Sunday, October 7, 2012

ജനുവരി ഒന്നുമുതല്‍ ഭൂസമരം


ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും നെല്‍വയല്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാന്‍ പാലക്കാട്ട് ചേര്‍ന്ന ഭൂപരിഷ്കരണ നിയമസംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. ഭൂമാഫിയകളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ എട്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി ഒന്നുമുതല്‍ ഭൂസമരം തുടങ്ങാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

നാടിന്റെ പച്ചപ്പും തണ്ണീര്‍ത്തടങ്ങളും തിരിച്ചുപിടിക്കാനും സംരക്ഷിക്കാനുമുള്ള സമരം ചരിത്രവിജയമാക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു. ഭൂപരിഷ്കരണനിയമം അട്ടിമറിച്ച് ഭൂമാഫിയക്കും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്കും കേരളത്തെ അടിയറവയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് കണ്‍വന്‍ഷന്‍ ചേര്‍ന്നത്. കര്‍ഷകസംഘം, കെഎസ്കെടിയു, ആദിവാസിക്ഷേമസമിതി, കോളനി അസോസിയേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു കണ്‍വന്‍ഷന്‍.

കോട്ടമൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റും സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ള കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനായി. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പ്രക്ഷോഭ പ്രഖ്യാപനരേഖ അവതരിപ്പിച്ചു. പ്രക്ഷോഭസമിതി പ്രസിഡന്റായി കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജനെയും ജനറല്‍ കണ്‍വീനറായി കര്‍ഷകത്തൊഴിലാളിയൂണിയന്‍ അഖിലേന്ത്യ സെക്രട്ടറി എ വിജയരാഘവനെയും തെരഞ്ഞെടുത്തു. കെ രാധാകൃഷ്ണന്‍, വിദ്യാധരന്‍ കാണി എന്നിവരാണ് കണ്‍വീനര്‍മാര്‍.

ഭൂരഹിതര്‍ക്ക് സമയബന്ധിതമായി ഭൂമി നല്‍കുക, ഭൂവിതരണത്തില്‍ പട്ടികജാതിവിഭാഗത്തിന് മുന്‍ഗണന നല്‍കുക, പട്ടികവര്‍ഗകുടുംബത്തിന് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കുക, കെട്ടിക്കിടക്കുന്ന മിച്ചഭൂമിക്കേസ് തീര്‍ക്കാന്‍ പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുക, പാട്ടവ്യവസ്ഥ ലംഘിച്ചതും പാട്ടകാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കുക, എസ്റ്റേറ്റ് ഉടമകള്‍ അനധികൃതമായി കൈവശംവച്ച ഭൂമിയും കൃഷിചെയ്യാതെ കൈവശംവച്ച തോട്ടഭൂമിയും ഏറ്റെടുക്കുക, നാമമാത്രഭൂമിയില്‍ കൃഷിചെയ്ത് ഉപജീവനം നടത്തുന്ന കര്‍ഷകര്‍ക്ക് ഭൂമിയ്ക്ക് പട്ടയം നല്‍കുക, 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കുക, വയല്‍ നികത്തല്‍ തടയുക, നെല്‍കൃഷിയ്ക്ക് താങ്ങുവിലയും സബ്സിഡിയും ഉറപ്പാക്കുക, ഭൂമി തരിശിടാതിരിക്കുക, പരിസ്ഥിതിയെ ഹനിക്കുംവിധം ഭൂഘടന മാറ്റാതിരിക്കുക, കശുവണ്ടിത്തോട്ടങ്ങളെ പ്ലാന്റേഷന്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭൂപരിഷ്കരണ നിയമഭേദഗതി റദ്ദാക്കുക, ബിനാമിപേരില്‍ റിയല്‍എസ്റേറ്റ് കച്ചവടക്കാരും കോര്‍പറേറ്റുകളും വാങ്ങിയ ഭൂമി മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.
(ജയകൃഷ്ണന്‍ നരിക്കുട്ടി)

