ന്യൂഡല്‍ഹി: ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതി ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി എ രാജയെ പൂര്‍ണമായി കുറ്റപ്പെടുത്തിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വെള്ളപൂശിയുമുള്ള സംയുക്ത പാര്‍ലമെന്ററി സമിതി(ജെപിസി)യുടെ കരടുറിപ്പോര്‍ട്ട് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സിഎജി)ന്റെ നഷ്ടക്കണക്കുകളെയും തള്ളുന്നു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ 2ജി ലൈസന്‍സ് വിതരണത്തിലെ ക്രമക്കേട് ഖജനാവിന് 67,364 കോടി രൂപ മുതല്‍ 1.76 ലക്ഷം കോടി രൂപയുടെവരെ നഷ്ടം വരുത്തിയെന്ന സിഎജിയുടെ കണ്ടെത്തലിനെ രൂക്ഷമായാണ് ജെപിസി റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നത്. സിഎജിയുടെ നഷ്ടക്കണക്കുകള്‍ തള്ളുന്ന കരടുറിപ്പോര്‍ട്ട് എന്‍ഡിഎ ഭരണകാലത്തെ സ്പെക്ട്രം ഇടപാട് രാജ്യത്തിന് 40000 കോടി നഷ്ടമുണ്ടാക്കിയെന്നും കണ്ടെത്തി.
ലൈസന്‍സ് വിതരണത്തിലുണ്ടായ നഷ്ടം ഊഹക്കണക്കുകളിലൂടെ നിശ്ചയിക്കാനുള്ള സിഎജിയുടെ ശ്രമം ദുരുദ്ദേശ്യത്തോടെയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 1.76 ലക്ഷം കോടി നഷ്ടം വന്നുവെന്ന് കണ്ടെത്തിയ സിഎജി പക്ഷേ, പരമാവധി വരുമാനം സമാഹരിക്കലല്ല ടെലികോം നയത്തിന്റെ ലക്ഷ്യമെന്ന അടിസ്ഥാന തത്വം മറന്നു- കരട് റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. കുറഞ്ഞ നിരക്കില്‍ ഉപയോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുകയാണ് നയത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് 2007ല്‍ ഉള്‍പ്പെടെ ലൈസന്‍സ് വിതരണത്തിന് ലേലമാര്‍ഗം സ്വീകരിക്കേണ്ടതില്ലെന്ന് ട്രായ് നിര്‍ദേശിച്ചത്. ലേലത്തിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാട് ട്രായ് ആവര്‍ത്തിച്ചിട്ടും ലേലം നടത്തിയിരുന്നെങ്കില്‍ സര്‍ക്കാരിന് ലഭിക്കാമായിരുന്ന വരുമാനത്തിലേക്ക് സിഎജി എന്തിന് കടന്നുവെന്നത് അത്ഭുതകരമാണ്. ടെലികോം മേഖലയില്‍ കാലാകാലങ്ങളായി സ്വീകരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ വേണമായിരുന്നു എന്തെങ്കിലും നഷ്ടം സംഭവിച്ചോയെന്ന് പരിശോധിക്കാന്‍. പശ്ചാത്തലസൗകര്യ മേഖലയായി അടുത്ത പത്തുവര്‍ഷത്തേക്ക് ടെലികോം മേഖലയെ കാണണമെന്നാണ് പത്താം പദ്ധതി രേഖയില്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ വരുമാന ഉല്‍പ്പാദനം ഈ മേഖലയുടെ പ്രധാനലക്ഷ്യമായി വരുന്നില്ല. പതിനൊന്നാം പദ്ധതിരേഖയും ടെലികോം മേഖലയെ പശ്ചാത്തലസൗകര്യ മേഖലയായി കാണണമെന്നാണ് നിര്‍ദേശിക്കുന്നത്. നയപരമായ ചട്ടക്കൂട്ടില്‍ വരുന്ന വിഷയത്തില്‍ മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ നഷ്ടം കണക്കാക്കുന്നത് ഉചിതമോയെന്ന ചോദ്യമാണ് ഉയരുന്നത്. ഏതു മാനദണ്ഡപ്രകാരം പരിശോധിച്ചാലും ടെലിസാന്ദ്രത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പിന്തുടര്‍ന്ന ടെലികോം നയം സര്‍ക്കാരിനുണ്ടായ, സാധ്യമായ ഏത് വരുമാന നഷ്ടത്തെയും മറികടക്കുമെന്ന് തീര്‍ച്ച- കരട് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.
(എം പ്രശാന്ത്)
ജെപിസി റിപ്പോര്‍ട്ടല്ല; ചാക്കോ റിപ്പോര്‍ട്ട്
എല്ലാ കുറ്റവും ചെയ്തെന്നു പറയുന്ന രാജയെ ജെപിസിക്കു മുമ്പില്‍ വളിച്ചുവരുത്താന്‍ ചാക്കോ തയ്യാറായില്ല. രാജ സ്വയം ജെപിസിക്കു മുമ്പില്‍ ഹാജരാകാന്‍ തയ്യാറായപ്പോഴും എതിര്‍ത്തത് ചാക്കോതന്നെ. താന്‍ ചെയ്ത എല്ലാ കാര്യങ്ങളും പ്രധാനമന്ത്രിയും ചിദംബരവും അറിഞ്ഞുകൊണ്ടാണെന്നാണ് തുടക്കംമുതല്‍ രാജ പറഞ്ഞത്. കരട് വന്നശേഷവും രാജ ഇതുതന്നെ ആവര്‍ത്തിച്ചു. രാജയെ ജെപിസിക്കു മുമ്പില്‍ വിളിച്ചുവരുത്തിയാല്‍ പ്രധാനമന്ത്രിയും ചിദംബരവും കുടുങ്ങുമെന്ന് കോണ്‍ഗ്രസ് വക്താവിന് നന്നായി അറിയാവുന്നതിനാലാണ് രാജയെ വിളിക്കാതിരുന്നത്. പ്രധാനമന്ത്രിയെ വിളിക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അതിനും തയ്യാറായില്ല. ഏപ്രില്‍ 25ന് ചേരുന്ന ജെപിസി യോഗത്തില്‍ റിപ്പോര്‍ട്ട് അംഗീകരിക്കേണ്ടതുണ്ട്. ഇടതുപക്ഷ പാര്‍ടികള്‍ പ്രതിഷേധക്കുറിപ്പ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് 2010 മാര്‍ച്ചിലാണ് ജെപിസിക്ക് രൂപം നല്‍കിയത്. 30 അംഗങ്ങളാണ് ജെപിസിയില്‍ ഉള്ളത്. ജെപിസി രൂപീകരിക്കുന്ന വേളയില്‍ കമ്മിറ്റിയില്‍ യുപിഎക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ നഷ്ടമായി. തൃണമൂലിന് ഒരംഗവും ഡിഎംകെയ്ക്ക് രണ്ട് അംഗവുമാണുണ്ടായിരുന്നത്. ഇവര്‍ സര്‍ക്കാരിന് എതിരായി സമിതിയില്‍ വോട്ട് ചെയ്താല്‍ ചാക്കോയുടെ റിപ്പോര്‍ട്ട് നിരാകരിക്കപ്പെടും. നിലവില്‍ യുപിഎക്ക് 14ഉം പ്രതിപക്ഷത്തിന് 15 അംഗങ്ങളുമാണുള്ളത്. ചാക്കോ കാസ്റ്റിങ് വോട്ട് ചെയ്താലേ കരട് റിപ്പോര്‍ട്ടിന് അംഗീകാരമാകൂ.
deshabhimani 200313
No comments:
Post a Comment