Saturday, October 6, 2012

ഇവിടെ പണം പറ്റാതെ തന്നെ ഇടതുവിരുദ്ധ വാര്‍ത്ത ചമയ്ക്കുന്നു


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണം വാങ്ങി അനുകൂല വാര്‍ത്തകള്‍ ചമയ്ക്കുമ്പോള്‍ കേരളത്തില്‍ ഒരു പറ്റം മാധ്യങ്ങള്‍ പണം പറ്റാതെ തന്നെ കമ്യൂണിസ്റ്റ് വിരുദ്ധപ്രവര്‍ത്തനം നടത്തുകയാണെന്ന് പി രാജീവ് എംപി പറഞ്ഞു. ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം ആലപ്പുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജില്ലയിലെ ആദ്യത്തെ മാധ്യമസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമരംഗത്തെ ഉടമസ്ഥത കേന്ദ്രീകരിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ തല്‍പര്യം വളരെ വേഗം നടപ്പാക്കാന്‍ ഇതുമൂലം കഴിയുന്നു. പെയ്ഡ്ന്യൂസ്, പ്രൈവറ്റ് ട്രീറ്റി, ആഡ്ന്യൂസ് എന്നിവയിലൂടെയാണ് വലതുപക്ഷവും കോര്‍പ്പറേറ്റുകളും തങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നത്. ഇന്ന് തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ അനുകൂലമായി പ്രസിദ്ധീകരിക്കുന്നതിന് താരിഫ് നിശ്ചയിക്കുന്ന അവസ്ഥയിലേക്ക് ഈ അപകടം വളര്‍ന്നു. ഇത് ജനാധിപത്യത്തില്‍ കാര്യങ്ങള്‍ അറിയാനുള്ള പൗരന്റെ അവകാശത്തെയും തെരഞ്ഞെടുപ്പിനുള്ള വിവേചന അധികാരത്തെയും അപകടകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുതലാളിത്ത താല്‍പര്യങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ വാക്കുകളും അക്കങ്ങളും സൂചകങ്ങളും സമര്‍ഥമായി ഉപയോഗപ്പെടുത്തുകയാണ്. തോട്ടഭൂമിയുടെ അഞ്ചുശതമാനം ടൂറിസത്തിനായി നീക്കിവെക്കുമെന്ന് പറയുന്നവര്‍ ഇത് ഒരു ലക്ഷം ഏക്കറാണെന്ന് മനഃപൂര്‍വം മറച്ചുവെയ്ക്കുകയാണ്. രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് എല്ലാ തൊഴിലാളി സംഘടനകളും ഒന്നിച്ച് രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം നല്‍കിയപ്പോള്‍ അത് പ്രമുഖ പത്രങ്ങള്‍ക്ക് ഒന്നും വാര്‍ത്തയാകാതിരുന്നതും മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് താല്‍പര്യത്തിന് തെളിവാണ്. കേരളത്തില്‍ ലാവ്ലിന്‍കേസില്‍ പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന സിബിഐയുടെ കണ്ടെത്തല്‍ അദ്ദേഹത്തെ വേട്ടയാടിയ മാധ്യങ്ങള്‍ അകംപേജുകളിലൊതുക്കി. കവിയൂര്‍, കിളിരൂര്‍ കേസുകളിലും ഇതേ രീതിയാണ് മാധ്യമങ്ങള്‍ അവലംബിച്ചത്. മാധ്യമങ്ങളുടെ ഈ പ്രവൃത്തി തുറന്നുകാട്ടിവേണം ബദല്‍ മാധ്യമ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും ആക്കം കൂട്ടാന്‍. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും വാര്‍ത്തകള്‍ പറയുന്ന ദേശാഭിമാനിയുടെ പ്രചാരണം അതൂകൊണ്ടുതന്നെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമരംഗത്തെ കോര്‍പ്പറേറ്റ് വല്‍ക്കരണം യാഥാര്‍ത്ഥ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ് ഡി വേണുകുമാര്‍ പറഞ്ഞു. എന്നാല്‍ എല്ലാറ്റിലും രാഷ്ട്രീയം കാണുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മര്‍ഡോക്ക് ഉള്‍പ്പെടെയുള്ള കുത്തകകള്‍ കേരളത്തിലെ മാധ്യമങ്ങളും കൈയടക്കുകയാണെന്ന് ചടങ്ങില്‍ മോഡറേറ്ററായിരുന്ന കെ വി സുധാകരന്‍ പറഞ്ഞു. ഈ താല്‍പര്യം ഇന്ന് വാര്‍ത്തയിലും പ്രകടമാണ്. ഇന്ത്യയെ നടുക്കിയ രാജീവ്ഗാന്ധി വധത്തിനും ഇന്ദിരാഗാന്ധി കൊലപാതകത്തിനും കൊടുക്കാത്ത പ്രാധാന്യം ചന്ദ്രശേഖരന്‍ വധത്തിന് നല്‍കിയതിന് പിന്നില്‍ ഈ മാധ്യമകുത്തകളുടെ രാഷ്ട്രീയ താല്‍പര്യമാണെന്നും സുധാകരന്‍ പറഞ്ഞു. പി പി ചിത്തരഞ്ജന്‍ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഡി ലക്ഷ്മണന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ രാഘവന്‍, പി കെ സോമന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. പ്രിയദര്‍ശന്‍ തമ്പി നന്ദി പറഞ്ഞു.

deshabhimani 061012

1 comment:

  1. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണം വാങ്ങി അനുകൂല വാര്‍ത്തകള്‍ ചമയ്ക്കുമ്പോള്‍ കേരളത്തില്‍ ഒരു പറ്റം മാധ്യങ്ങള്‍ പണം പറ്റാതെ തന്നെ കമ്യൂണിസ്റ്റ് വിരുദ്ധപ്രവര്‍ത്തനം നടത്തുകയാണെന്ന് പി രാജീവ് എംപി പറഞ്ഞു. ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം ആലപ്പുഴ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജില്ലയിലെ ആദ്യത്തെ മാധ്യമസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete