കാസര്‍കോട്: കേന്ദ്രസര്‍വകലാശാലയില്‍ പ്രത്യേക എംഫില്‍ കോഴ്സ് ആരംഭിച്ചത് നോട്ടീസ് ബോര്‍ഡില്‍പോലും അറിയിപ്പ് നല്‍കാതെ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിഭാഗത്തിലാണ് പ്രോസ്പെക്ടസില്‍ പറയാത്ത കോഴ്സ് പെട്ടെന്ന് ആരംഭിച്ചത്. റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴാണ് വിദ്യാര്‍ഥികളും ഭൂരിപക്ഷം അധ്യാപകരും ജീവനക്കാരും വിവരമറിഞ്ഞത.് സര്‍വകലാശാല സൈറ്റില്‍ മാത്രമാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. സെപ്തംബര്‍ പത്തിന് തീയതിവച്ച വിജ്ഞാപനം അപേക്ഷിക്കാന്‍ മൂന്നുദിവസം ബാക്കിനില്‍ക്കെയാണ് വെബ്സൈറ്റിലിട്ടതെന്നും ആരോപണമുണ്ട്. മറ്റു കോഴ്സുകളുടെ പ്രവേശന സമയത്തോ അതിനുശേഷമോ ഇങ്ങനെയൊരു കോഴ്സ് തുടങ്ങുന്നതായി സര്‍വകലാശാല അറിയിച്ചിരുന്നില്ല. രഹസ്യമായി തീരുമാനിച്ച് വേണ്ടപ്പെട്ടവര്‍ക്ക് മാത്രം വിവരം നല്‍കി സര്‍വകലാശാല സ്വന്തമായി പരീക്ഷ നടത്തുകയായിരുന്നുവെന്ന് വ്യക്തം. കോട്ടയം സിഎംഎസ് കോളേജ് പരീക്ഷാകേന്ദ്രമാക്കിയതും പ്രത്യേക ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന് ഒന്നാംറാങ്ക് നല്‍കി പ്രവേശനം നല്‍കിയതോടെ അധികൃതരുടെ ഗൂഢനീക്കം പുറത്തായി.
അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തില്‍ വന്‍ അഴിമതി നടത്തിയ സര്‍വകലാശാല അധികൃതര്‍ വിദ്യാര്‍ഥി പ്രവേശനത്തിലും അഴിമതിക്ക്് കളമൊരുക്കുകയാണ്. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്സിന് കേരളത്തില്‍ ധാരാളം അപേക്ഷകരുണ്ടാകുമെന്നിരിക്കെ കേന്ദ്രസര്‍വകലാശാലയുടെ പ്രവേശന പരീക്ഷക്ക് രണ്ടു കേന്ദ്രത്തിലുമായെത്തിയത് 22 പേര്‍. 55 ശതമാനം മാര്‍ക്കോടെ എംഎ ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ആവശ്യത്തിന് ഫാക്കല്‍റ്റിപോലുമില്ലാതെയാണ് പുതിയ കോഴ്സ് തുടങ്ങുന്നത്. ഇന്റര്‍നാഷണല്‍ റിലേഷനില്‍ എംഎ കോഴ്സാണ് തുടങ്ങുകയെന്ന് തുടക്കത്തില്‍ പറഞ്ഞ സര്‍വകലാശാല അധികൃതര്‍ അധ്യാപകരെപ്പോലും പൂര്‍ണമായി നിയമിച്ചിട്ടില്ല. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായ ഒരാളെ ഡെപ്യൂട്ടേഷനില്‍ കോ- ഓര്‍ഡിനേറ്ററായി നിയമിച്ചാണ് കോഴ്സ് തുടങ്ങിയത്. സാധാരണ അധ്യാപകനെ കേന്ദ്രസര്‍വകലാശാല നടത്തുന്ന കോഴ്സിന്റെ വകുപ്പ് തലവനാക്കിയതിന് പിന്നിലും ദുരൂഹതയുണ്ട്.
deshabhimani 061012
No comments:
Post a Comment