Saturday, October 6, 2012

കളളപ്രചാരണങ്ങള്‍ക്ക് താക്കീത് മുണ്ടൂരില്‍ വന്‍ റാലി


സിപിഐ എമ്മിനെതിരായ കള്ളപ്രചാരണങ്ങള്‍ക്ക് ആയിരങ്ങള്‍ അണിനിരന്ന റാലിയോടെ മുണ്ടൂരിലെ ജനങ്ങള്‍ മറുപടി നല്‍കി. സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ശക്തമായ മറുപടിയായി വെള്ളിയാഴ്ച വൈകിട്ട് നടന്ന വന്‍ റാലി. വ്യാജവാര്‍ത്ത ചമച്ചും കള്ളപ്രചാരണം നടത്തിയും പാര്‍ടിപ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കി പാര്‍ടിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് റാലി തെളിയിച്ചു.

തത്സമയ സംപ്രേഷണത്തിനായി ഒരുക്കം നടത്തി രാവിലെ മുതല്‍ അണിനിരന്ന ചാനലുകളേയും പാര്‍ടിശത്രുക്കളേയും അമ്പരപ്പിക്കുന്നതായിരുന്നു മുണ്ടൂര്‍ ചുങ്കത്ത് നടന്ന പൊതുസമ്മേളനത്തിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയം. മുണ്ടൂരിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഉച്ചയോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള വന്‍ ജനാവലി പൊതുസമ്മേളന വേദിയിലേക്ക് ഒഴുകിയെത്തി. മുണ്ടൂര്‍ ചുങ്കത്ത് പ്രത്യേകം തയ്യാറാക്കിയ പന്തല്‍ പകല്‍ മൂന്നോടെ കവിഞ്ഞൊഴുകി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എത്തിയതോടെ ജനങ്ങള്‍ ഇളകിമറിഞ്ഞു. അഭിവാദ്യങ്ങളുമായി പാര്‍ടിപ്രവര്‍ത്തകരും ജനങ്ങളും പിണറായിയെ സ്വീകരിച്ചു.

പാര്‍ടിശത്രുക്കളുടെ അതിമോഹം മുണ്ടൂരില്‍ ചെലവാകില്ലെന്ന് റാലി ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു. പാര്‍ടിപ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് പിണറായിയുടെ വാക്കുകള്‍ സ്വീകരിച്ചത്. അധ്വാനിക്കുന്നവരും പാവപ്പെട്ടവരുമായ എല്ലാവിഭാഗം ജനങ്ങളുടെയും ആശയും ആവേശവുമായ പാര്‍ടിയെ ആരുവിചാരിച്ചാലും തകര്‍ക്കാനാവില്ല. ജനിച്ച നാള്‍തൊട്ട് ശത്രുവര്‍ഗത്തിന്റെ കടുത്ത ആക്രമണം ഏറ്റുവാങ്ങേണ്ടിവന്ന പ്രസ്ഥാനമാണിത്- പിണറായി പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ സുധാകരന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റംഗം എ കെ ബാലന്‍, ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ഉണ്ണി, സി ടി കൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി രാമകൃഷ്ണന്‍, ടി കെ നാരായണദാസ്, ആര്‍ ചിന്നക്കുട്ടന്‍, പി മമ്മിക്കുട്ടി, ടി എന്‍ കണ്ടമുത്തന്‍, പി കെ ശശി, എ പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു. മുണ്ടൂര്‍ ലോക്കല്‍ സെക്രട്ടറി വി ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു.

deshabhimani 061012

No comments:

Post a Comment