Sunday, October 14, 2012

ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് സോഷ്യലിസ്റ്റ് ജനതയുടെ പിന്തുണ


വലതുപക്ഷ-ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്, പേരില്‍ മാത്രം സോഷ്യലിസവുമായി സോഷ്യലിസ്റ്റ് ജനത (ഡമോക്രാറ്റിക്)സംസ്ഥാന സമ്മേളനത്തിന് സമാപനം. വിലക്കയറ്റമടക്കമുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാതെയും ഉദാരവല്‍ക്കരണ നിലപാടുകള്‍ പിന്തുടരുന്ന കേന്ദ്രഭരണത്തിനെതിരെ മൗനം പാലിച്ചുമാണ് "സോഷ്യലിസ്റ്റുകളുടെ" സമ്പൂര്‍ണസമ്മേളനം അവസാനിച്ചത്. കോണ്‍ഗ്രസുമായി സഖ്യം തുടരുന്നതിലും ജനവിരുദ്ധ സമീപനങ്ങളുമായി ഭരണം മുന്നേറുന്നതിലും ചിലര്‍ വിമര്‍ശനമുയര്‍ത്തുകയുണ്ടായി. എന്നാല്‍ ഇതിനെതിരായ സമീപനമാണ് ഔദ്യോഗിക നേതൃത്വം കൈകൊണ്ടത്. ശനിയാഴ്ച രാഷ്ട്രീയ പ്രമേയത്തിലുള്ള ചര്‍ച്ചയില്‍ സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷത്തിനു നേരെ കടുത്ത വിമര്‍ശനമാണുണ്ടായത്. എന്നാല്‍ നേതാക്കളില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള വീരേന്ദ്രകുമാറും സംഘവും വിമര്‍ശനങ്ങള്‍ തള്ളി. പാര്‍ടി യുഡിഎഫില്‍ തുടരുമെന്നും ഇടതുപക്ഷത്തേക്ക് പോകാന്‍ ആരുശ്രമിച്ചാലും അനുവദിക്കില്ലെന്നും വീരേന്ദ്രകുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

സംസ്ഥാന സെക്രട്ടറി അഡ്വ. തോമസ്ബാബുവാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. വിലക്കയറ്റം, സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായനയം, വയല്‍നികത്തല്‍ തുടങ്ങിയവയെല്ലാം പരാമര്‍ശിക്കുന്നതായിരുന്നു പ്രമേയം. 18 പേര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ കെ കെ ഹംസ (വയനാട്), എം കെ ഭാസ്കരന്‍, ശിവാനന്ദന്‍ (കോഴിക്കോട്) എന്നിവര്‍ പ്രമേയത്തെ എതിര്‍ത്തു. കെ ശങ്കരന്‍ (കോഴിക്കോട്), മാത്യു വേളങ്ങാടന്‍ (ആലപ്പുഴ), കെ ജെ സോഹന്‍ (എറണാകുളം) എന്നിവര്‍ വീരനും മകനും സ്വാര്‍ഥ താല്‍പര്യത്തിനായി പാര്‍ടിയെ നശിപ്പിക്കയാണെന്ന് അഭിപ്രായപ്പെട്ടു. പഴയ പ്രസംഗങ്ങളും ആഗോളവല്‍ക്കരണവിരുദ്ധ ലേഖനങ്ങളും വീരേന്ദ്രകുമാര്‍ മറന്നുപോകരുതെന്ന് അഡ്വ. മുരുകദാസ് ഓര്‍മ്മിപ്പിച്ചു. പ്രവര്‍ത്തകരുടെ ആവശ്യം അംഗീകരിച്ച് അട്ടപ്പാടിയില്‍ സുസ്ലോണ്‍ കമ്പനിക്ക് ഭൂമി കൈമാറിയ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കണമെന്ന പ്രമേയം അംഗീകരിച്ചു. പ്ലാച്ചിമടയില്‍ നഷ്ടപരിഹാരം വിധിച്ച ട്രിബൂണലിന് അംഗീകാരം നല്‍കുക, നഷ്ടപരിഹാരം കിട്ടാന്‍ നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു. രാഷ്ട്രീയ പ്രമേയത്തിലെ ചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായെങ്കിലും പ്രമേയം അംഗീകരിക്കുന്നത് സംസ്ഥാനസമിതിക്കു വിട്ട് വീരന്‍ തന്ത്രപരമായ ഇടപെടല്‍ നടത്തി. സംസ്ഥാന സമിതിയില്‍ ഭൂരിപക്ഷമുപയോഗിച്ച് പ്രമേയത്തില്‍ ഭേദഗതി വരുത്തലാണ് ലക്ഷ്യം. യുഡിഎഫിനെ തിരുത്താന്‍ എസ്ജെഡിയില്ലെന്ന് വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗ് പറയുന്ന അഭിപ്രായം മുസ്ലിം സമുദായത്തിന്റെതാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 141012

1 comment:

  1. വലതുപക്ഷ-ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്, പേരില്‍ മാത്രം സോഷ്യലിസവുമായി സോഷ്യലിസ്റ്റ് ജനത (ഡമോക്രാറ്റിക്)സംസ്ഥാന സമ്മേളനത്തിന് സമാപനം. വിലക്കയറ്റമടക്കമുള്ള വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാതെയും ഉദാരവല്‍ക്കരണ നിലപാടുകള്‍ പിന്തുടരുന്ന കേന്ദ്രഭരണത്തിനെതിരെ മൗനം പാലിച്ചുമാണ് "സോഷ്യലിസ്റ്റുകളുടെ" സമ്പൂര്‍ണസമ്മേളനം അവസാനിച്ചത്.

    ReplyDelete