Saturday, April 20, 2013

സമവായമായെന്ന വാദം തെറ്റ്: ഇടതുപക്ഷം


ഭൂമി ഏറ്റെടുക്കല്‍- പുനരധിവാസനിയമത്തില്‍ രാഷ്ട്രീയസമവായമുണ്ടെന്ന യുപിഎ സര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ഇടതുപക്ഷം. ബില്ലിലെ ചില അടിസ്ഥാനവകുപ്പുകളോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നും നാല് ഇടതുപക്ഷ പാര്‍ടികള്‍ അഭിപ്രായപ്പെട്ടു. സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനില്‍ വെള്ളിയാഴ്ച വൈകിട്ട് യോഗം ചേര്‍ന്നശേഷം ഇറക്കിയ പ്രസ്താവനയില്‍ ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനയ്ക്ക് വിടണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു.

നിലവില്‍ സര്‍ക്കാരിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്ന 13 നിയമങ്ങള്‍ പുതിയ ബില്ലിന്റെ പരിധിക്കുപുറത്താകുന്നത് ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സിപിഐ നേതാവ് എ ബി ബര്‍ദന്‍ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നത് 85 ശതമാനവും ഈ നിയമങ്ങളുടെ പരിധിയിലായതിനാല്‍ ഈ നിയമങ്ങളെ പുറത്തുനിര്‍ത്തിയുള്ള പുതിയ ബില്‍ ഒരു ഗുണവും ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ബില്ലിലെ പൊതു ആവശ്യം എന്ന പരാമര്‍ശമനുസരിച്ച് സ്വകാര്യവ്യക്തികള്‍ക്കും ഭൂമി ഏറ്റെടുക്കാന്‍ കഴിയുമെന്നും അതിനാല്‍ ഈ വാക്കിന്റെ അര്‍ഥം പരിമിതപ്പെടുത്തണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കുന്നതിനും ഭൂവുടമകളുടെ സമ്മതം തേടണമെന്നും എന്നാല്‍, എത്ര ശതമാനമാണെന്ന കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയാകാമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ഭൂവുടമയ്ക്കുമാത്രമല്ല അതുപയോഗിച്ച് ഉപജീവനം കഴിക്കുന്ന പാട്ടക്കൃഷിക്കാരനും കര്‍ഷകത്തൊഴിലാളികള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. ബില്ലിലെ ചില വ്യവസ്ഥകള്‍ ആദിവാസിതാല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പശ്ചിമബംഗാളില്‍ ഇടതുപക്ഷ പാര്‍ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുള്ള ആക്രമണത്തെയും ഇടതുപക്ഷം അപലപിച്ചു. അക്രമം അവസാനിപ്പിക്കാന്‍ തൃണമൂല്‍ തയ്യാറാകണം. ഈ ആക്രമണത്തെ എതിര്‍ക്കാനും നിയമവാഴ്ച പുനഃസ്ഥാപിക്കാനും എല്ലാ ജനാധിപത്യവിശ്വാസികളോടും ഇടതുപക്ഷം ആവശ്യപ്പെട്ടു. വിദ്യാര്‍ഥിനേതാവ് കൊല്ലപ്പെട്ടതിനെതിരെ ദേശവ്യാപകമായി ഉയര്‍ന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ വ്യവസായമന്ത്രി അമിത്മിത്ര ഉള്‍പ്പെട്ട സംഭവമുണ്ടായത്. ഇതിന്റെ മറവില്‍ ഇടതുപക്ഷത്തെ ആക്രമിക്കുകയാണ് തൃണമൂല്‍. ആയിരം പാര്‍ടി ഓഫീസ് ആക്രമിച്ചു. പ്രതിപക്ഷപാര്‍ടികളുടെ പ്രവര്‍ത്തനം അടിച്ചമര്‍ത്തുകയാണ്. മനുഷ്യാവകാശലംഘനങ്ങളും നടക്കുന്നു. വിദ്യാര്‍ഥിയെ ചങ്ങലക്കിടുകപോലുമുണ്ടായി- പ്രസ്താവനയില്‍ പറഞ്ഞു. സമീപകാല രാഷ്ട്രീയസ്ഥിതിഗതികള്‍ യോഗം ചര്‍ച്ചചെയ്തുവെന്ന് ബര്‍ദന്‍ പറഞ്ഞു. ഏപ്രില്‍ 25ന് വീണ്ടും ഇടതുപക്ഷ പാര്‍ടികള്‍ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍റാവു, മുന്‍ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍, സെക്രട്ടറി ഡി രാജ, ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ്, സെക്രട്ടറി ദേവരാജന്‍, ആര്‍എസ്പി സെക്രട്ടറി അബനിറോയ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
(വി ബി പരമേശ്വരന്‍)

deshabhimani 200413

No comments:

Post a Comment