കൈയേറ്റഭൂമി പിടിച്ചെടുക്കണം: പിണറായി

പാലക്കാട്: അനധികൃതമായി കൈവശംവയ്ക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പാലക്കാട്ട് കോട്ടമൈതാനത്ത് ഭൂപരിഷ്കരണ സംരക്ഷണ സമര പ്രഖ്യാപന കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ രക്ഷിക്കാന്‍ കാര്‍ഷികമേഖലയില്‍ ഗൗരവതരമായ ഇടപെടല്‍ ആവശ്യമാണ്. ഭൂമാഫിയകളുടെയും റിയല്‍ എസ്റ്റേറ്റുകാരുടെയും പിണിയാളുകളായി സര്‍ക്കാര്‍ സംവിധാനം മാറി. പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തി നാടിന്റെ പച്ചപ്പ് ഇല്ലാതാക്കാനാണ് ശ്രമം. പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പാക്കാനും കുടിവെള്ളം തടസ്സപ്പെടാതിരിക്കാനും പ്രക്ഷോഭമല്ലാതെ പോംവഴിയില്ല. കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ഭൂപരിഷ്കരണനിയമം വഹിച്ച പങ്ക് വലുതാണ്. ആ നിയമം അട്ടിമറിക്കാന്‍ വലതുപക്ഷം നേരത്തേ നീക്കം തുടങ്ങിയിരുന്നു. ഇപ്പോള്‍ അതിന് ആക്കം കൂട്ടി. നെല്‍വയല്‍ വന്‍തോതില്‍ ഇല്ലാതാക്കാനാണ് നീക്കം. 1970-71 കാലത്ത് ഒമ്പത്ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയും 16 ലക്ഷം ടണ്‍ നെല്ലും ലഭിച്ചു. എന്നാല്‍ 2010-11ല്‍ കൃഷി രണ്ടേകാല്‍ ലക്ഷം ഹെക്ടറായും ഉല്‍പ്പാദനം ആറ് ലക്ഷം ടണ്ണായും ചുരുങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണ നിയമം യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. 2005ന് മുമ്പ് നികത്തിയ നെല്‍വയലും തണ്ണീര്‍ത്തടവും കരഭൂമിയായി അംഗീകരിക്കാനാണ് തീരുമാനം. അവശേഷിക്കുന്ന കൃഷിഭൂമി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെയും യുപിഎയുടെയും നയം. അതാണ് ആസൂത്രണസമിതി ഉപാധ്യക്ഷന്‍ മോണ്ടെക്സിങ് അലുവാലിയ എമര്‍ജിങ് കേരളയില്‍ പ്രഖ്യാപിച്ചത്. കാര്‍ഷികരംഗം കുത്തകവല്‍ക്കരിക്കാനും കരാര്‍കൃഷി നടപ്പാക്കാനുമാണ് ശ്രമം.

തോട്ടംഭൂമി സംബന്ധിച്ച നിയമത്തിലെ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ഒരുലക്ഷം ഏക്കര്‍ ഭൂമിയാണ് വിനോദസഞ്ചാരത്തിന്റെ പേരില്‍ റിസോര്‍ട്ടുകാരുടെ കൈയിലെത്തുക. ഒരു ഹെക്ടറില്‍ 180 കശുമാവ് വച്ചുപിടിപ്പിച്ച് ഭൂപരിധിനിയമം മറികടക്കാനുള്ള സൗകര്യവുമുണ്ടാക്കി. പാട്ടത്തിന് നല്‍കിയഭൂമി വ്യവസ്ഥലംഘിച്ച് കൈമാറ്റം ചെയ്യുന്നവരുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നു. ഭൂരഹിതര്‍ക്ക് ലഭിക്കേണ്ട ഭൂമിയാണ് ഇത്തരത്തില്‍ ഇല്ലാതാക്കാന്‍ ശ്രമം.15 ഏക്കറിലധികം ഭൂമി കൈവശം വയ്ക്കാന്‍ അനുവദിക്കരുത്. മിച്ചഭൂമിക്കേസ് അനന്തമായി നീളുന്നത് തടയാന്‍ പ്രത്യേക കോടതിയും വേണം. പട്ടികജാതി-വര്‍ഗ വിഭാഗത്തിന് മുന്‍ഗണന നല്‍കി മൂന്ന് ലക്ഷത്തോളം ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.

അഖിലേന്ത്യാ കിസാന്‍സഭാ വൈസ് പ്രസിഡന്റ് പാലോളി മുഹമ്മദ്കുട്ടി, കര്‍ഷകസംഘം അഖിലേന്ത്യാ സെക്രട്ടറി എ വിജയരാഘവന്‍, കര്‍ഷകസംഘം സംസ്ഥാനപ്രസിഡന്റ് ഇ പി ജയരാജന്‍, സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ്അംഗം എ കെ ബാലന്‍ എംഎല്‍എ, കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍, കര്‍ഷകത്തൊഴിലാളി യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍, ആദിവാസിക്ഷേമസമിതി സംസ്ഥാന സെക്രട്ടറി വിദ്യാധരന്‍ കാണി എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി കെ വി രാമകൃഷ്ണന്‍ സ്വാഗതവും കെഎസ്കെടിയു ജില്ലാസെക്രട്ടറി ആര്‍ ചിന്നക്കുട്ടന്‍ നന്ദിയും പറഞ്ഞു.

കൈയേറ്റ ഭൂമിയില്‍ പ്രവേശിക്കും

പാലക്കാട്: അനധികൃതമായി ഭൂമി കൈവശംവച്ചാല്‍ അധികൃതര്‍ക്ക് ചൂണ്ടിക്കാണിച്ച് അത്തരം ഭൂമിയില്‍ പ്രവേശിക്കാന്‍ ഭൂസമര പ്രഖ്യാപന കണ്‍വന്‍ഷന്‍ തീരുമാനിച്ചു. നെല്‍വയല്‍ നികത്തുന്നതിനെതിരെ സമരം നയിക്കുന്നതിനൊപ്പം തരിശുഭൂമിയില്‍ കൃഷി ചെയ്യാനും പ്രേരിപ്പിക്കും. അനധികൃതമായി കൈയടക്കിവയ്ക്കുന്ന തോട്ടങ്ങളിലും സമരം തുടങ്ങും. പാട്ടക്കാലാവധി കഴിഞ്ഞും പാട്ടവ്യവസ്ഥ ലംഘിച്ചും കൈവശംവയ്ക്കുന്ന തോട്ടങ്ങളില്‍ സമരം തുടങ്ങാനും തീരുമാനിച്ചു. വിനോദസഞ്ചാരത്തിന്റെ പേരില്‍ തോട്ടങ്ങള്‍ കെട്ടിടനിര്‍മാണത്തിന് ഉപയോഗിച്ചാലും പ്രക്ഷോഭം നടത്തും.

ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന തുടര്‍ച്ചയായ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് കണ്‍വെന്‍ഷന്‍ രൂപം നല്‍കി. സമര പ്രചാരണാര്‍ഥം സംസ്ഥാനതലത്തില്‍ രണ്ട് വാഹനജാഥയും പ്രാദേശിക തലത്തില്‍ കാല്‍നടജാഥകളും നടത്തും. കാസര്‍കോട്ടുനിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്ന സംസ്ഥാന ജാഥകള്‍ എറണാകുളത്ത് സംഗമിച്ച് റാലിയോടെ സമാപിക്കും. ജനുവരിയില്‍ തുടങ്ങുന്ന പ്രക്ഷോഭത്തിന്റെ സമരകേന്ദ്രങ്ങള്‍ റാലിയില്‍ പ്രഖ്യാപിക്കും. ഭൂമിയില്‍ പ്രവേശിച്ചുള്ള പ്രക്ഷോഭത്തിന് ഡിസംബര്‍ 15നുള്ളില്‍ സമരവളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും.

