രിയുടെ എല്ല് പൊട്ടുന്നു. എന്നിട്ടും മുനി വിശ്വസിച്ചില്ല. കാരണം അഞ്ച് മന്ത്രിമാര്‍ക്കും ഭരിച്ച് പൂതി തീരാതെ ലോകം അവസാനിക്കുകയോ? അതുണ്ടാവില്ലെന്ന് കരുതി ധ്യാനിച്ചിരിക്കുമ്പോഴാണ് "കോയി ബിരിയാണി"യിലെ കല്ലുകടിപോലെ ബെല്ലും ബ്രേക്കുമില്ലാത്തൊരു ന്യൂസ്þ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ അഴിമതിക്കേസ്. മുനിയത് വിശ്വസിച്ചില്ല. എങ്ങനെ വിശ്വസിക്കും? പാണക്കാട് തറവാടിനെക്കുറിച്ച് മുനിക്കറിയാം. സമുദായം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മഹദ്വ്യക്തിത്വങ്ങളാണ് അവിടെയുണ്ടായിരുന്നത്. പൂര്‍വികരായ മുഹമ്മദലി ശിഹാബ് തങ്ങളെയും പൂക്കോയ തങ്ങളെയും ഹുസൈന്‍കോയ തങ്ങളെയും മുനിക്ക് പെരുത്തിഷ്ടമായിരുന്നു.

    ReplyDelete