Monday, October 15, 2012

ബംഗാളില്‍ ഇടതുപക്ഷം തിരിച്ചുവരുന്നു


പശ്ചിമബംഗാളില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍. ജാംഗിപുര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി കഷ്ടിച്ച് രക്ഷപ്പെട്ടത് കോണ്‍ഗ്രസിനോടും തൃണമൂലിനോടും ജനങ്ങള്‍ അകലുന്നുവെന്നതിന്റെ വ്യക്തമായ സൂചന. പശ്ചിമബംഗാളില്‍ 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റ ഇടതുപക്ഷം ജാംഗിപുര്‍ ഉപതെരഞ്ഞെടുപ്പിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. 2009ലെ തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജി 1.28 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലമാണ് കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുര്‍ഷിദാബാദ് ജില്ലയിലെ ജാംഗിപുര്‍. അതേശക്തികേന്ദ്രത്തില്‍ മകന്റെ ഭൂരിപക്ഷം കേവലം 2536 വോട്ട്. 2009ലെ തെരഞ്ഞെടുപ്പില്‍ പോള്‍ചെയ്തതിന്റെ 54.24 ശതമാനം വോട്ട് പ്രണബ് മുഖര്‍ജിക്ക് ലഭിച്ചപ്പോള്‍ അഭിജിത്തിന് ലഭിച്ചത് 39.01 ശതമാനംമാത്രം. അതായത് 15.23 ശതമാനത്തിന്റെ കുറവ്. എന്നാല്‍, സിപിഐ എം അടിത്തറയ്ക്ക് കോട്ടംതട്ടിയില്ല. 2009ല്‍ സിപിഐ എമ്മിന് 40.52 ശതമാനവും ഇക്കുറി 38.71 ശതമാനവും. 2009ല്‍ കോണ്‍ഗ്രസിന് 5,06,749 വോട്ട് ലഭിച്ചപ്പോള്‍ ഇക്കുറി അത് 3,32,919 ആയി കുറഞ്ഞു. 1,73,830ന്റെ ചോര്‍ച്ച. കോണ്‍ഗ്രസിനെതിരെ തൃണമൂല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്ത സാഹചര്യത്തിലാണ് ഈ ചോര്‍ച്ച.

മാത്രമല്ല, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജാംഗിപുരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നൊഴിച്ച് എല്ലാ സീറ്റിലും ലീഡ് കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍, ഇക്കുറി നാലു നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായ സിപിഐ എമ്മിന്റെ മുസഫര്‍ ഹുസൈന്‍ ലീഡ് നേടി. വിലക്കയറ്റവും അഴിമതിയുംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെ പ്രതികരണമാണ് ജാംഗിപുരില്‍ നിഴലിച്ചുകാണുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ ബിമന്‍ബസു പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയത്തിനെതിരെ ജനരോഷമുയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജാംഗിപുരിലെ തിരിച്ചടിക്കുപുറമെ, ഉത്തരാഖണ്ഡിലെ തെഹ്രിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുഫലവും കോണ്‍ഗ്രസിന് ക്ഷീണമായി. മുഖ്യമന്ത്രി വിജയ്ബഹുഗുണയുടെ മകന്‍ സാകേത് ബഹുഗുണ 18,000 വോട്ടിനാണ് തോറ്റത്. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും തെഹ്രിയില്‍ വിജയിച്ച വിജയ് ബഹുഗുണ മുഖ്യമന്ത്രിയായതിനെതുടര്‍ന്നാണ് മകനും "ഇന്ത്യബുള്‍സ്" കമ്പനി ഉദ്യോഗസ്ഥനുമായ സാകേത് മത്സരിച്ചത്. എട്ടുതവണ മണ്ഡലത്തെ പ്രതിനിധാനംചെയ്ത തെഹ്രിയിലെ രാജാവ് മാനവേന്ദ്ര ഷായുടെ മരുമകള്‍ മാല രാജലക്ഷ്മി ഷാ (ബിജെപി)യാണ് വിജയിച്ചത്.
(വി ബി പരമേശ്വരന്‍)

ജാംഗിപുരിലെ കോണ്‍. വിജയം സാങ്കേതികം മാത്രം: കാരാട്ട്

ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ജാംഗിപുര്‍ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേത് സാങ്കേതികമായ വിജയം മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എമ്മിനെ സംബന്ധിച്ച് നല്ല ഫലമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1.28 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ്് ഇക്കുറി ഭൂരിപക്ഷം 2500 മാത്രം. 16 പോളിങ് ബൂത്തുകളില്‍ സിപിഐ എമ്മിന് ഏജന്റിനെ നിയോഗിക്കാന്‍ കോണ്‍ഗ്രസുകാര്‍ അനുവദിച്ചില്ല. നാല് ബൂത്തുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക്് ഒരുവോട്ടുപോലും പോള്‍ ചെയ്തിട്ടില്ല. മാത്രമല്ല സിപിഐ എം സ്ഥാനാര്‍ഥിയുടെ അതേ പേരിലുള്ള കോണ്‍ഗ്രസ് അപരന് 11,000 വോട്ട് ലഭിച്ചു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന്റെ വിജയത്തിന് തിളക്കമില്ലെന്നും കാരാട്ട് പറഞ്ഞു.

deshabhimani 151012

1 comment:

  1. പശ്ചിമബംഗാളില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍. ജാംഗിപുര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി കഷ്ടിച്ച് രക്ഷപ്പെട്ടത് കോണ്‍ഗ്രസിനോടും തൃണമൂലിനോടും ജനങ്ങള്‍ അകലുന്നുവെന്നതിന്റെ വ്യക്തമായ സൂചന.

    ReplyDelete