Saturday, April 20, 2013

ഡിഎംആര്‍സിയുടെ ഫ്ളൈഓവര്‍ പദ്ധതി സര്‍ക്കാര്‍ മുക്കി


ഇടപ്പള്ളിയിലെ ഫ്ളൈഓവര്‍ നിര്‍മാണച്ചുമതലയില്‍നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ അവര്‍ സമര്‍പ്പിച്ച ചെലവു കുറഞ്ഞ ഫ്ളൈഓവര്‍ പദ്ധതി സര്‍ക്കാര്‍ മുക്കി. ഫ്ളൈഓവര്‍ നിര്‍മാണത്തിന് 180 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച സര്‍ക്കാരിന് ഡിഎംആര്‍സിയുടെ 87.6 കോടിയുടെ പദ്ധതിയെക്കുറിച്ച് അറിയില്ലെന്ന് പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജും കേരള റോഡ് ഫണ്ട് ബോര്‍ഡ് സിഇഒ പി സി ഹരികേശും "ദേശാഭിമാനി"യോട് പറഞ്ഞു.

മന്ത്രിസഭാ യോഗത്തിനുശേഷം ഫ്ളൈഓവര്‍ നിര്‍മാണത്തിനുള്ള തീരുമാനം പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ഡിഎംആര്‍സി പദ്ധതിയെക്കുറിച്ച് മിണ്ടിയില്ല. കൊച്ചി മെട്രോ പാതയുടെ ഭാഗമായി ഇടപ്പള്ളിയില്‍ ഫ്ളൈഓവര്‍ നിര്‍മിക്കാനുള്ള പദ്ധതി ഡിഎംആര്‍സി തയ്യാറാക്കിയിട്ടുള്ളതായി ഫെബ്രുവരി 18ന് ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇ ശ്രീധരന്‍ ആദ്യമായി വെളിപ്പെടുത്തിയത്. മാര്‍ച്ച് രണ്ടിന് കൊച്ചിയില്‍ മലയാളമനോരമ സംഘടിപ്പിച്ച സെമിനാറില്‍ ഡിഎംആര്‍സി പ്രോജക്ട് ഡയറക്ടര്‍ പി ശ്രീറാം പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ആ സെമിനാറില്‍ കേന്ദ്രസഹമന്ത്രി കെ വി തോമസും മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും പങ്കെടുത്തിരുന്നു. ഡിഎംആര്‍സി തയ്യാറാക്കിയ പദ്ധതി സര്‍ക്കാരിന് നല്‍കണമെന്ന് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്് ആവശ്യപ്പെട്ടു. അതനുസരിച്ച് ഡിഎംആര്‍സി സംസ്ഥാന പൊതുമരാമത്തുവകുപ്പിനും ദേശീയപാത അതോറിറ്റിക്കും വിശദ രൂപരേഖ അയച്ചുകൊടുത്തു. എന്നിട്ടും അതിന്റെ ഇരട്ടിയിലേറെ തുക ചെലവുചെയ്ത് ഫ്ളൈഓവര്‍ നിര്‍മിക്കാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചത്.

മന്ത്രിസഭാ തീരുമാനം വിശദീകരിക്കുമ്പോള്‍ ഡിഎംആര്‍സിയുടെ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. എന്നാല്‍ ഡിഎംആര്‍സി സമര്‍പ്പിച്ച പദ്ധതിയാണ് നടപ്പാക്കുന്നതെന്ന തെറ്റായ വിവരമാണ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഡിഎംആര്‍സി പദ്ധതിയെക്കുറിച്ച് സര്‍ക്കാരിന് അറിയില്ലെന്ന ടി ഒ സൂരജിന്റെയും പി സി ഹരികേശിന്റെയും വെളിപ്പെടുത്തല്‍ ഇക്കാര്യത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ഡിഎംആര്‍സിയെ ഒഴിവാക്കി കൂടിയ ചെലവില്‍ മറ്റാരെക്കൊണ്ടെങ്കിലും ഫ്ളൈഓവര്‍ നിര്‍മിക്കാനുള്ള ഗൂഢനീക്കമാണ് നടന്നതെന്ന സംശയവും ഉണര്‍ത്തുന്നു. ചെലവുകുറച്ച് ഫ്ളൈഓവര്‍ നിര്‍മിക്കാന്‍ ഡിഎംആര്‍സി തയ്യാറായാല്‍ നിര്‍മാണം അവരെ ഏല്‍പ്പിക്കുമെന്നാണ് ടി ഒ സൂരജ് വെള്ളിയാഴ്ച "ദേശാഭിമാനി"യോട് പറഞ്ഞത്. റോഡ്ഫണ്ട് ബോര്‍ഡിന്റെ പണം ഉപയോഗിച്ച് നിര്‍മിക്കാന്‍ മാത്രമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഡിഎംആര്‍സിയുടെ പദ്ധതിയെക്കുറിച്ച് അറിയില്ലായിരുന്നു. അവര്‍ പദ്ധതി സര്‍ക്കാരിന് നല്‍കിയിട്ടില്ല. പ്രായോഗിക നിര്‍ദേശമാണെങ്കില്‍ സര്‍ക്കാര്‍ തീരുമാനിച്ച് ടെന്‍ഡര്‍ ഒഴിവാക്കി നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ തടസമില്ലെന്നും സൂരജ് പറഞ്ഞു.

ഫ്ളൈഓവര്‍ നിര്‍മാണത്തിന് 180 കോടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നാണ് പി സി ഹരികേശ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഡിഎംആര്‍സിയുടെ പദ്ധതിക്ക് അംഗീകാരം നല്‍കാതെ ഇരട്ടിയിലേറെ പണം ചെലവഴിച്ച് വന്‍ അഴിമതിക്കാണ് സര്‍ക്കാര്‍ കോപ്പുകൂട്ടുന്നതെന്ന സംശയം ശക്തമാകുന്നു. സ്ഥലം ഏറ്റെടുപ്പിന്റെയും ഫ്ളൈഓവര്‍ നിര്‍മാണത്തിന്റെയും വിശദമായ രൂപരേഖയാണ് ഡിഎംആര്‍സി സമര്‍പ്പിച്ചത്. മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞ ചെലവില്‍ വേഗത്തില്‍ അവര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമായിരുന്നു. ടെന്‍ഡര്‍ ഒഴിവാക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാം. നോര്‍ത്ത്, കെഎസ്ആര്‍ടിസി മേല്‍പ്പാലങ്ങളുടെ നിര്‍മാണം ഇതേ രീതിയിലാണ് മുന്‍ സര്‍ക്കാര്‍ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചത്.

deshabhimani 200413

No comments:

Post a Comment