ഭൂമിയെ കച്ചവടച്ചരക്കാക്കുന്നു: എസ് ആര്‍ പി

പാലക്കാട്: ഭൂമിയുടെ കമ്പോളം വികസിപ്പിച്ച് ഭൂമിയെ കച്ചവടച്ചരക്കാക്കാനാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സ്വദേശിയും വിദേശിയുമായ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഭൂമി കൈമാറുന്നതിന് ബോധപൂര്‍വമായ ഇടപെടലാണ് സര്‍ക്കാരുകള്‍ നടത്തുന്നത്. ഭൂപരിഷ്കരണം സംരക്ഷിക്കാനുള്ള സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ പാലക്കാട് കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് സംസ്ഥാനത്ത് വീണ്ടും ഭൂമിയുടെ കേന്ദ്രീകരണം സൃഷ്ടിക്കുകയാണ് യുഡിഎഫ്. മുമ്പ് നാടുവാഴിത്തത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയുടെ കേന്ദ്രീകരണംനടന്നതെങ്കില്‍ ഇപ്പോള്‍ മുതലാളിത്തത്തെ ആസ്പദമാക്കിയാണ് ഭൂമികേന്ദ്രീകരണം നടക്കുന്നത്. വന്‍കിട വിദേശ കോര്‍പറേറ്റുകള്‍ ഭൂമി വാങ്ങിക്കൂട്ടുന്നു. എമര്‍ജിങ് കേരളയുടെ ലക്ഷ്യവും ഇതുതന്നെ. തോട്ടത്തിന്റെ നിര്‍വചനം മാറ്റിയതും സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് കാര്‍ഷികമേഖലയെ ആദായകരമല്ലാതാക്കിയത്. 1990ലെ കണക്കനുസരിച്ച് രാജ്യത്തെ ഗ്രാമീണരില്‍ ഭൂമിയില്ലാത്തവര്‍ 22 ശതമാനമായിരുന്നു. ഇപ്പോഴത് 36 ശതമാനമായി. പാവപ്പെട്ടവരുടെ താല്‍പ്പര്യത്തിനു വിരുദ്ധമായ നയമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. വിലക്കയറ്റം തടയാനോ തൊഴിലില്ലായ്മ പരിഹരിക്കാനോ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനോ സര്‍ക്കാരുകള്‍ തയ്യാറല്ല. നാടിന്റെ സമ്പത്ത് വിദേശകോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ്. വന്‍കിട കോര്‍പറേറ്റുകളുടെ കഴിഞ്ഞ ഒരുവര്‍ഷത്തെ ലാഭം 6,25,000 കോടി രൂപയാണ്. ഇന്ത്യയുടെ ആകെ ഒരു വര്‍ഷത്തെ വരുമാനം 7,71,000 കോടി രൂപയും. രാജ്യത്തിന്റെ ആകെ വരുമാനത്തിന്റെ 90 ശതമാനത്തിന് സമമായ തുകയാണ് കോര്‍പറേറ്റുകള്‍ ലാഭം നേടുന്നത്.

അമേരിക്കയുടെ ശബ്ദം മാത്രം കേള്‍ക്കുന്ന പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ് മാറി. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക താല്‍പ്പര്യം അതിവേഗം നടപ്പാക്കുകയാണ് കേന്ദ്രം. ഇത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും അപകടപ്പെടുത്തും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യോജിച്ച പ്രക്ഷോഭം രാജ്യത്താകെ ഉയരുകയാണ്. ട്രേഡ് യൂണിയനുകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പോരാട്ടത്തില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഭാഗമാകുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഭൂപരിഷ്കരണം അട്ടിമറിക്കുന്നതിനെതിരായ സമരപ്രഖ്യാപന കണ്‍വന്‍ഷനെന്നും എസ് ആര്‍ പി പറഞ്ഞു.

deshabhimani 071012

1 comment:

  1. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും നെല്‍വയല്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാന്‍ പാലക്കാട്ട് ചേര്‍ന്ന ഭൂപരിഷ്കരണ നിയമസംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. ഭൂമാഫിയകളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ എട്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി ഒന്നുമുതല്‍ ഭൂസമരം തുടങ്ങാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു

    ReplyDelete